Vatakara Result | വടകരയില്‍ സിപിഎമിന് ഷോക് ട്രീറ്റ്‌മെന്റ്, ശാഫി പറമ്പില്‍ വിജയത്തിലേക്ക്; കെ കെ ശൈലജയുടെ ജനകീയത വോടായില്ല
കെ കെ രമ എംഎല്‍എയുടെ ശക്തമായ സ്വാധീനവും ശാഫിയുടെ വിജയത്തിന് പ്രധാന ഘടകമാണ്
വടകര: (KasaragodVartha) കേരളം ഉറ്റുനോക്കിയ വടകര മണ്ഡലത്തില്‍ വമ്പന്‍ വിജയത്തിലേക്ക് ശാഫി പറമ്പില്‍. മുന്‍ മന്ത്രിയും കൂത്തുപറമ്പ് എംഎല്‍എയുമായ കെ കെ ശൈലജ ടീചറെയാണ് പാലക്കാടന്‍ മണ്ണില്‍ നിന്നെത്തിയ ശാഫി പറമ്പില്‍ എംഎല്‍എ മലര്‍ത്തിയടിച്ചത്. രണ്ട് എംഎല്‍എമാര്‍ ഏറ്റുമുട്ടിയ മണ്ഡലമെന്ന പ്രത്യേകതയും വടകരയ്ക്കുണ്ടായിരുന്നു. ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം വടകര മണ്ഡലത്തില്‍ സിപിഎമിന് പച്ചപിടിക്കാന്‍ കഴിഞ്ഞില്ല.
കെ കെ ശൈലജയുടെ ജനകീയത വോടായി മാറുമെന്ന് കണക്ക് കൂട്ടിയ എൽഡിഎഫിന്റെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയുടെ ശക്തമായ സ്വാധീനവും ശാഫിയുടെ വിജയത്തിന് പ്രധാന ഘടകമാണ്. ആര്‍എംപി നേതാവ് ഹരിഹരന്‍ തിരഞ്ഞെടുപ്പിന് ശേഷം കെ കെ ശൈലജയെ മഞ്ജുവാര്യയുമായി താരതമ്യപ്പെടുത്തി നടത്തിയ പ്രസ്താവനയില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്റെ അശ്ലീല വീഡിയോ യുഡിഎഫ് സ്ഥാനാർഥി ശാഫി പറമ്പിലും യൂത് കോണ്‍ഗ്രസ് നേതാക്കളും കൂടി ഇറക്കിയെന്ന് ആരോപിച്ച് ശൈലജ ടീചര്‍ രംഗത്തുവന്നത് അവര്‍ക്ക് തന്നെ തിരിച്ചടിയായി മാറിയെന്നാണ് യുഡിഎഫ് വൃത്തങ്ങൾ പറയുന്നത്. വീഡിയോ എന്നത് ചിത്രമാണിറക്കിയതെന്ന് പറഞ്ഞു പിന്നീട് രംഗത്തുവന്നതും ചർച്ചയായി. ഇതെല്ലാം വോടിങില്‍ സ്വാധീനിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.