Tribute | സുഭാഷ് ചന്ദ്രബോസ് കാലവും ചരിത്രവും മറക്കാനാകാത്ത വ്യക്തിത്വമെന്ന് പത്മശ്രീ വി പി അപ്പുക്കുട്ടപ്പൊതുവാൾ
● ഐഎൻഎയുടെ സംഭാവനകളെ ചരിത്രം പൂർണമായി അംഗീകരിച്ചിട്ടില്ലെന്നും പറഞ്ഞു
● തൃക്കരിപ്പൂരിൽ നേതാജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി
തൃക്കരിപ്പൂർ: (KasargodVartha) കാലവും ചരിത്രവും എന്നെന്നും ഓർമിക്കപ്പെടുന്ന വ്യക്തിത്വത്തിനുടമയാണ് സുഭാഷ് ചന്ദ്ര ബോസും അദ്ദേഹത്തിൻ്റെ വ്യക്തി ജീവിതവുമെന്ന് സ്വാതന്ത്ര്യ സമര സേനാനി പത്മശ്രീ വി പി അപ്പുക്കുട്ട പൊതുവാൾ അഭിപ്രായപ്പെട്ടു.
തൃക്കരിപ്പൂർ നേതാജി പരിവാർ കൂട്ടായ്മയുടെയും ചേതക് സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ആസാദ്ഹിന്ദ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേതാജി സുഭാഷ് ചന്ദ്രബോസും ഐഎൻഎയും നടത്തിയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ചരിത്രത്തിൽ വേണ്ടത്ര പരിഗണന്ന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐഎൻഎ സമരഭടൻ തൃക്കരിപ്പൂരിലെ എൻ കുഞ്ഞിരാമൻ്റെ ഓർമ പുതുക്കാനായി അദ്ദേഹത്തിൻ്റെ മകൻ ഡോ. കെ സുധാകരൻ്റെ വീട്ടുമുറ്റത്ത് സ്ഥാപിച്ച നേതാജിയുടെ പ്രതിമയിൽ അദ്ദേഹം പുഷ്പ്പാർച്ചന നടത്തി കുടുംബാംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഡോ. കെ സുധാകരൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ചന്ദ്രൻ മുട്ടത്ത്, ഗാന്ധിയൻ കെ വി രാഘവൻ മാസ്റ്റർ, പി.വി ചന്ദ്രമോഹനൻ എന്നിവർ സംസാരിച്ചു. ടി രമേശൻ പയ്യന്നൂർ സ്വാഗതവും കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
#SubhasChandraBose #Netaji #IndianIndependence #INA #PadmaShri #Kerala #Tribute #History