Counting | കാസര്‍കോട്ട് വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സുരക്ഷ സന്നാഹം ശക്തം; ആഹ്ലാദ പ്രകടനം 6 മണിവരെ മാത്രം
രാവിലെ 8.30 മുതല്‍ വിവിധ മണ്ഡലങ്ങളിലെ ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങും
കാസർകോട്: (KasaragodVartha) കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഗംഗോത്രി, കാവേരി, സബര്‍മതി എന്നീ ബ്ലോക്കുകളിലായാണ് കാസര്‍കോട് ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ നടക്കുക. രാവിലെ എട്ടിന് സബര്‍മ്മതിയില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണും. വരണാധികാരി കെ. ഇമ്പശേഖറിന്റെ നേതൃത്വത്തിലാണ് പോസ്റ്റല്‍ ബാലറ്റ് എണ്ണി തിട്ടപ്പെടുന്നത്. രാവിലെ 8.30 മുതല്‍ വിവിധ മണ്ഡലങ്ങളിലെ ഇ.വി.എം വോട്ടുകള്‍ എണ്ണി തുടങ്ങും.
പോസ്റ്റല്‍ ബാലറ്റിന് സബര്‍മതിയിലെ രണ്ട് ഹാളുകളില്‍ 26 ടേബിളുകളിലും മറ്റ് എല്ലാ നിയോജക മണ്ഡലങ്ങള്‍ക്കും 14 വീതം ടേബിളുകളിലും വോട്ടെണ്ണല്‍ നടക്കും. ഇ.ടി.പി.ബി.എസ് പ്രീ കൗണ്ടിങ്ങിന് 15 ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഗംഗോത്രി ബ്ലോക്കിലെ റൂം നമ്പര്‍ 113ല്‍ മഞ്ചേശ്വരം മണ്ഡലത്തിലെയും ഗംഗോത്രി ബ്ലോക്കിലെ റൂം നമ്പര്‍ 220ല്‍ കാസര്‍കോട് മണ്ഡലത്തിലെയും ഗംഗോത്രി ബ്ലോക്കിലെ റൂം നമ്പര്‍ 111ല്‍ കാസര്‍കോട് മണ്ഡലത്തിലേയും വോട്ടുകള്‍ എണ്ണും. കാവേരി ബ്ലോക്കിലെ റൂം നമ്പര്‍ 214ല്‍ ഉദുമ മണ്ഡലത്തിലെയും കാവേരി ബ്ലോക്കിലെ റൂം നമ്പര്‍ 111ല്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലെയും കാവേരി ബ്ലോക്കിലെ റൂം നമ്പര്‍ 119ല്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെയും കാവേരി ബ്ലോക്കിലെ റൂം നമ്പര്‍ 211ല്‍ പയ്യന്നൂര്‍ മണ്ഡലത്തിലെയും കാവേരി ബ്ലോക്കിലെ റൂം നമ്പര്‍ 219ല്‍ കല്ല്യാശ്ശേരി മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണും.
പോസ്റ്റല്‍ ബാലറ്റ് സ്‌ട്രോങ് റൂം രാവിലെ നാലിന് തുറക്കും. ഇ.ടി.പി.ബി.എസ് വോട്ടുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം രാവിലെ അഞ്ചിന് തുറക്കും. വിവിധ മണ്ഡലങ്ങളുടെ ഇ.വി.എം സ്‌ട്രോങ് റൂമുകള്‍ രാവിലെ 7.30ന് തുറക്കും. ആകെ 1500ഓളം ജീവനക്കാരും ഒന്‍പത് സ്ഥാനാര്‍ത്ഥികളും ഒന്‍പത് ചീഫ് ഏജന്റുമാരും 663 ഏജന്റുമാരും കൗണ്ടിങ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൗണ്ടിങ് സെന്ററിലെത്തും.
കൗണ്ടിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. കൗണ്ടിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ സ്മാര്‍ട്ട് വാച്ചുകള്‍ കാല്‍കുലേറ്റര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും അനുവദിക്കില്ല. യമുന ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെന്ററില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ അനുവദനീയമായിട്ടുളളൂ. ക്യാമ്പസിനകത്ത് പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും വാഹന പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുഴുവന്‍ ജീവനക്കാരും വരണാധികാരി നല്‍കുന്ന ക്യു ആര്‍ കോഡ് ഐ.ഡി കാര്‍ഡ് കരുതണം വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാണ്.
യമുന ബ്ലോക്കില്‍ മീഡിയ റൂം
യമുന ബ്ലോക്കിലെ മീഡിയ റൂമില്‍ കൗണ്ടിങ് വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് സ്‌ക്രീനുകളിലായാണ് റിസള്‍റ്റ് പ്രദര്‍ശിപ്പിക്കുക. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ എന്‍കോര്‍ ആപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ഒരോ റൗണ്ടിലെയും അപ്‌ഡേഷനുകളിലായി പ്രധാന സ്‌ക്രീനില്‍ കാണിക്കും.
കേരളത്തിലെ 20 മണ്ഡലങ്ങളിലേയും കൗണ്ടിങ് വിവരങ്ങൾ ഒറ്റൊരു സ്‌ക്രീനിലും ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ടിവി ചാനലുകളിലൂടെയും പ്രദര്‍ശിപ്പിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാട്സ് ആപ്പ് സന്ദേശങ്ങളായി കൗണ്ടിങ് വിവരങ്ങള്‍ അറിയിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മീഡിയ റൂമില്‍ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അതോറിറ്റി ലെറ്ററുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് മീഡിയ റൂമില്‍ പ്രവേശനം അനുവദിക്കുക.
നിരീക്ഷകര്‍ സന്ദര്‍ശിച്ചു
വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ തെരഞ്ഞെടുപ്പ് മുഖ്യനിരീക്ഷകന്‍ റിഷിരേന്ദ്രകുമാര്‍ വോട്ടെണ്ണല്‍ നിരീക്ഷകരായ ആദിത്യ കുമാര്‍ പ്രജാപതി,ഹിമാംശു വര്‍മ എന്നിവര്‍ സന്ദര്‍ശിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ കാവേരി , ഗംഗോത്രി, സബര്‍മതി ബ്ലോക്കുകളിലാണ് സന്ദര്‍ശനം നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയത്. സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് എആര്‍ ഒമാര്‍ എന്നിവര്‍ വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ വിശദീകരിച്ചു. മഞ്ചേശ്വരം കാസര്‍കോട് മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ ചുമതല റിഷിരേന്ദ്രകുമാര്‍ ഐ എ എസിനും ഉദുമ കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെ ചുമതല ആദിത്യ കുമാര്‍ പ്രജാപതിക്കും തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളുടെ ചുമതല ഹിമാംശു വര്‍മയ്ക്കുമാണ്.
കേരള കേന്ദ്ര സര്‍വകലാശാലയ്ക്ക് അവധി
സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെണ്ണല്‍ നടത്തുന്നതിനായി കാസര്‍കോട് ലോക്‌സഭാ വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസിന് വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. ആവശ്യമായ നടപടികള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സുരക്ഷ സന്നാഹം ശക്തം, ആഹ്ലാദ പ്രകടനം ആറുമണിവരെ മാത്രം
വോട്ടെണ്ണല്‍ ദിവസം ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് 1200 ഓളം പേരുള്‍പ്പെടുന് പോലീസ് സേനയെ വിന്യസിക്കും. ആഹ്ലാദപ്രകടനങ്ങള്‍ വൈകിട്ട് ആറു മണിയ്ക്കകം അവസാനിപ്പിക്കണമെന്ന് പോലീസ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഹ്ലാദപ്രകടനം നടത്തുന്ന കേന്ദ്രങ്ങളെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് സുരക്ഷ ഉറപ്പാക്കും. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങള്‍ പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.