LBS College | അഭിമാന നിറവിൽ എൽബിഎസ് എൻജിനീയറിംഗ് കോളേജ്; അക്രഡിറ്റേഷന്‍ പ്രഖ്യാപനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി ആര്‍ ബിന്ദു നിര്‍വഹിക്കും
ദേശീയ-അന്തർദേശീയ തലത്തിലെ മുഖ്യധാരാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും പ്രമുഖർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകും
കാസർകോട്: (KasargodVartha) ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഏക എൻജിനീയറിംഗ് കോളേജായ പൊവ്വൽ എൽബിഎസിന് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (NBA) അംഗീകാരം ലഭിച്ചത് വ്യാഴാഴ്ച (ജൂലൈ 25) രാവിലെ 10 മണിക്ക് കാമ്പസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഔദ്യോഗികമായി പ്രഖ്യാപിക്കും.
കേന്ദ്ര സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ ഉപദേശക സമിതിയായ ആൾ ഇൻഡ്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻന്റെ (AICTE) പദ്ധതിയായ വാണി സ്‌കീമിൽ ഉൾപ്പെട്ട 'ഊർജവും വികസന പ്രതിബന്ധങ്ങളും' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ദ്വിദിന പരിശീലന പരിപാടി, നവീകരിച്ച കാമ്പസ് റോഡ്, കെട്ടിടങ്ങൾ എന്നിവയുടെ ഉദ്ഘാടനവും കാമ്പസ് ബയോ പാർക്കിന്റെ ശിലാസ്ഥാപനവും, മന്ത്രി ചടങ്ങിൽ നിർവഹിക്കും.
ദേശീയ അംഗീകാരം
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ദേശീയ അംഗീകാര സംവിധാനമായ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (NBA) എൽ.ബി.എസ്. കോളേജിലെ ബിരുദ കോഴ്സുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. സ്ഥാപനത്തിന്റെ അക്കാദമിക മികവ്, ഗവേഷണ പ്രവർത്തനങ്ങൾ, അദ്ധ്യാപകരുടെ യോഗ്യത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കൂടി പരിഗണിച്ചാണ് ഈ ദേശീയ അംഗീകാരം. വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങൾ ഉൾപ്പടെ മികച്ച തൊഴിൽ അവസരങ്ങളും ഉന്നത പഠന സാധ്യതകളും ഈ നേട്ടം ഉറപ്പാക്കും.
നവീകരണ പ്രവർത്തനങ്ങൾ
സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കോളേജ് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനും നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. 12 കോടി രൂപ ചെലവിൽ പൂർത്തീകരിച്ചു വരുന്ന ഇൻഡോർ ഓഡിറ്റോറിയം, പ്രധാനമന്ത്രി സഡക് യോജന പ്രകാരം കാമ്പസിലെ സ്ഥലം ഉപയോഗിച്ചുകൊണ്ട് പൊതുജങ്ങൾക്കായി ഒരുക്കിയ റോഡ്, എംഎൽഎ. ഫണ്ടിൽ നിന്നും അനുവദിച്ച് കിട്ടിയ 45 ലക്ഷം രൂപ വകയിരുത്തിക്കൊണ്ട് പണികഴിപ്പിച്ച കോളേജിലേക്കുള്ള പ്രവേശന റോഡ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സിവിൽ ബ്ലോക്കുകളിലേക്കുള്ള പ്രവേശന റോഡുകൾ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ബ്ലോക്കുകളുടെ നവീകരണം, വിവിധ മെഷീനറികളുടേയും ഉപകരണങ്ങളുടേയും വാങ്ങലും നവീകരണ പ്രവർത്തനങ്ങളും തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ബയോപാർക്ക്
പാറക്കെട്ടുകൾ നിറഞ്ഞിരുന്ന് തരിശ് ഭൂമിയായിരുന്ന ക്യാമ്പസിനെ ഇന്ന് കാണുന്ന രീതിയിൽ ഹരിതാഭയാർന്ന പ്രദേശമായി മാറ്റുന്നതിൽ ബയോപാർക്ക്, ഭൂമിത്ര സേന, എൻ എസ് എസ്, ജൈവ വൈവിധ്യ ക്ലബ്ബ് തുടങ്ങിയ സംഘടനകൾ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. അഞ്ചേക്കറോളം വിസ്തൃതിയിൽ പച്ചപ്പ് പരത്തിക്കൊണ്ട് ഊഷ്മളതയിൽ ശയിക്കുന്ന ബയോ പാർക്ക് ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയാണ്. ഇതിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും സംഘടനകൾ കാണിക്കുന്ന താല്പര്യവും ആത്മാർത്ഥതയും ജില്ലയ്ക്ക് തന്നെ മുതൽക്കൂട്ട് ആകുന്നു. പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ജില്ലാ പഞ്ചായത്തിലെ മികച്ച ഹരിത കലാലയത്തിനുള്ള പ്രത്യേക പുരസ്കാരവും ഫ്രൂട്ട് പാർക്ക് നിർമ്മാണത്തിനായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൽ നിന്ന് ഒന്നര ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്.
എ.ഐ.സി.ടി.ഇ. വാണി ശില്പശാല
പ്രാദേശിക ഭാഷകളിൽ അദ്ധ്യാപന പഠന അനുഭവം മെച്ചപ്പെടുത്തുന്നതിന് സഹായകമായി എഐസിടിഇ വിഭാവനം ചെയ്ത പദ്ധതിയാണ് 'എഐസിടിഇ- വാണി'. ഈ പദ്ധതിപ്രകാരമാണ് എൽ ബി എസ് എൻജിനീയറിങ് കോളേജ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം ദ്വിദിന പരിശീലന പരിപാടി നടത്തുന്നത്. ദേശീയ-അന്തർദേശീയ തലത്തിലെ മുഖ്യധാരാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും പ്രമുഖർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകും.
ചടങ്ങില്‍ അഡ്വ. സി എച്ച്. കുഞ്ഞമ്പു എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയ് മുഖ്യ അതിഥിയാകും. ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (എ.ഐ.സി.റ്റി.ഇ) ഉപദേശകന്‍ ഡോ. യുരമേശ്, കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭാസ ഡയറക്ടര്‍ ഡോ.പി .ആര്‍ ഷാലിജ് എന്നിവർ പ്രഭാഷണം നടത്തും.