Arrested | 'വിമാനത്തിൽ നിന്ന് ചാടുമെന്ന് ഭീഷണി'; ദുബൈയിൽ നിന്ന് മംഗ്ളൂറിലേക്കുള്ള യാത്രയ്ക്കിടെ നാടകീയ സംഭവങ്ങൾ; മലയാളി യാത്രക്കാരൻ അറസ്റ്റിൽ
* 'ലൈഫ് ജാകറ്റ് എടുത്ത് ജീവനക്കാർക്ക് നൽകി'
മംഗ്ളുറു: (KasaragodVartha) ദുബൈയിൽ നിന്ന് മംഗ്ളൂറിലേക്കുള്ള എയർ ഇൻഡ്യ എക്‌സ്പ്രസ് വിമാനത്തിൽ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും വിമാനത്തിൽ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌ത മലയാളി യാത്രക്കാരനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി ബി സി മുഹമ്മദ് എന്നയാളാണ് പിടിയിലായത്.
ജീവനക്കാരെയും സഹയാത്രികരെയും ആശങ്കയിലാഴ്ത്തുകയും വിമാനത്തിൽ നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് എയർ ഇൻഡ്യ എക്‌സ്‌പ്രസ് സുരക്ഷാ കോ-ഓർഡിനേറ്റർ സിദ്ധാർത്ഥ ദാസ് ബജ്‌പെ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ദുബൈയിൽ നിന്ന് വിമാനം പറന്നുയർന്നപ്പോൾ ശൗചാലയത്തിൽ പോയ പ്രതി പിന്നീട് വിമാനത്തിൽ ഇല്ലാതിരുന്ന കൃഷ്ണ എന്ന വ്യക്തിയെക്കുറിച്ച് അന്വേഷിക്കുകയും കാബിൻ ക്രൂവിനോട് മോശമായി പെരുമാറുകയും ജീവനക്കാർ അടുത്തുണ്ടായിരുന്നിട്ടും കോൾ ബെൽ അമർത്തിക്കൊണ്ടിരുന്നതായും പരാതിയിലുണ്ട്. തുടർന്ന് ലൈഫ് ജാകറ്റ് എടുത്ത് ജീവനക്കാർക്ക് നൽകുകയും ഉപയോഗിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായുമാണ് ആരോപണം.
വിമാനം മംഗ്ളൂറിൽ ലാൻഡ് ചെയ്ത ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി ബജ്‌പെ പൊലീസിന് കൈമാറുകയായിരുന്നു. ബജ്‌പെ പൊലീസ് ഐപിസി 336 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്.