Court | മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: വിടുതൽ ഹർജിയിൽ ഒക്ടോബർ 5ലേക്ക് വിധി പറയാൻ മാറ്റിവെച്ചു; കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ ഹാജരാകാൻ നിർദേശം
● ബിഎസ്‌പി സ്ഥാനാർഥിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്
● എസ്‌സി - എസ്‌ടി അതിക്രമം തടയൽ നിയമം പ്രകാരമാണ് കേസ്.
കാസർകോട്: (KasargodVartha) മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ നിന്നും ഒഴിവാക്കണമെന്ന് കാട്ടി മുഖ്യപ്രതി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുൾപ്പെടെ നൽകിയ വിടുതൽ ഹർജിയിൽ അഞ്ചിന് വിധി പറയാൻ മാറ്റിവെച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും നിലനിൽക്കുന്നതല്ലെന്നും കാണിച്ച് പ്രതിഭാഗം ഫയൽ ചെയ്ത ഹർജിയിലാണ് ജില്ലാ പ്രിൻസിപൽ സെഷൻസ് കോടതി വിധി പറയാൻ മാറ്റിയിരിക്കുന്നത്.
അഞ്ചിന് സുരേന്ദ്രനും മറ്റുപ്രതികളും കോടതിയിലെത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയെ തട്ടികൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിക്കുകയും ഇതിന് കോഴയായി പണവും മൊബൈൽ ഫോണും നൽകിയെന്നാണ് കേസ്.
കെ സുന്ദര മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി വി വി രമേശനാണ് കേസെടുക്കണമെന്ന ആവശ്യവുമായി പൊലീസിനെയും കോടതിയെയും സമീപിച്ചത്. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച് എസ്‌സി - എസ്‌ടി അതിക്രമം തടയൽ നിയമം അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്.
#ManjeshwarBriberyCase #KeralaPolitics #BJP #ElectionBribery #KSurendran #KeralaNews