LS Result | ലീഡ് നിലയിൽ കാസര്‍കോട്ട് ഉണ്ണിത്താന്റെ തേരോട്ടം; രണ്ടാമൂഴത്തിൽ കൂടുതല്‍ കരുത്തനായി മാറി
പാര്‍ടി ജില്ലാ സെക്രടറി എം വി ബാലകൃഷ്ണനെ തന്നെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്.
പെരിയ: (KasargodVartha) കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ രണ്ടാമൂഴമുറപ്പിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എല്‍ഡിഎഫും സിപിഎമും ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ മണ്ഡലത്തിലാണ് ഈ തിരിച്ചടി അവര്‍ക്ക് ഉണ്ടായിരിക്കുന്നത്. പാര്‍ടി ജില്ലാ സെക്രടറി എം വി ബാലകൃഷ്ണനെ തന്നെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. എന്നാല്‍ ഇത് വിജയിച്ചില്ലെന്ന് വേണം കരുതാന്‍.
ഉണ്ണിത്താന്റെ ഭൂരിപക്ഷം കഴിഞ്ഞതവണത്തേതിനോടടുക്കുകയാണ്. ഉണ്ണിത്താന്‍ പ്രവചിച്ച തനിക്ക് ലഭിച്ച കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇരട്ടിയാക്കുമെന്ന് പ്രവചനം ഫലിച്ചിട്ടില്ല. തുടക്കത്തില്‍ മാത്രം മുന്നേറിയ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഇടയ്‌ക്കൊരുതവണ ഭൂരിപക്ഷം ഉയര്‍ത്തിയതല്ലാതെ ഉണ്ണിത്താന് വേടെണ്ണലില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് മണ്ഡലത്തിലുണ്ടാക്കിയ വ്യക്തി ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും വികസന കാഴ്ചപ്പാടും ഉണ്ണിത്താന്റെ വിജയത്തില്‍ വലിയ ഘടകമായി മാറിയിട്ടുണ്ട്. കോണ്‍ഗ്രസിനകത്തെ പടല പിണക്കങ്ങള്‍ അദ്ദേഹത്തിന് തിരിച്ചടിയുണ്ടാകുമോയെന്ന് ഭയന്നിരുന്നുവെങ്കിലും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഒരു എംപിയെ വേണമെന്ന് ചിന്തിച്ചുകൊണ്ട് പ്രവര്‍ത്തിച്ചത് ഉണ്ണിത്താന് നേട്ടമായി.