Notice | 'വോട്ടർമാരെ കൊണ്ടുവരാൻ സൗജന്യ ബസ്'; യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹന്‍ ഉണ്ണിത്താന് കാരണം കാണിക്കല്‍ നോട്ടീസ്
* സിപിഎം ജില്ലാ ആക്ടിങ് സെക്രടറി അഡ്വ. സി എച്ച് കുഞ്ഞമ്പു ജില്ലാ വരണാധികാരിക്ക് പരാതി നൽകിയിരുന്നു
കാസർകോട്: (KasaragodVartha) വോട്ടര്‍മാര്‍ക്ക് പോളിങ് സ്‌റ്റേഷനില്‍ എത്തുന്നതിനായി സൗജന്യ വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന അറിയിപ്പ് പ്രസിദ്ധീകരിച്ചതിന് 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 123(5) പ്രകാരം സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മാതൃകാ പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ സൂഫിയാന്‍ അഹമ്മദാണ് നോട്ടീസ് നല്‍കിയത്.
വിഷയത്തില്‍ സ്ഥാനാര്‍ത്ഥിയോട് 48 മണിക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ടു. വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യമായി വാഹനം ഏർപ്പെടുത്തുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെയും മാതൃകാ പെരുമാറ്റ ചട്ടത്തിന്റെയും ലംഘനമാണെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വോടർമാരെ കൊണ്ടുവരാൻ സൗജന്യബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന വാഗ്‌ദാനം പെരുമാറ്റച്ചട്ട ലംഘനമാണെന്നും നടപടിവേണമെന്നും ആവശ്യപ്പെട്ട് നേരത്തെ സിപിഎം ജില്ലാ ആക്ടിങ് സെക്രടറി അഡ്വ. സി എച് കുഞ്ഞമ്പു ജില്ലാ വരണാധികാരിക്ക് പരാതി നൽകിയിരുന്നു.