Mystery | കടലിലൂടെ ഒഴുകിവന്ന ചൈനീസ് ടാങ്ക് വലയിൽ കുടുങ്ങി; പരിഭ്രാന്തി പരത്തി; ബോംബ് സ്‌ക്വാഡ് കുതിച്ചെത്തി
* കപ്പലിൽ നിന്ന് വീണതായിരിക്കാമെന്നും സംശയിക്കുന്നു
കാസർകോട്: (KasargodVartha) കടലിലൂടെ ഒഴുകിവന്ന ചൈനീസ് ടാങ്ക് മീൻ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയതിനെ തുടർന്ന് കരക്കെത്തിച്ചു. മീൻ തൊഴിലാളികൾ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കുതിച്ചെത്തിയ ബോംബ് സ്‌ക്വാഡ് ടാങ്ക് പരിശോധിച്ച് അപകട സാധ്യത ഇല്ലെന്നും അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് കാസർകോട് കടപ്പുറത്ത് നിന്നും തോണിയിൽ മീൻ പിടിക്കാൻ പോയവരുടെ വലയിൽ ഇളം നീല നിറത്തിലുള്ള ടാങ്ക് കുടുങ്ങിയത്. മീൻ തൊഴിലാളികൾ പരിഭ്രാന്തരായതോടെയാണ് വിവരം പൊലീസിൽ അറിയിച്ചത്
വലിയ റെഫ്രിജറേറ്ററിൽ ഉപയോഗിക്കുന്ന ടാങ്ക് ആണ് ഇതെന്ന് സംശയിക്കുന്നതായും 20 ലിറ്ററിൽ താഴെ കൊള്ളുന്ന ഈ ടാങ്കിൽ ചൈനീസ് പേരുകൾ എഴുതിയതാണ് പരിഭ്രാന്തിക്ക് ഇടയാക്കിയതെന്നും കാസർകോട് ഇൻസ്‌പെക്ടർ നളിനാക്ഷൻ കാസർകോട് വാർത്തയോട് പറഞ്ഞു.
കപ്പലിൽ നിന്നോ മറ്റോ വീണതായിരിക്കാം ഇവയെന്നും സംശയിക്കുന്നു. ഈ ടാങ്ക് ഇപ്പോൾ പൊലീസ് സ്റ്റേഷന് മുമ്പിൽ സൂക്ഷിച്ചിരിക്കുകയാണ്.