Death | നഴ്സിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ് മോർടം പ്രാഥമിക നിഗമനം; രണ്ട് ഡോസ് മരുന്ന് നൽകുന്നതിന് പകരം ഒരു ഡോസ് നൽകിയതിന്റെ പേരിൽ ആശങ്കപ്പെട്ടിരുന്നതായും ശബ്ദ സന്ദേശം
* മരണത്തിന് മുമ്പ് സുഹൃത്തിന് ശബ്ദ സന്ദേശം അയച്ചിരുന്നു.
കുമ്പള: (KasargodVartha) ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് ട്രെയ്നിയായ യുവതിയുടെ മരണം തൂങ്ങിമരണമെന്ന് കോഴിക്കോട് മെഡികൽ കോളജിൽ നടത്തിയ പോസ്റ്റ് മോർടത്തിൽ പ്രാഥമിക നിഗമനം. ഇക്കാര്യം കുമ്പള പൊലീസിനെ അറിയിച്ചതായാണ് വിവരം. ബന്തിയോട് ഡി എം ആശുപത്രിയിലെ നഴ്‌സായ കൊല്ലം തെന്മല ഉരുക്കുളം സ്മൃതി ഭവനിൽ എസ് കെ സ്മൃതിയെ (20) ആണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തലേ ദിവസം യുവതിക്ക് രാത്രിയിലായിരുന്നു ജോലി. ആശുപത്രിക്ക് അടുത്തുള്ള ഒരു രോഗിക്ക് മറ്റൊരു ആശുപത്രിയിൽ നിന്ന് കുത്തിവെപ്പ് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡി എം ആശുപത്രിയിലെത്തിയ രോഗിക്ക് പാരസെറ്റമോൾ ഗുളികയും കുത്തിവെപ്പും നൽകാൻ ഡോക്ടർ സ്മൃതിയോട് നിർദേശിച്ചിരുന്നു. എന്നാൽ ഒന്ന് മാത്രമാണ് സ്മൃതി നൽകിയിരുന്നതെന്നാണ് പറയുന്നത്.
തുടർന്ന് ഡോക്ടർ സ്മൃതിയെ കുറ്റപ്പെടുത്തി സംസാരിച്ചത് വിഷമം ഉണ്ടാക്കിയതായും സൂചയുണ്ട്.
ഇതിന്റെ പേരിൽ രോഗിയുടെ ബന്ധുക്കൾ വന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്ന് പറഞ്ഞുകൊണ്ട് കൂടെയുള്ള നഴ്‌സിന് സ്മൃതി ശബ്ദ സന്ദേശം അയച്ചിരുന്നു. ആശുപത്രി അധികൃതരും കൊല്ലത്ത് നിന്ന് മാതാവ് ഷാനിയും വിളിച്ചിട്ടും ഫോൺ എടുക്കാത്തതിന് തുടർന്ന് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന നഴ്‌സുമാരും സുരക്ഷാ ജീവനക്കാരനും ചേർന്ന് വാതിൽ തകർത്ത് നോക്കിയപ്പോഴാണ് യുവതിയെ സ്റ്റീൽ കൊണ്ടുണ്ടാക്കിയ കട്ടിലിന്റെ മുകളിലത്തെ കമ്പിയിൽ ഷോൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
വീട്ടുകാരുടെ സാന്നിധ്യത്തിൽ മൃതദേഹം താഴെ ഇറക്കിയ ശേഷമാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്. യുവതിയുടെ സഹോദരിയും ബന്ധുക്കളും മരണം കൊലപാതമെന്ന സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കോഴിക്കോട് മെഡികൽ കോളജിലെക്ക് പോസ്റ്റുമോർടത്തിന് അയച്ചത്. ഡോക്ടർ കുറ്റപ്പെടുത്തി സംസാരിച്ചതിൽ എന്തെങ്കിലും അപാകതയുണ്ടോയെന്ന് പരിശോധിക്കുമെന്നാണ് കുമ്പള പൊലീസ് പറഞ്ഞത്. പോസ്റ്റുമോർടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056