Search | പൊന്നാനി മുതൽ ബേപ്പൂർ വരെ തിരച്ചിൽ നടത്തിയിട്ടും റിയാസിനെ കണ്ടെത്താനായില്ല; കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഒരു വിവരവുമില്ല
വ്യാഴാഴ്ച പയ്യോളിയിൽ നിന്നും മീൻ പിടിക്കാൻ പോയ തൊഴിലാളികൾ പുറംകടലിൽ ഒരു മൃതദേഹം കണ്ടുവെന്ന വിവരത്തെ തുടർന്നാണ് തിരച്ചിലിന് ഈ ഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്
കാസർകോട്: (KasragodVartha) കീഴൂർ ഹാർബറിൽ ചൂണ്ടയിടുന്നതിനിടയിൽ കാണാതായ ചെമ്മനാട് കല്ലുവളപ്പ് സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് റിയാസിനെ (37) കണ്ടെത്താനുള്ള തിരച്ചിൽ ശനിയാഴ്ചയും വിഫലമായി. പൊന്നാനി മുതൽ ബേപ്പൂർ വരെയുള്ള വിശാലമായ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ റിയാസിനെ കുറിച്ചുള്ള ഒരു സൂചനപോലും ലഭിച്ചില്ല. വ്യാഴാഴ്ച പയ്യോളിയിൽ നിന്നും മീൻ പിടിക്കാൻ പോയ തൊഴിലാളികൾ പുറംകടലിൽ ഒരു മൃതദേഹം കണ്ടുവെന്ന വിവരത്തെ തുടർന്നാണ് തിരച്ചിലിന് ഈ ഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
വിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യോളി മുതൽ ബേപ്പൂർ വരെ മറൈൻ വകുപ്പിന്റെ ബോടിൽ പുറം കടലിൽ വെള്ളിയാഴ്ച തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താൻ കഴിയാതിരുന്നതിനാൽ ശനിയാഴ്ച പൊന്നാനി മുതൽ ബേപ്പൂർ വരെ പരിശോധിക്കണമെന്ന ആവശ്യം ബന്ധുക്കളും പൊതുപ്രവർത്തകരും ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് ശനിയാഴ്ച താനൂരിൽ നിന്നും പൊന്നാനിയിൽ നിന്നും മറൈൻ വകുപ്പിന്റെ ബോട് എത്തി മുഴുവൻ ഭാഗങ്ങളും തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലമെന്ന് കാസർകോട് ബ്ലോക് പഞ്ചായത് അംഗം ബദ്‌റുൽ മുനീർ കാസർകോട് വാർത്തയോട് പറഞ്ഞു.
മൃതദേഹത്തിൽ പാന്റും കുപ്പായവും ഉണ്ടായിരുന്നു എന്ന് മീൻപിടുത്ത തൊഴിലാളികൾ അറിയിച്ചിരുന്നു. ഇതാണ് സംശയം ബലപ്പെടുത്തിയത്. റിയാസ് ധരിച്ചിരുന്ന വസ്ത്രങ്ങളുമായി ഇത് യോജിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ അഭിപ്രായം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് 21 നോടികൽ മൈൽ അകലെ പുറംകടലിൽ മൃതദേഹം കണ്ടതെന്ന് മീൻപിടുത്ത തൊഴിലാളികൾ പറഞ്ഞു.
മൃതദേഹം വലിച്ചെടുക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. പുറംകടലിലായതിനാൽ ഉടൻ തന്നെ അധികൃതർക്ക് വിവരം കൈമാറാനും ഇവർക്കായില്ല. മീൻപിടുത്തം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് തൊഴിലാളികൾ ബന്ധപ്പെട്ടവർക്ക് വിവരം നൽകിയത്. എന്നാൽ കടലിൽ ഒഴുക്കിന്റെ ദിശ മാറുന്നത് തിരച്ചിലിനെ ബാധിച്ചിട്ടുണ്ട്.
കാസർകോട് ബ്ലോക് പഞ്ചായത് അംഗം ബദ്‌റുൽ മുനീർ, ചെമനാട് പഞ്ചായത് അംഗം അമീർ പലോത്ത്, റിയാസിന്‍റെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരടങ്ങിയ സംഘമാണ് കോഴിക്കോട് താമസിച്ച് തിരച്ചിലിന് നേതൃത്വം നൽകിയത്. ശനിയാഴ്ചത്തെ തിരച്ചിലിന് ശേഷം ഇവർ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നാവികസേനയും തിരച്ചിലിന്റെ ഭാഗമായിരുന്നു. കണ്ണൂർ ജില്ലയിലെ ഫിഷറീസ് വകുപ്പിന്റെ പട്രോൾ ബോട് വ്യാഴാഴ്ച രാവിലെ കീഴൂർ അഴിമുഖത്ത് നിന്നും തലശേരി ഭാഗത്തേക്കും കാസർകോട് ജില്ലയിൽ നിന്നുള്ള പട്രോൾ ബോട് കീഴൂരിൽ നിന്നും കണ്ണൂർ ഭാഗത്തേക്കും കണ്ണൂർ ജില്ലയിലെ മറ്റൊരു പട്രോൾ ബോട് എഴിമല ഭാഗത്തു നിന്നും തലശേരി ഭാഗത്തേക്കും തിരച്ചിൽ നടത്തിയങ്കിലും ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല.
റവന്യൂ വകുപ്പ്, പൊലീസ്, ഫയർഫോഴ്സ്, കോസ്റ്റൽ പൊലീസ്, നാട്ടുകാർ എന്നിവരും ശക്തമായ തിരച്ചിൽ നടത്തിയിരുന്നു. നേരത്തെ കോസ്റ്റ് ഗാർഡ് ഡോർണിയർ വിമാനം ഉപയോഗിച്ചും തിരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച കർണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ സ്ഥലത്തെത്തി മൂന്ന് മണിക്കൂറോളം കീഴൂർ കടലിൽ ഡൈവിംഗ് നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്കും ഒമ്പത് മണിക്കും ഇടയിലാണ് കീഴൂർ ഹാർബറിൽ ചൂണ്ടയിടാനെത്തിയ റിയാസിനെ കാണാതായത്. പ്രദേശത്ത് നിന്നും റിയാസിന്റെ ബാഗും സ്‌കൂടറും കണ്ടെത്തിയിരുന്നു. റിയാസിനെ കാണാതായി ഒരാഴ്ച പിന്നിടുമ്പോഴും ഒരു വിവരവും ലഭിക്കാത്തതിൽ ബന്ധുക്കളും നാട്ടുകാരും അധികൃതരും മറ്റും അങ്ങേയറ്റം വേദനയിലാണ്.