Rajmohan Unnithan | ഉണ്ണിത്താൻ പറഞ്ഞത് ശരിയായി; ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളിൽ
സിപിഎം തിരഞ്ഞെടുപ്പിന് ശേഷം ചേർന്ന അവലോകന യോഗത്തിൽ ബാലകൃഷ്ണൻ മാസ്റ്ററുടെ ഭൂരിപക്ഷം 20,000 ന് മുകളിൽ വരുമെന്ന് വിലയിരുത്തിയിരുന്നു.
കാസർകോട്: (KasaragodVartha) ഉണ്ണിത്താൻ പറഞ്ഞത് ശരിയായി. ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളിലായി. തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ ബൂത് തല കണക്ക് വിലയിരുത്തിയാണ് ഉണ്ണിത്താൻ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇരട്ടിയാക്കുമെന്നും ഒരുലക്ഷം കടക്കുമെന്നും പ്രവചിച്ചത്. കാസർകോട് വാർത്തയോടും ഉണ്ണിത്താൻ ഇക്കാര്യം പറഞ്ഞിരുന്നു.
കോൺഗ്രസ് നേതാക്കൾ പോലും ഉണ്ണിത്താൻ്റെ ഈ പ്രവചനം വിശ്വസിച്ചിരുന്നില്ല. 20,000നും 30,000 നും ഇടയിൽ ഭൂരിപക്ഷമെന്നായിരുന്നു ഭൂരിഭാഗം നേതാക്കളും വിശ്വസിച്ചിരുന്നത്. കേഡർ പാർടിയായ സിപിഎം തിരഞ്ഞെടുപ്പിന് ശേഷം ചേർന്ന അവലോകന യോഗത്തിൽ ബാലകൃഷ്ണൻ മാസ്റ്ററുടെ ഭൂരിപക്ഷം 20,000 ന് മുകളിൽ വരുമെന്ന് വിലയിരുത്തിയിരുന്നു.
എന്നാൽ എല്ലാ പ്രവചനങ്ങളെയും തകർത്തു കൊണ്ടാണ് ഉണ്ണിത്താൻ കാസർകോട് മണ്ഡലത്തിൽ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളിൽ ഉയർത്തിയത്. ഇത് യുഡിഎഫ് പ്രവർത്തകരെ വൻ ആവേശത്തിലാഴ്ത്തി. എൽ ഡി എഫ് കോട്ടകളിൽ കയറിയുള്ള ഉണ്ണിത്താൻ്റെ തേരോട്ടം മുന്നണി നേതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്.