Fundraising | വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസത്തിനായി മുസ്ലിം ലീഗിന്റെ ധനസമാഹരണം കാസർകോട്ടും ഊർജിതം
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രത്യേകം സജ്ജമാക്കിയ മൊബൈൽ ആപ്ലിക്കേഷൻ വഴി ഓൺലൈനായി ഫണ്ട് ശേഖരിക്കുന്ന ഈ പദ്ധതിയിൽ ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളും പങ്കാളിയാകുന്നുണ്ട്
കാസർകോട്: (KasargodVartha) വയനാട് ഉരുൾപൊട്ടലിൽ സകലതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനും ചേർത്തുപിടിക്കുന്നതിനുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്ത ധനസമാഹരണ പദ്ധതി ജില്ലയിൽ ഊർജിതമായി നടക്കുന്നു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രത്യേകം സജ്ജമാക്കിയ മൊബൈൽ ആപ്ലിക്കേഷൻ വഴി ഓൺലൈനായി ഫണ്ട് ശേഖരിക്കുന്ന ഈ പദ്ധതിയിൽ ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളും പങ്കാളിയാകുന്നുണ്ട്. നിയോജക മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ, വാർഡ് തലങ്ങളിൽ നേതാക്കളും ജനപ്രതിനിധികളും പ്രവർത്തകരും ധനസമാഹരണത്തിന് നേതൃത്വം നൽകുന്നു.
ഓഗസ്റ്റ് 15 വരെയാണ് ഈ ധനസമാഹരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ദുരിതാശ്വാസ നിധിയായതിനാൽ അടിയന്തിര സഹായം ആവശ്യമായത് കൊണ്ടാണ് ഈ കാലപരിമിതി നിശ്ചയിച്ചിരിക്കുന്നത്. മുഴുവൻ നേതാക്കളും ഈ ധനസമാഹരണ പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന്
ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയും ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്‌മാനും അഭ്യർത്ഥിച്ചു.