Criticism | 'പാണക്കാട് സ്വാദിഖലി തങ്ങൾക്കെതിരെ മുക്കം ഫൈസി നടത്തിയത് വിലകുറഞ്ഞ പ്രസ്താവന'; അതേരീതിയിൽ പ്രതികരിക്കുമെന്ന് പിഎംഎം സലാം; സമസ്‌ത നടപടി സ്വീകരിക്കണമെന്നും നിലക്ക് നിർത്തണമെന്നും ആവശ്യം

● 'ഇത്തരം ഞാഞ്ഞൂലുകൾ തിരഞ്ഞെടുപ്പ് സമയത്ത് തലപൊക്കും'
● 'സ്വാദിഖലി തങ്ങൾക്കെതിരെ കുതിര കയറാൻ ശ്രമിക്കുകയുമാണ്'
● 'തങ്ങളെ അപമാനിച്ചാൽ നോക്കിയിരിക്കില്ല'
കാസർകോട്: (KasargodVartha) മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും വിവിധ മഹല്ലുകളുടെ ഖാസിയുമായ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമസ്‌ത സെക്രടറി ഉമർ ഫൈസി മുക്കം നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജെനറൽ സെക്രടറി അഡ്വ. പിഎംഎ സലാം രംഗത്തുവന്നു. സ്വാദിഖലി ശിഹാബ് തങ്ങൾക്ക് ഖാസിയാകാൻ യോഗ്യതയില്ലെന്നും ഇസ്ലാമിക നിയമങ്ങൾ പാലിക്കാത്ത പലരും ഖാസിമാരാകുന്നുവെന്നുമുള്ള വിമർശനമാണ് ഉമർ ഫൈസി മുക്കം നടത്തിയത്. ഇതിനെതിരെയാണ് സലാം കാസർകോട്ട് പൊട്ടിത്തെറിച്ച് കൊണ്ട് പ്രതികരിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം ലീഗിനെയും യുഡിഎഫിനെയും തോൽപിക്കാൻ രംഗത്തുവന്നവർ വൻ വിജയം കണ്ട് പിന്നീട് മാളത്തിൽ ഒളിക്കുകയായിരുന്നു. എന്നാലിപ്പോൾ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് വീണ്ടും ഇത്തരം വിവാദ പ്രസ്താവനയുമായി അവർ രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരം ഞാഞ്ഞൂലുകൾ തിരഞ്ഞെടുപ്പ് സമയത്ത് തലപൊക്കുകയും സ്വാദിഖലി തങ്ങൾക്കെതിരെ കുതിര കയറാൻ ശ്രമിക്കുകയുമാണ്. ഇതിനെതിരെ ലീഗ് നേതൃത്വവും ലീഗ് പ്രവർത്തകരും ശക്തമായി തന്നെ പ്രതികരിക്കുമെന്ന് സലാം കൂട്ടിച്ചേർത്തു.
സിപിഎമിനും ഇടത് മുന്നണിക്കും വേണ്ടിയാണ് ഇത്തരം ഞാഞ്ഞൂലുകൾ അപക്വമായ പ്രസ്താവനകൾ നടത്തുന്നത്. രാഷ്ട്രീയ എതിരാളികൾ പോലും ബഹുമാനിക്കുന്ന സ്വാദിഖലി തങ്ങളെ അപമാനിച്ചാൽ നോക്കിയിരിക്കില്ലെന്നും സലാം മുന്നറിയിപ്പ് നൽകി. മുക്കം ഫൈസിക്ക് ഇടത് സർകാർ ഏതോ സ്ഥാനത്ത് അധികാരത്തിന്റെ അപ്പക്കഷ്ണം നൽകിയതിന്റെ പ്രത്യുപകാരമാണ് കാണിക്കുന്നതെന്നും സലാം ആരോപിച്ചു.
കേരളത്തിൽ അങ്ങോളമിങ്ങോളവും, പ്രത്യേകിച്ച് മലബാർ മേഖലയിലും നിരവധി മഹല്ലുകൾ ഖാസിയായി തീരുമാനിക്കുന്നത് സ്വാദിഖലി തങ്ങളെയാണ്. ഇതിൽ അസൂയ പൂണ്ടാണ് മുക്കം ഫൈസി അപകീർത്തിപ്പെടുത്താൻ നോക്കുന്നത്. ജനങ്ങളുമായി ബന്ധമുള്ളവരെ ഖാസിമാരായി നിയമിക്കുന്നത് സ്വാഭാവികമാണ്. ജനങ്ങളുമായി ബന്ധമില്ലാത്തവർക്ക് ഇത് കിട്ടാത്തതിൽ ജാള്യത ഉണ്ടാകുമെന്നും സലാം കൂട്ടിച്ചേർത്തു. മുക്കം ഫൈസിക്കെതിരെ വൈകാരികമായി തന്നെ പ്രതികരിക്കുമെന്നും സമസ്‌ത ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സലാം ആവശ്യപ്പെടുന്നത്.
തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന്റെ തലവനായ മുഖ്യമന്ത്രിയും പൊലീസും സ്വീകരിക്കുനന്ത് രണ്ട് നിലപാടാണ്. പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുബോൾ പൂരം കലക്കിയതിന് പൊലീസ് കേസെടുത്തിരിക്കുകയാണ്. ആര് പറയുന്നതാണ് വിശ്വസിക്കേണ്ടതെന്ന് സലാം ചോദിച്ചു. എഡിജിപി ആയിരുന്ന എം ആർ അജിത് കുമാർ നൽകിയ റിപോർടിന്റെ അടിസ്ഥാനത്തിൽ മൂന്ന് അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. കേസ് അന്വേഷിക്കാൻ എസ്ഐടിയെ ചുമതലപ്പെടുത്തിയ കാര്യവും സലാം ചൂണ്ടിക്കാട്ടി.
അന്വേഷണം ഒരു വഴിക്ക് നടക്കുമ്പോൾ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് സംഭവം അന്വേഷിക്കുന്ന കീഴുദ്യോഗസ്ഥർക്കുള്ള സൂചനയാണെന്നും പൂരം കലങ്ങിയിട്ടില്ലെന്ന തരത്തിലാണ് ഉദ്യോഗസ്ഥർ റിപോർട് തയ്യറാക്കേണ്ടതെന്ന വ്യക്തമായ സൂചനയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നൽകുന്നതെന്നും സലാം കുറ്റപ്പെടുത്തി.
#KeralaPolitics #MuslimLeague #Samastha #Panakkad #controversy #allegations