Criticism | ദേശീയപാത: 'പ്രധാനപാത പൂർത്തിയായി സർവീസ് റോഡ് പണി തുടങ്ങിയത് ജനജീവിതം ദുസ്സഹമാക്കി'; എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ രൂക്ഷ വിമർശനം
● ദേശീയപാത നിർമ്മാണം ജനജീവിതത്തെ ദുസ്സഹമാക്കുന്നതായി എംഎൽഎ
● സർവീസ് റോഡ് നിർമ്മാണത്തിൽ വീഴ്ചകൾ ഉണ്ടായതായി ചൂണ്ടിക്കാട്ടി.
● അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു.
കാസർകോട്: (KasargodVartha) ജില്ലയിലെ തലപ്പാടി മുതൽ ചെങ്കള വരെയും ചെങ്കള മുതൽ നീലേശ്വരം വരെയുമുള്ള ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ ജനജീവിതത്തെ ദുസ്സഹമാക്കുന്നതായി എൻ എ നെല്ലിക്കുന്ന് എംഎൽഎ ആരോപിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ഉണ്ടായ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫ്ലൈ ഓവറുകൾക്ക് താഴെയുള്ള സർവീസ് റോഡുകളിൽ ആവശ്യമായ ക്ലിയറൻസ്, കടകളിലേക്കുള്ള സുഗമമായ പ്രവേശനം, വെള്ളക്കെട്ട് തടയുന്നതിനുള്ള ഡ്രൈനേജ് സംവിധാനം, റീട്ടെയിനിംഗ് വാൾ, സർവീസ് റോഡ്, സൈഡ് പ്രൊട്ടക്ഷൻ എന്നിവയാണ് ജനങ്ങൾ പ്രധാനമായും ആശങ്കപ്പെടുന്ന വിഷയങ്ങൾ.
ഈ ആശങ്കകൾ ദൂരീകരിക്കുന്നതിന് ആവശ്യമായ ടെക്നിക്കൽ ഡോക്യുമെന്റുകൾ നൽകണമെന്ന് എംഎൽഎ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജിയണൽ മാനേജർക്കും പ്രോജക്ട് ഡയറക്ടർക്കും അയച്ച കത്തിൽ വ്യക്തമാക്കി. ഇതിൽ മുഴുവൻ സ്‌ട്രെച്ചിന്റെയും പ്ലാനും പ്രൊഫൈലും, ടെക്നിക്കൽ ഷെഡ്യൂൾ, ഫ്ലൈ ഓവറുകളുടെ വിശദമായ ഡ്രോയിംഗ്, പ്രോജക്ട് ഏരിയക്ക് ബാധകമായ ടി.സി.എസ്, ഡ്രൈനേജ് ഡ്രോയിംഗ്സ് എന്നിവ ഉൾപ്പെടുന്നു.
പ്രധാന പാത നിർമ്മാണം പൂർത്തിയായ ശേഷം മാത്രം സർവീസ് റോഡിന്റെ പ്രവൃത്തി തുടങ്ങിയത് ജനജീവിതത്തെ ദുസ്സഹമാക്കിയെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. സർവീസ് റോഡുകൾ ആദ്യം പണിയുകയായിരുന്നു ശരിയായ രീതിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ഇതാണ് ഉചിതം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാസർകോട് ഇത് പാലിച്ചില്ലെന്നും സർവീസ് റോഡിനേക്കാളും പ്രധാനപാതക്ക് മുൻഗണന കൊടുത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സോസൈറ്റിക്കും മേഘ എഞ്ചിനീയറിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനും കത്ത് നൽകിയിട്ടുണ്ട്.
#NationalHighway #Kasaragod #Infrastructure #ServiceRoad #MLA #PublicConcerns