Tragedy | ഞെട്ടിക്കുന്ന വാഹനാപകടം; പിതാവും 3 മക്കളും ദാരുണമായി മരിച്ചു; ഭാര്യയ്ക്ക് ഗുരുതരം
● ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം
● ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു
മംഗ്ളുറു: (KasargodVartha) കാർക്കള ധർമസ്ഥല ഹൈവേയിൽ പജെഗുഡ്ഡെക്ക് സമീപം വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ ദാരുണമായി മരിച്ചു. ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികരായ നാല് പേർക്ക് ജീവൻ നഷ്ടമായത്. സുരേഷ് ആചാര്യ (36), മക്കളായ സുമിക്ഷ (7), സുസ്മിത (5), സുശാന്ത് (2) എന്നിവരാണ് മരിച്ചത്.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ മീനാക്ഷി (32) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ബജഗോളിയിൽ നിന്ന് ധർമസ്ഥല ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി വേണൂരിൽ നിന്ന് നല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ലോറി ഡ്രൈവറുടെ അമിത വേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് പരിസരവാസികൾ ആരോപിച്ചു. സുരേഷും മക്കളായ സുമിക്ഷയും സുശാന്തും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മീനാക്ഷിയെയും സുസ്മിതയെയും കാർക്കളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുസ്മിത മരിച്ചു. ലോറി ഡ്രൈവർ ഹേമന്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്.
#MangaluruAccident #RoadSafety #Tragedy #RIP #KarnatakaNews #IndiaNews