city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Crisis | കേരളത്തിൽ ഏറ്റവും കൂടുതൽ ഫ്‌ലാറ്റുള്ള പഞ്ചായതുകളിലൊന്ന് ചീഞ്ഞുനാറുന്നു; ജില്ലാ ഭരണകൂടം ഭരണം ഏറ്റെടുക്കുമെന്ന് പറഞ്ഞപ്പോൾ മാലിന്യം നീക്കിയ മംഗൽപാടി പഞ്ചായതിൽ ഭരണസമിതി വീണ്ടും ഉറക്കത്തിലായി

Mangalpady Panchayat Drowning in Waste
Photo: Arranged
● മംഗൽപാടിയിലെ മാലിന്യ പ്രശ്നം രൂക്ഷമായി തുടരുന്നു.
● പല ഫ്ലാറ്റുകളിലും മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം ഇല്ല.
● പരാതിയുമായി പ്രദേശവാസികൾ രംഗത്ത് 

ഉപ്പള: (KasargodVartha) കേരളത്തിൽ ഏറ്റവും കൂടുതൽ ഫ്ലാറ്റുള്ള പഞ്ചായതുകളിലൊന്നാണ് കാസർകോടിന്റെ വടക്കേ അറ്റത്തുള്ള മംഗൽപാടി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും അതിന് മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പിലും മഞ്ചേശ്വരം മണ്ഡലത്തിലെ മംഗൽപാടി പഞ്ചായതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് മാലിന്യ പ്രശ്നമായിരുന്നു. ദേശീയപാതയുടെ ഇരുഭാഗങ്ങളിലും കൂട്ടിയിട്ട മാലിന്യം കേരളത്തിലേക്ക് വരുന്നവരെ പോലും നാണിപ്പിക്കുന്നതായിരുന്നു. 

ഇവിടത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാത്തതിനാൽ കാസർകോട് ജില്ലാ കലക്ടറായിരുന്ന ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, നിശ്ചിത സമയത്തിനകം മാലിന്യം നീക്കിയില്ലെങ്കിൽ പഞ്ചായത് ഭരണം തന്നെ ജില്ലാ ഭരണകൂടം ഏറ്റെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ദുരന്ത നിവാരണ നിയമ പ്രകാരമായിരുന്നു കലക്ടർ അന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിലെ ഏതെങ്കിലുമൊരു പഞ്ചായതിന് ഇത്തരമൊരു ഉത്തരവ് നൽകുന്നത് ചരിത്രത്തിൽ ആദ്യമായിരുന്നു. 

ഉപ്പള ടൗണിലും പരിസരങ്ങളിലുമായി കൂട്ടിയിട്ട മാലിന്യം കലക്ടറുടെ ഉത്തരവിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ പഞ്ചായത് ഭരണസമിതി നീക്കം ചെയ്യുകയായിരുന്നു. മംഗ്ളൂറിലെ ഒരു ഏജൻസിയുടെ സഹായത്തോടെയാണ് അന്ന് മാലിന്യ നീക്കം സാധ്യമാക്കിയത്. എന്നാൽ ഇതിന് ശേഷം വീണ്ടുമെല്ലാം പഴയപടിയായി. ദേശീയപാത നിർമാണം ആരംഭിച്ചതോടെ ദേശീയപാതയോരത്ത് കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളെലാം മണ്ണിനിടയിലായി. പണി നടക്കുന്നത് കൊണ്ട് വാഹനങ്ങളിലെത്തി മാലിന്യം വലിച്ചെറിയാൻ സാഹചര്യം ഇല്ലാത്തത് കൊണ്ട് ഇപ്പോൾ മാലിന്യങ്ങളെലാം ഉൾപ്രദേശങ്ങളിൽ തള്ളുകയാണെന്ന് പ്രദേശവാസിയായ അമ്മി കാസർകോട് വാർത്തയോട് പറഞ്ഞു.

ഉപ്പള ഫയർ സ്റ്റേഷൻ റോഡ്, കെഎസ്ഇബി ഓഫീസ് പ്രവർത്തിച്ചിരുന്ന പത്വാടി റോഡ്, മണ്ണംകുഴി മൈതാനത്തിന് സമീപം, മംഗൽപാടി പഞ്ചായതിലെ രണ്ടാം വാർഡിലെ ഉപ്പള സ്‌കൂൾ റോഡ്  തുടങ്ങി പല ഉൾപ്രദേശങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞതിനെ തുടർന്ന് ചീഞ്ഞുനാറുകയാണ്. ഫ്‌ലാറ്റുകളിലൂടെ കേരളത്തിൽ ഏറ്റവും കൂടുതൽ നികുതി വരുമാനം ലഭിക്കുന്ന പഞ്ചായതുകളിൽ ഒന്നാണ് മംഗൽപാടി.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ സേന കൃത്യമായി ശേഖരിക്കുന്നുണ്ടെങ്കിലും ജൈവമാലിന്യങ്ങൾ  ഇപ്പോഴും ഫ്‌ലാറ്റുടമകളും ചെറിയ സ്ഥലത്ത് വീട് കെട്ടിയവരും പ്ലാസ്റ്റിക് കവറുകളിൽ കെട്ടി റോഡരികിലും ഒഴിഞ്ഞ സ്ഥലങ്ങളിലും വലിച്ചെറിയുകയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം. കൃത്യമായൊരു മാലിന്യ സംസ്കരണ നയം പഞ്ചായതിൽ നടപ്പിലാക്കാൻ ഇതുവരെ പഞ്ചായത് അധികൃതർക്കോ ബന്ധപ്പെട്ട അധികാരികൾക്കോ സാധിച്ചിട്ടില്ല.

നേരത്തെ മാലിന്യങ്ങൾ തള്ളിയിരുന്ന കുബണൂരിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ മാലിന്യം നിറഞ്ഞുകവിഞ്ഞതോടെയാണ് ഇവയെല്ലാം റോഡരികിലേക്ക് എത്താൻ തുടങ്ങിയത്. തദ്ദേശ സ്വയംഭരണ മന്ത്രി തന്നെ ഇടപെട്ടിട്ടും ഇതുവരെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും വിജയിച്ചാൽ മാലിന്യ പ്രശ്നം പരിഹരിക്കാൻ മുന്തിയ പരിഗണന നൽകുമെന്ന് സ്ഥാനാർഥിയായിരുന്ന എകെഎം അശ്‌റഫ് പരസ്യമായി പ്രഖ്യാപിച്ചതാണ്.

പഞ്ചായത് ഭരണസമിതിയും തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് നടപടി ശക്തമാക്കിയപ്പോൾ 540 പേർക്ക് നോടീസ് നൽകുകയും മാലിന്യം വലിച്ചെറിഞ്ഞ 26 പേർക്ക് 10,000 രൂപ വീതം പിഴ ചുമത്തുകയും ചെയ്തിരുന്നു. കുടുംബശ്രീ സിഡീസിന്റെ സഹകരണത്തോടെ പഞ്ചായത് അംഗങ്ങളുടെ നേതൃത്വത്തിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ കർശന നടപടി അന്ന് നടത്തിയിരുന്നുവെങ്കിലും ഇതെല്ലാം ഇന്ന് പഴയ രീതിയിലേക്ക് തന്നെ മാറിക്കകഴിഞ്ഞു.

കുബണൂരിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്യുന്നതിൽ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് സ്വന്തം പഞ്ചായത് പ്രസിഡന്റിനെതിരെ മുസ്ലിം ലീഗിന്റെ അംഗങ്ങൾ തന്നെ അവിശ്വാസ പ്രമേയ നോടീസ് നൽകിയതും ഒടുവിൽ നേതൃത്വം ഇടപെട്ട് പ്രസിഡന്റിനെ നീക്കം ചെയ്ത് മറ്റൊരു അംഗത്തെ പ്രസിഡന്റ് ആക്കിയതും ഇതേ മാലിന്യ പ്രശ്നത്തിന്റ പേരിലായിരുന്നു 

മാലിന്യം വലിച്ചെറിയുന്നത് തടയാൻ പലയിടത്തും സിസിടിവി സ്ഥാപിച്ചിരുന്നു. പഞ്ചായത് ഓഫീസിലും പൊലീസ് സ്റ്റേഷനിലും ദൃശ്യങ്ങൾ ലഭിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം ഏർപ്പെടുത്തിയത്. നൂറുകണക്കിന് ഫ്‌ലാറ്റുകൾ ഉണ്ടെങ്കിലും ഒന്നിലും മാലിന്യ സംസ്കരണത്തിനുള്ള സംവിധാനം പ്രവർത്തിക്കുന്നില്ല. ഫ്‌ലാറ്റുകളിൽ നിന്നുള്ള മലിനജലം പഞ്ചായതിന്റെ ഓവുചാലുകളിലേക്കും പറമ്പിലേക്കും തുറന്നുവിടുകയാണ് ചെയ്യുന്നത്.

അതേസമയം, മാലിന്യ പ്രശ്‌നം ഏതാണ്ട് പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത് പ്രസിഡന്റ് ഫാത്വിമത് റുബീന കാസർകോട് വാർത്തയോട് പ്രതികരിച്ചു. ബോധവത്‌കരണ നടപടികൾ അടക്കം തുടരുന്നുണ്ടെന്നും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കിയിട്ടുണ്ടെന്നുമാണ് പഞ്ചായത് പ്രസിഡന്റ് വ്യക്തമാക്കുന്നത്.

ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള പഞ്ചായത് ആണ് മംഗൽപാടി. ഈ സാഹചര്യത്തിൽ, പഞ്ചായതിനെ നഗരസഭയാക്കണമെന്നോ രണ്ട് പഞ്ചായതുകളായി വിഭജിക്കണമെന്നോ ഉള്ള ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായതായതിനാൽ നഗരസഭയാക്കുന്ന കാര്യത്തിൽ സർകാർ പിന്നോട്ട് പോകുകയാണ്. കുബണൂരിൽ നിലവിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി 1.65 കോടി രൂപ ചിലവിൽ ബയോ മൈനിങ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം ഈ പദ്ധതി ആരംഭിക്കുമെന്നും ഈ ഭരണകാലത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും പഞ്ചായത് പ്രസിഡന്റ് അറിയിച്ചു.

ജൈവ മാലിന്യവും അജൈവ മാലിന്യവും സംസ്കരിക്കുന്നതിനുള്ള മറ്റൊരു പദ്ധതിയും പഞ്ചായത് പരിഗണിക്കുന്നുണ്ട്. എന്നാൽ, പൊതുജനങ്ങൾ പലരും സഹകരിക്കാത്ത വിഷയം നിലനിൽക്കുന്നുണ്ട്. ഹരിത കർമ സേനയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളുടെ മുഴുവൻ വിവരങ്ങൾ പഞ്ചായതിന്റെ കൈവശമുണ്ട്. മാസാമാസം യോഗം ചേർന്ന് പ്രശ്‌ന പരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.

മലിനജലം ഒഴുകി വിടുന്നതുമായി ബന്ധപ്പെട്ട് ചില ഫ്‌ലാറ്റുകളിൽ മാത്രമാണ് പ്രശ്‌നം നിലനിൽക്കുന്നത്. മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന് 10 ലക്ഷം രൂപ ചിലവിൽ ഒരു പുതിയ പദ്ധതിയും പഞ്ചായത് നടപ്പിലാക്കുന്നുണ്ട്. കെൽട്രോണുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചിലയിടങ്ങളിൽ കാമറകളുടെ അഭാവം മൂലം മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്.

ഉറവിട മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതിനുള്ള മറ്റൊരു പദ്ധതിയും പഞ്ചായത് പരിഗണിക്കുന്നുണ്ട്. പന്നിഫാം ഉടമകളുമായി സംസാരിച്ച് ഫ്‌ലാറ്റുകളിൽ നിന്നുള്ള മാലിന്യം നേരിട്ട് ശേഖരിക്കുന്നതിനും പഞ്ചായതിന്റെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടായിട്ടുണ്ട്. ഭാവിയിൽ ഡയപർ അടക്കം സംസ്കരിക്കാൻ കഴിയുന്ന പദ്ധതികളും പഞ്ചായത് ആലോചിക്കുന്നുണ്ട്. ഇതോടൊപ്പം, ബോധവത്‌കരണ പ്രവർത്തനങ്ങളും ശക്തമാക്കും. ഒക്ടോബർ രണ്ടിന് 200 ഓളം ആളുകളെ പങ്കെടുപ്പിച്ച് അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മണിമുണ്ടയിൽ അടക്കം കടലോര ശുചീകരണവും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പഞ്ചായത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Crisis

#Mangalpady #Kerala #wastemanagement #environmentalcrisis #cleanindia #localgovernment

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia