Police Booked | ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ ഭാര്യയെ സ്ത്രീകളുടെ കുളിമുറിയിൽ കയറി ബിയർ കുപ്പി കൊണ്ട് അടിച്ചുവെന്ന് പരാതി; പൊലീസ് കേസായി
* വയറിനും നെഞ്ചിലുമിടിച്ചുവെന്നാണ് ആരോപണം
പയ്യന്നൂർ: (KasargodVartha) ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിലെ കുളിമുറിയിൽ കയറി ബിയർ കുപ്പി കൊണ്ട് മർദിച്ചുവെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാൽ കമ്പല്ലൂർ ആമ്പേച്ചാൽ സ്വദേശിനി ടി പി ആശയുടെ പരാതിയിലാണ് ഭർത്താവ് സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം പയ്യന്നൂർ ഗവ. താലൂക് ആശുപത്രിയിലാണ് പരാതിക്കാസ്‌പദമായ സംഭവം നടന്നത്. കുളിമുറിയിൽ കയറിയ പ്രതി ഭാര്യയെ മുടിക്കു കുത്തിപ്പിടിക്കുകയും ബിയർ കുപ്പി കൊണ്ട് വയറിനും നെഞ്ചിലുമിടിക്കുകയായിരുന്നുവെന്നാണ് പരാതി.
മകളുടെ കുട്ടിക്ക് അസുഖമായതിനാൽ മകൾക്കും കുട്ടിക്കുമൊപ്പം ആശുപത്രിയിൽ സഹായത്തിന് എത്തിയ വിരോധത്തിലാണ് മർദിച്ചതെന്നാണ് പരാതി. തൻ്റെ അനുവാദം കൂടാതെ ആശുപത്രിയിൽ പോയതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചതെന്നാണ് പറയുന്നത്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.