Search | റിയാസിനുള്ള തിരച്ചിലിനായി നാവികസേനയുടെ സഹായം തേടി; സ്കൂബ ഡൈവിംഗ് സംഘം വ്യാഴാഴ്ച രാവിലെയെത്തും; ശ്രമം വിഫലമായതോടെ ഈശ്വർ മൽപെ മടങ്ങി
വ്യാഴാഴ്ച കീഴൂർ മുതൽ തലശേരി വരെയും തലശേരി മുതൽ കീഴൂർ വരെയും രണ്ട് കപ്പലുകൾ തിരച്ചിൽ നടത്തും.
മേൽപറമ്പ്: (kasargodVartha) കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായ ചെമ്മനാട് കല്ലുവളപ്പ് സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് റിയാസിനെ (36) കണ്ടെത്താനുള്ള തിരച്ചിലിന് നാവിക സേനയുടെ സഹായം തേടി. നാവിക സേനയുടെ സ്കൂബ ഡൈവിംഗ് സംഘം വ്യാഴാഴ്ച രാവിലെ കാസർകോട്ട് എത്തുമെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. അഞ്ച് ദിവസമായി റവന്യൂ വകുപ്പും പൊലീസും ഫയർഫോഴ്സും കോസ്റ്റൽ പൊലീസും ഫിഷറീസ് വകുപ്പും നാട്ടുകാരും ശക്തമായ മഴയെയും അടിയോഴുക്കിനെയും അവഗണിച്ച് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കോസ്റ്റ് ഗാർഡ് ഡോർണിയർ വിമാനം ഉപയോഗിച്ചും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് നാവികസേനയുടെ സഹായം തേടിയത്. വ്യാഴാഴ്ച കീഴൂർ മുതൽ തലശേരി വരെയും തലശേരി മുതൽ കീഴൂർ വരെയും രണ്ട് കപ്പലുകൾ തിരച്ചിൽ നടത്തും.
നേരത്തെ, മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ റിയാസിനെ കണ്ടെത്താനായി സ്ഥലത്തെത്തി കടലിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ശ്രമവും വിഫലമായിരുന്നു. ബുധനാഴ്ച രാവിലെ മുതൽ മൂന്ന് മണിക്കൂറോളമാണ് അദ്ദേഹം തിരച്ചിൽ നടത്തിയത്. അടിത്തട്ടിലെ ശക്തമായ അടിയൊഴുക്ക് തിരച്ചിലിനെ ബാധിച്ചു. തിരച്ചിൽ മതിയാക്കി പിന്നീട് അദ്ദേഹം മടങ്ങി.
ഇതിനിടെ മഞ്ചേശ്വരത്ത് ഒരു മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് റിയാസിന്റെ ബന്ധുക്കൾ അവിടെ എത്തി പരിശോധിച്ചിരുന്നു. എന്നാൽ, കണ്ടെത്തിയ മൃതദേഹം റിയാസിന്റേതല്ലെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്കും ഒമ്പത് മണിക്കും ഇടയിലാണ് റിയാസിനെ കാണാതായത്. റിയാസിനെ കാണാതായി അഞ്ച് നാൾ പിന്നിട്ടിട്ടും കണ്ടെത്തുന്നതിനായി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടികൾ ഉണ്ടാവാത്തത് നാട്ടുകാരിൽ നിന്ന് രൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
റിയാസിനെ കണ്ടെത്തുന്നതിൽ ഭരണകൂടം വേണ്ടത്ര താത്പര്യം കാണിച്ചില്ലെന്നായിരുന്നു പരാതി. പ്രദേശവാസികളും റിയാസിന്റെ ബന്ധുക്കളും കലക്ടർ അടക്കമുള്ളവരുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരികയും ചെയ്‌തു. നാട്ടുകാർ പ്രതിഷേധവും ഇടപെടലും ശക്തമാക്കിയതിന് പിന്നാലെയാണ് നാവിക സേനയുടെ സഹായം അടക്കം തേടിയുള്ള തിരച്ചിലിലേക്ക് ഭരണകൂടം കടന്നത്.