Development | മധുവാഹിനി പുഴയുടെ ഭാഗമായുള്ള എരുതുംകടവിൽ പുതിയ അണക്കെട്ട് നിർമിക്കുന്നു; 3 വാർഡുകളിലായി നൂറുകണക്കിന് കുടുംബങ്ങൾക്കും കർഷകർക്കും പ്രയോജനപ്പെടും
● ചിലവ് 4 കോടി രൂപയായി പ്രതീക്ഷിക്കുന്നു.
● പദ്ധതി കാസർകോട് വികസന പാകേജിൽ ഉൾപ്പെടുത്തി
● അണക്കെട്ട് കർഷകർക്ക് ജലസേചന സൗകര്യം ഒരുക്കും
കാസർകോട്: (KasargodVartha) മധുവാഹിനി പുഴയുടെ ഭാഗമായുള്ള എരുതുംകടവിൽ പുതിയ അണക്കെട്ട് നിർമിക്കുന്നു. ചെങ്കള പഞ്ചായതിലെ ഒന്ന്, 10, 23, മൂന്ന് വാർഡുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്കും കർഷകർക്കും പ്രയോജനപ്പെടുന്ന ചെക് ഡാം കൃഷിക്കും ശുദ്ധജല ലഭ്യതയ്ക്കും സാധിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്. പദ്ധതി കാസർകോട് വികസന പാകേജിൽ ഉൾപ്പെടുത്തിയതായി എൻ എ നെല്ലിക്കുന്ന് എംഎൽഎ കാസർകോട് വാർത്തയോട് പറഞ്ഞു.
15 വർഷം മുമ്പ് എരുതുംകടവിൽ ചെക് ഡാം ഉണ്ടായിരുന്നു എന്നാൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് ചെക് ഡാം ഒഴിവാക്കുകയായിരുന്നു. പദ്ധതിക്ക് നാല് കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെക് ഡാമിനുള്ള സാധ്യത പഠനം നടത്താൻ മൈനർ ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തിട്ടുണ്ട്. സാധ്യത പഠനം കഴിഞ്ഞാൽ മാത്രമേ എസ്റ്റിമേറ്റിലേക്കും ടെൻഡറിലേക്കും നടപടി നീങ്ങുകയുള്ളൂ.
ചെക് ഡാം യാഥാർഥ്യമായാൽ ഈ പ്രദേശത്തെ നെൽ കർഷകർക്കും അടക്ക കർഷകർക്കും തെങ്ങ് കർഷകർക്കും വിളവ് ഇരട്ടിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണക്കെട്ട് ഇല്ലാത്തതുമൂലം കാർഷിക വിളകർക്ക് ജലസേചന സൗകര്യമില്ല. മഴ അവസാനിച്ച മാസങ്ങൾക്കുള്ളിൽ തന്നെ നാട് വരണ്ടു തുടങ്ങുന്നു. കിണറുകളിൽ കൂടി വെള്ളം ലഭ്യമല്ലാത്ത അവസ്ഥയാണുണ്ടാകുന്നത്. ഇതിന് പ്രതിവിധിയെന്ന നിലയിലാണ് ചെക് ഡാം നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
മധുവാഹിനി പുഴയിൽ എരുതും കടവ് പാലത്തിന് സമീപമാണ് അണക്കെട്ട് സ്ഥാപിക്കുക. നിർമാണത്തിന്റെ ഭാഗമായി പ്രദേശത്തെ കർഷക, പാടശേഖര കമിറ്റികൾ, ജനപ്രതിനിധികൾ എന്നിവർ അടക്കമുള്ള ഉപഭോക്താക്കളെ ഉൾപ്പെടുത്തി ഗുണഭോക്തൃ കമിറ്റി കഴിഞ്ഞ ദിവസം രൂപവത്കരിച്ചു. യോഗത്തിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ മുഖ്യാതിഥിയായിരുന്നു. കാസർകോട് ബ്ലോക് പഞ്ചായത് പ്രസിഡണ്ട് സി എ സൈമ അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത് പ്രസിഡണ്ട് ഖാദർ ബദരിയ സ്വാഗതവും സലീം എംപി നന്ദിയും പറഞ്ഞു.
കാസർകോട് മൈനർ ഇറിഗേഷൻ വിഭാഗം അസിസ്റ്റൻറ് എക്സിക്യൂടീവ് എൻജിനീയർ നിവ്യ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. ജില്ലാ പഞ്ചായത് അംഗം ജാസ്മിൻ കബീർ, വാർഡ് മെമ്പർമാരായ ഫാത്വിമത് ശറഫു ശൗഖത്, ബശീർ നാൽത്തടുക്ക, ജലീൽ എരുതുംകടവ്, അബു മുബാറക്, മജീദ് പാറക്കത്തൊട്ടി, ഇർഫാൻ എരുതുംകടവ്, പാടശേഖരം കമിറ്റിയംഗം ബി നാരായണൻ, സ്കൂൾ ഹെഡ്മിസ്ട്രസ് റീന തുടങ്ങിയവർ സംബന്ധിച്ചു.
#Kerala #Kasaragod #dam #irrigation #agriculture #development #ChengalaPanchayat #Madhuvahiniriver