Tourism | തടസങ്ങൾ മാറി; ഗേറ്റ് വേ ബേക്കൽ പഞ്ചനക്ഷത്ര റിസോർടിന് ഉദുമ ഗ്രാമപഞ്ചായതിൻ്റെ പ്രവർത്തനാനുമതി; 6 പഞ്ചനക്ഷത്ര റിസോർട് യാഥാർഥ്യമാകുന്ന മൂന്നാമത്തെ സ്ഥാപനം; ബേക്കലിന് കുതിപ്പേകും
ബേക്കൽ: (KasargodVartha) നീണ്ട 10 വർഷത്തിലധികമായുള്ള കാത്തിരിപ്പിന് ഒടുവിൽ ബേക്കൽ ടൂറിസം വികസനത്തിന് കുതിപ്പേകാൻ ബേക്കൽ പുഴയോരത്ത് മൂന്നാമത്തെ പഞ്ചനക്ഷത്ര റിസോർട് കൂടി യാഥാർത്ഥ്യമാകുന്നു. ഗ്ലോബ് ലിങ്ക് ഹോടൽസ് ആൻഡ് എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഗേറ്റ് വേ ബേക്കൽ ഉദുമ പഞ്ചായതിലെ മലാംകുന്നിൽ ഉടൻ പ്രവർത്തനമാരംഭിക്കും.
17,000 ലധികം ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമാണം പൂർത്തിയാക്കിയ റിസോർടിന്റെ നിർമാണത്തിലെ ചട്ടലംഘനം സംസ്ഥാന തലത്തിൽ ഉള്ള അദാലത് സമിതി പരിശോധിച്ച് നിർദേശിച്ച മാറ്റങ്ങൾ വരുത്തി സമർപ്പിച്ച പൂർത്തീകരണ അപേക്ഷയിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഉദുമ ഗ്രാമപഞ്ചായത് എൻജിനീയറിംഗ് വിഭാഗം യുദ്ധകാലാടിസ്ഥാനത്തിൽ ഇക്കാര്യം പരിശോധിച്ചാണ് ഉടമസ്ഥവകാശം അവദിച്ച് കൊടുത്തിരിക്കുന്നത്.
151 ഓളം മുറികളുള്ള റിസോർടാണ് സജ്ജമാമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സമയം നോക്കി അടുത്ത മാസത്തോടെ റിസോർടിന്റെ ഉദ്ഘാടനം നടത്താനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. സർകാർ നിർദേശപ്രകാരമുള്ള എല്ലാ രേഖകളുമായി ട്രേഡ് ലൈസൻസിന് അപേക്ഷിച്ച സ്ഥാപനത്തിന് അന്ന് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫീസ് ഈടാക്കി ഉദുമ ഗ്രാമപഞ്ചായത് പ്രവർത്തനാനുമതി നൽകുകയായിരുന്നു. ടൂറിസം രംഗത്ത് കുതിച്ച് ചാട്ടത്തിനൊരുങ്ങുന്ന ബേക്കലിന് ഗേറ്റ് വേ ബേക്കലിൻ്റെ പ്രവർത്തനം മുതൽക്കൂട്ടായി മാറും എന്നാണ് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.
ആറ് പഞ്ചനക്ഷത്ര റിസോർടുകൾ നിർമിക്കാനാണ് ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപറേഷൻ വിവിധ പഞ്ചായതുകളിലായി സ്ഥലം ഏറ്റെടുത്ത് ലീസിന് വിവിധ കംപനികൾക്ക് അനുവദിച്ചത്. ഇതിൽ ബേക്കൽ കാപ്പിലിലെ താജ് റിസോർട്, ഉദുമയിലെ ലളിത് റിസോർട് എന്നിവ വർഷങ്ങൾക്ക് മുമ്പ് തന്നെ യാഥാർഥ്യമായി പ്രവർത്തനം തുടങ്ങിയിരുന്നു. മൂന്നാമത്തേതാണ് ഇപ്പോൾ പ്രവർത്തനം ആരംഭിക്കുന്ന മലാംകുന്നിലെ റിസോർട്.
ചെമനാട് പഞ്ചായതിലെ ചെമ്പരിക്കയിലെയും അജാനൂർ പഞ്ചായതിലെ കൊളവയലിലെയും ചേറ്റുകുണ്ടിലെയും റിസോർടുകളാണ് ഇനി പൂർത്തിയാകേണ്ടത്. ഇതിൽ കൊളവയലിൽ റിസോർടിന്റെ നിർമാണ പ്രവർത്തനങ്ങളൊന്നും ആരംഭിച്ചിരുന്നില്ല. ഇതിപ്പോൾ ടുറിസം വിലേജ് എന്ന പദ്ധതിക്കായി ഉപയോഗിക്കാനാണ് ബിആർഡിസി തീരുമാനിച്ചിട്ടുള്ളത്.
മലാംകുന്നിലെ റിസോർട് തുടക്കത്തിൽ ജംഷഡ്പൂരിലെ ഋഷി എന്നയാളുടെ ഗ്ലോബ് ലിങ്ക് എന്ന കംപനിയാണ് ഏറ്റെടുത്തിരുന്നത്. നിർമാണം പാതിവഴിയിൽ തടസപ്പെട്ടതിനെ തുടർന്ന് ബെംഗ്ളൂരിലെ ഗോപാൽ കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന് പിന്നീട് കൈമാറുകയായിരുന്നു. ഗോപാൽ കൺസ്ട്രക്ഷൻ ശേഷം താജുമായി ധാരണാപത്രം ഉണ്ടാക്കിയാണ് ഇപ്പോൾ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. ടാറ്റ ഗ്രൂപിന്റെ ഹോസ്‌പിറ്റാലിറ്റി വിഭാഗമായ ഇൻഡ്യൻ ഹോടൽസ് കംപനി ലിമിറ്റഡ് (IHCL) എന്ന പേരിലാണ് താജ് റിസോർടുകൾ പ്രവർത്തിക്കുന്നത്.
ചെമ്പരിക്കയിൽ സി സി തമ്പി എന്നയാളുടെ കംപനിക്കാണ് റിസോർട് തുടങ്ങാൻ ആദ്യം സ്ഥലം അനുവദിച്ചത്. നാല് വർഷം കൊണ്ട് പൂർത്തിയാക്കാനായിരുന്നു ധാരണ. എന്നാൽ ധാരണ ലംഘിച്ചതിനെ തുടർന്ന് സ്ഥലം ബിആർഡിസി തിരിച്ചു പിടിക്കുകയും രാജ് റെസിഡൻസി എന്ന സ്ഥാപനത്തിന് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ നിർമാണ പ്രവർത്തനവും പാതിവഴിയിലാണ്.
കൊളവയലിൽ ജോയ്‌സ് എന്റർപ്രൈസസ് എന്ന കംപനിക്കാണ് സ്ഥലം ലീസിന് നൽകിയിരുന്നത്. അവർക്ക് നിർമാണ പ്രവർത്തനം തുടങ്ങാൻ കഴിയാത്തതിനെ തുടർന്ന് മലബാർ റിസോർടിന്റെയും ഒറിക്‌സിന്റെയും മാതൃ കംപനിയായ മോറസ് ഗ്രൂപുമായി ടൂറിസം വിലേജ് ഉണ്ടാക്കാൻ ബിആർഡിസി ധാരണാപത്രം ഉണ്ടാക്കിയിരിക്കുകയാണ്.
ചേറ്റുകുണ്ടിൽ ഗ്രീൻ ഗേറ്റ് വേ ലിഷർ ലിമിറ്റഡ് എന്ന കംപനിക്കാണ് ലീസിന് നൽകിയിരുന്നത്. ഈ കംപനിക്ക് റിസോർടിന്റെ പണി ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സ്ഥലം തിരിച്ചുപിടിക്കാനുള്ള ശ്രമം ബിആർഡിസി നടത്തിയിരുന്നുവെങ്കിലും റിസോർടിന്റെ കംപനിയുമായി ബന്ധപ്പെട്ടുള്ള കേസ് നിലനിൽക്കുന്നതിനാൽ തുടർ നടപടി സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല.
കേസ് അവസാനിച്ചാലുടൻ ഇതിന്റെ നിർമാണ പ്രവർത്തനവും പൂർത്തിയാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് അധികൃതർ ഉള്ളത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയ ശേഷമാണ് സ്ഥലം വിവിധ കംപനികൾക്ക് ബിആർഡിസി ലീസിന് നൽകിയത്.