Praise | കളഞ്ഞു കിട്ടിയ സ്വർണം തിരിച്ചു നൽകി ചുമട്ടുതൊഴിലാളി മാതൃകയായി
കാഞ്ഞങ്ങാട്: (KasargodVartha) നഗരത്തിൽ കളഞ്ഞു കിട്ടിയ സ്വർണക്കൈചെയിൻ ഉടമയ്ക്ക് തിരിച്ചു നൽകി സിഐടിയു ചുമട്ട് തൊഴിലാളി അടമ്പിൽ മൂലക്ക് സ്വദേശി പി. കണ്ണൻ മാതൃകയായി.
വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനിലെ ഗണേഷ് ഭവൻ പരിസരത്ത് ജോലി ചെയ്യവേയാണ് കണ്ണന് ഒരു പവൻ തൂക്കമുള്ള സ്വർണക്കൈചെയിൻ വീണു കിട്ടിയത്. വാഹനത്തിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടയിലാണ് ചെയിൻ കണ്ടെത്തിയത്. ഉടനെ പോലീസിൽ ഏൽപ്പിക്കാൻ തീരുമാനിച്ചെങ്കിലും, അതിനിടയിൽ ഉടമ തന്നെ എത്തി.
നഷ്ടപ്പെട്ടത് കാഞ്ഞങ്ങാട് കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരി രാവണീശ്വരം കളരി കാലിലെ ഗ്രീഷ്മയുടെ സ്വർണമായിരുന്നു. കൊറിയർ ഓഫീസിലെത്തിയപ്പോഴാണ് ഗ്രീഷ്മയ്ക്ക് സ്വർണം നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. ഉടനെ തന്നെ താൻ യാത്ര ചെയ്ത ബസിൽ വച്ച് സ്വർണം നഷ്ടപ്പെട്ടിരിക്കാമെന്ന് സംശയിച്ച് ബസ് സ്റ്റാൻഡിലെത്തി ബസ് ജീവനക്കാരോട് വിവരം അന്വേഷിച്ചു. പിന്നീട് ട്രാഫിക് ജംഗ്ഷനിൽ വച്ച് കണ്ണനെ കണ്ടെത്തിയതോടെ സ്വർണം തിരിച്ചുകിട്ടി.
മൂപ്പത് വർഷത്തോളായി കാഞ്ഞങ്ങാട് ചുമട്ടുതൊഴിലാളിയായ കണ്ണൻ, കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് തിരിച്ചു നൽകിയ സംഭവം അറിഞ്ഞ ആളുഇകളുടെയും നാട്ടുകാരുടെയും പ്രശംസയ്ക്ക് കാരണമായി.