Lesson | പരസ്യ ബോർഡ് തകർന്നുവീണ് 14 പേർ മരിച്ച മുംബൈയിലെ അപകടം കാസർകോടിന് നൽകുന്നത് വലിയ പാഠം; നഗരത്തിൽ സമാന സംഭവമുണ്ടായത് മണിക്കൂറുകൾക്ക് മുമ്പ്; അപകടം പതിയിരിക്കുന്നു!
* ശക്തമായ കാറ്റിലോ മഴയിലോ വീഴാൻ സാധ്യതയുള്ള ഈ ബോർഡുകൾ ജനജീവിതത്തിന് ഭീഷണിയാണ്
കാസർകോട്: (KasargodVartha) തിങ്കളാഴ്ചയുണ്ടായ മഴയിലും പൊടിക്കാറ്റിലും മുംബൈയിലെ ഘാട്‌കോപ്പറിൽ കൂറ്റന്‍ പരസ്യബോര്‍ഡ് പെട്രോള്‍ പമ്പിന് മുകളിലേക്ക് മറിഞ്ഞുവീണുണ്ടായ അപകടം കാസർകോടിന് നൽകുന്നത് വലിയ പാഠം. മുംബൈയിലുണ്ടായ ദുരന്തത്തിൽ 14 പേർക്കാണ് ജീവൻ നഷ്ടമായത്. 70ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. 78 പേരെ രക്ഷപ്പെടുത്തി.
ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് വേയിലെ പൊലീസ് ഗ്രൗണ്ട് പെട്രോള്‍ പമ്പിലേക്കാണ് 100 അടി നീളവും 250 ടൺ ഭാരവുമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് മറിഞ്ഞുവീണത്. ഇതിന്റെ ഇരുമ്പ് കാലുകള്‍ പെട്രോള്‍ പമ്പില്‍ ഉണ്ടായിരുന്ന കാറുകള്‍ അടക്കമുള്ളവയിലേക്ക് തുളച്ചുകയറി. ഈ അപകടത്തിന് മണിക്കൂറുകൾക്ക് മുമ്പ് കാസർകോട് നഗരത്തിലും സമാന സംഭവമുണ്ടായിരുന്നു.
ഞായറാഴ്ച വൈകുന്നേരം കാസർകോട് നഗരത്തിൽ മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റിൽ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ബസുകൾ പ്രവേശിക്കുന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന കൂറ്റൻ ഫ്‌ലക്‌സ് ബോർഡാണ് പൊട്ടിവീണത്. അവധി ദിനമായത് കൊണ്ട് ആളുകൾ കുറവായതിനാൽ വലിയ ദുരന്തമാണ് തല നാരിഴക്ക് ഒഴിവായത്. താഴെ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തിയിരുന്നു.
ഫ്‌ലക്‌സ് ബോർഡിന് ബലം നൽകിയിരുന്ന ഇരുമ്പ് കമ്പികളും കോൺക്രീറ്റ് ഭാഗങ്ങളുമടക്കമുള്ളവയും താഴേക്ക് പതിച്ചു. നിരവധി പേർ ദിവസേന കടന്നുപോകുന്ന വഴിയാണിത്. രാത്രി കാലങ്ങളിൽ അനേകം പേർ ബസ് കാത്തുനിൽക്കുന്നതും ഇവിടെയാണ്. കൂടാതെ അന്യസംസ്ഥാന തൊഴിലാളികൾ അടക്കം ഇതിനിടയിൽ വിശ്രമിക്കാറുമുണ്ട്. ഇത്രയും പ്രധാന്യമേറിയ സ്ഥലത്താണ് ചെറിയൊരു കാറ്റിൽ പരസ്യബോർഡ് തകർന്ന് വീണത് എന്നതുകൊണ്ട് തന്നെ സുരക്ഷാ ആശങ്ക ഉയർത്തുന്നുണ്ട്.
നഗരത്തിൽ പലയിടത്തും ഇത്തരം പരസ്യ ബോർഡുകളും സ്ഥാപനങ്ങളുടെ ബോർഡുകളും വലിയ അപകടസാധ്യത ഉയർത്തുന്നു. ശക്തമായ കാറ്റിലോ മഴയിലോ വീഴാൻ സാധ്യതയുള്ള ഈ ബോർഡുകൾ ജനജീവിതത്തിന് ഭീഷണിയാണ്. ഇരുമ്പുകമ്പികൾ അടക്കം ദ്രവിച്ച് ഏത് നിമിഷവും നിലംപതിക്കാറായ പരസ്യബോർഡുകളും നഗരത്തിൽ കാണാവുന്നതാണ്. മിക്കവയിലും ഉരുപയോഗിക്കുന്നത് കനം കുറഞ്ഞ ഇരുമ്പാണ്. ഇതുമൂലം ചെറിയൊരു കാറ്റിലും മഴയിലും വരെ പരസ്യ ബോർഡുകൾ എളുപ്പത്തിൽ മറിഞ്ഞുവീഴാൻ സാധ്യതയുണ്ട്.
പലപ്പോഴും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത്. ബോർഡുകൾ കാലാവധിക്ക് അനുസരിച്ച് ഏജൻസികൾ മാറ്റാറുണ്ടെങ്കിലും വർഷങ്ങൾ പഴക്കമുള്ള, ദ്രവിച്ചുപോയ ഇരുമ്പ് തൂണിലാണ് പുതിയ ബോർഡുകൾ വീണ്ടും വീണ്ടും വെക്കുന്നത്. ഇതോടൊപ്പം തന്നെ കരാർ കാലാവധി അവസാനിച്ചെങ്കിലും മാറ്റാത്ത ബോർഡുകളുമുണ്ട്. പല വ്യാപാര സ്ഥാപനങ്ങളുടെ ഫ്‌ലക്‌സ് ബോർഡുകളും വർഷങ്ങൾ പഴക്കമുള്ളവയാണ്.
വലിയ ദുരന്തമുണ്ടായാൽ മാത്രമേ അധികൃതർ ഉണരുന്നുള്ളുവെന്നാണ് ജനങ്ങളുടെ പരാതി. പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള കർശനമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും, പലപ്പോഴും അവ ലംഘിക്കപ്പെടുന്നു. നിയമങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കണം, അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കണം, സർകാർ, നഗരസഭ, പരസ്യ കമ്പനികൾ എന്നിവ ചേർന്ന് സംയുക്തമായ പരിശോധനകൾ നടത്തണം എന്നീ ആവശ്യങ്ങളും ജനങ്ങൾ ഉയർത്തുന്നു.