Memories | 'അന്ന് കഴിച്ച ഭക്ഷണത്തിന്റെ രുചി ഇപ്പോഴും മനസ്സിൽ', കാസർകോടുമായുള്ള പഴയൊരു ഹൃദയബന്ധം തുറന്നുപറഞ്ഞ് എം വി ഗോവിന്ദൻ മാസ്റ്റർ
* എൻപതുകളിൽ ഉദുമ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ പി രാഘവന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച എം വി ഗോവിന്ദൻ, അന്ന് ബേഡകം പഞ്ചായതിന്റെ ചുമതല തനിക്കായിരുന്നുവെന്നും പറഞ്ഞു.
കാസർകോട്: (KasargodVartha) നഗരസഭാ കോൺഫറൻസ് ഹോളിൽ നടന്ന പി രാഘവൻ ട്രസ്‌റ്റിന്റെ ഉദ്‌ഘാടന ചടങ്ങിൽ കാസർകോടുമായുള്ള പഴയൊരു ഹൃദയബന്ധം തുറന്നുപറഞ്ഞ് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദൻ മാസ്റ്റർ. ജില്ലയിലെ സഹകരണമേഖലയിൽ കൈയൊപ്പ് ചാർത്തിയ പ്രമുഖ സിപിഎം നേതാവ് പരേതനായ പി രാഘവനുമായുള്ള അടുപ്പം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിൽനിന്നും ഏരിയാ സെക്രടറിയുടെ ചുമതല ഏറ്റെടുത്ത് കാസർകോട് വന്നപ്പോൾ തനിക്ക് എല്ലാവിധ പിന്തുണയും സ്‌നേഹവും നൽകിയത് പി രാഘവനാണെന്ന് എം വി ഗോവിന്ദൻ അനുസ്‌മരിച്ചു. എൻപതുകളിൽ ഉദുമ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ പി രാഘവന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച എം വി ഗോവിന്ദൻ, അന്ന് ബേഡകം പഞ്ചായതിന്റെ ചുമതല തനിക്കായിരുന്നുവെന്നും പറഞ്ഞു.
പി രാഘവന്റെ വീട്ടിൽ ദിവസങ്ങളോളം താമസിച്ചുകൊണ്ടാണ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. തനിക്ക് എല്ലാത്തരത്തിലുമുള്ള പിന്തുണ തന്ന് വീട്ടുകാരനെ പോലെ സ്‌നേഹിച്ച നേതാവാണ് പി രാഘവൻ. അന്ന് കഴിച്ച ഭക്ഷണത്തിന്റെ രുചി ഇപ്പോഴും മനസ്സിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിൽ പി രാഘവൻ നടത്തിയ പ്രവർത്തനങ്ങളെയും എം വി ഗോവിന്ദൻ പ്രശംസിച്ചു.
മുന്നാട് പീപിൾസ് സഹകരണ കോളജ് തുടങ്ങിയപ്പോൾ തളിപ്പറമ്പിലും മറ്റും സമാനമായ കോളജുകൾ തുടങ്ങാൻ അത് പ്രചോദനമായി. എംഎൽഎ ആയിരുന്ന കാലത്ത് താനും പി രാഘവനും അടുത്തടുത്ത മുറികളിലായിരുന്നു താമസിച്ചിരുന്നതെന്നും അദ്ദേഹം ഓർമിച്ചു.
പി രാഘവൻ എന്ന സമർപ്പണമനോഭാവിയായ നേതാവിന്റെ ജീവിതകഥ പറയുന്ന 'കനലെരിയും ഓർമകൾ' ആത്മകഥ ചടങ്ങിൽ മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പ്രകാശനം ചെയ്‌തു. ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി വി കെ പനയാൽ പുസ്തകം ഏറ്റുവാങ്ങി. ട്രസ്റ്റ് ചെയർമാൻ എ മാധവൻ അധ്യക്ഷനായി.
പി രാഘവന്റെ ജീവിതത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററി സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്‌ണൻ പുറത്തിറക്കി. എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരൻ, അഡ്വ. സി എച് കുഞ്ഞമ്പു, എം രാജഗോപാലൻ, നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം, പി രാഘവന്റെ ഭാര്യ കമല, ഡോ. സി ബാലൻ, സണ്ണി ജോസഫ്, ടി ജാനകി എന്നിവർ സംസാരിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ അഡ്വ. എ ജി നായർ സ്വാഗതവും സെക്രടറി പി രാഘവൻ നന്ദിയും പറഞ്ഞു.
#MVGovindan #Kasaragod #CPI_M #KeralaPolitics #Autobiography #P_Raghavan