LS Result | കർണാടകയിൽ മൂന്ന് മുൻ മുഖ്യമന്ത്രിമാരും മുന്നിൽ
രാജ്യം ഉറ്റുനോക്കുന്ന ബെലഗാവി മണ്ഡലത്തിൽ ജഗദീഷ് ഷെട്ടാർ 2,03,950 വോട്ടുകൾ നേടി വിജയത്തിലേക്ക് കുതിക്കുന്നു
മംഗ്ളുറു: (KasaragodVartha) കർണാടകയിൽ ജനവിധി തേടുന്ന മുൻ മുഖ്യമന്ത്രിമാരായ മൂന്ന് എൻഡിഎ സ്ഥാനാർഥികളും ലീഡ് ചെയ്യുന്നു. മാണ്ഡ്യ മണ്ഡലത്തിൽ ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ എച്ച്.ഡി കുമാരസ്വാമി എംഎൽഎ 5,68,160 വോട്ടുകൾ നേടിയപ്പോൾ എതിരാളി കോൺഗ്രസിലെ സ്റ്റാർ ചന്ദ്രു 3,57,754 വോട്ടുകളുമായി ഏറെ പിറകിലാണ്. ഇത് മറികടക്കാനാവാത്തതിനാൽ കുമാരസ്വാമി വിജയം ഉറപ്പിച്ചു.
ബിജെപിയുടെ ബസവരാജ് ബൊമ്മൈ എംഎൽഎ ഹാവേരി മണ്ഡലത്തിൽ 3,23,272 വോട്ടുകളുമായി മുന്നേറുന്നു. കോൺഗ്രസിന്റെ അനന്തസ്വാമി ഗഡ്ഡദേവര മഠം 2,95,412 വോട്ടുകളാണ് നേടിയത്.
ഉറ്റുനോക്കുന്ന ബെലഗാവി മണ്ഡലത്തിൽ ജഗദീഷ് ഷെട്ടാർ 2,03,950 വോട്ടുകൾ നേടി വിജയത്തിലേക്ക് കുതിക്കുന്നു. എതിരാളി മൃളാൾ രവീന്ദ്ര ഹെബ്ബാൽകറിന് 1,65,597 വോട്ടുകളാണ് നേടാനായത്.
അതേസമയം, ജെഡിഎസ് എംപിയും ലൈംഗികപീഡനക്കേസിലെ പ്രതിയുമായ പ്രജ്വൽ രേവണ്ണ ഹാസനിൽ 4013 വോട്ടിന് പിന്നിലാണ്. കോൺഗ്രസ് സ്ഥാനാർത്ഥി ഷെറിയാസ് പാട്ടീലാണ് ലീഡ് ചെയ്യുന്നത്. കർണാടകയിലെ ചില ഭാഗങ്ങളിൽ ബിജെപി പ്രവർത്തകർ അന്തിമഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ആഘോഷം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 28 ലോക്‌സഭാ സീറ്റുകളിൽ എൻഡിഎ 18 സീറ്റിലും കോൺഗ്രസ് 10 സീറ്റിലും ലീഡ് ചെയ്യുന്നു.