Ramesh Chennithala | 'രാജ്യത്ത് മോദി തരംഗമില്ല', ഇൻഡ്യ മുന്നണി അധികാരത്തിൽ വരുമെന്ന് രമേശ് ചെന്നിത്തല; കേന്ദ്ര-സംസ്ഥാന ഭരണത്തിൽ ജനം മനം മടുത്തുവെന്നും വിമർശനം
* 'കേരളത്തിൽ യുഡിഎഫ് 20 സീറ്റും നേടും'
കാസർകോട്: (KasaragodVartha) ഇൻഡ്യ മുന്നണി അധികാരത്തിൽ വരുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞതവണത്തെ പോലെ മോദി തരംഗം ഇത്തവണയില്ല. രാജ്യത്ത് ഇന്ന് ഏറ്റവും വലിയ ആവശ്യം മതേതരത്വം സംരക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക, വർഗീയതയെ ചെറുക്കുക എന്നിവയാണ്. ഈ ആവശ്യത്തിലൂന്നിയാണ് ഇൻഡ്യ സഖ്യം രൂപവത്കരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാസർകോട് പ്രസ് ക്ലബിൻ്റെ ജനസഭയിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
2004 ൽ ഇൻഡ്യ തിളങ്ങുന്നുവെന്ന വാജ്പേയ് സർകാരിൻ്റെ പ്രഖ്യാപനം യാഥാർഥ്യമായില്ല. അത് പോലെ തന്നെയാണ് നിലവിലുള്ള സ്ഥിതിയും. മോദിക്ക് അനുകൂലമായ സാഹചര്യം നിലവിലില്ല. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. കേന്ദ്ര-സംസ്ഥാന ഭരണത്തിൽ ജനം മനം മടുത്തു. കേരളത്തിൽ യുഡിഎഫ് 20 സീറ്റും നേടും. രാഹുൽ ഗാന്ധിയാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യം. കേരളത്തിലെ സ്വർണ കള്ളക്കടത്ത്, മാസപ്പടി, കേസുകൾ ഒന്നുമാകില്ല. ഒരേ തൂവൽ പക്ഷികളാണ് മോദിയും, പിണറായിയും.
പ്രതിപക്ഷ വോടുകൾ ഏകീകരിക്കുകയാണ് ഇൻഡ്യ മുന്നണി ലക്ഷ്യം. 65 ശതമാനം വോടുകൾ ഏകീകരിക്കുകയെന്ന ദൗത്യമാണ് ഇൻഡ്യ മുന്നണിയുടേത്. ഫാസിസത്തിനും, വർഗീയതക്കെതിരെയുമുള്ള പോരാട്ടത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്ക് ഏറെ പ്രസക്തിയുണ്ട്. മുഖ്യമന്ത്രി സർകാരിൻ്റെ നേട്ടങ്ങൾ എവിടെയും പറയുന്നില്ല. നരേന്ദ്ര മോദിക്കും, അമിത് ഷായ്ക്കുമെതിരെയും ഒരക്ഷരം ഉരിയാടുന്നില്ല. ഇത് സിപിഎം - ബിജെപി അന്തർധാരയുടെ ഭാഗമാണ്. ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ ആദ്യ കാബിനറ്റിൽ തന്നെ സി എ എ അടക്കമുള്ള കരിനിയമങ്ങൾ റദ്ദാക്കും.
രാജ്മോഹൻ ഉണ്ണിത്താനെതിരെ സിപിഎം സ്ഥാനാർഥി തന്നെ വർഗീയ ധ്രുവീകരണവുമായി രംഗത്ത് വന്നതിനെതിരെ തിരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും. തളങ്കര പ്രദേശം മാലിക് ദീനാർ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണാണ്. മത സൗഹാർദത്തിൻ്റെ ഈറ്റില്ലമാണ്. എന്നിട്ടും ഈ പ്രദേശത്തെ വർഗീയമായി ചിത്രീകരിക്കാൻ എൽ ഡി എഫ് സ്ഥാനാർഥി തന്നെ രംഗത്ത് വന്നത് പ്രതിഷേധാർഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എംഎൽഎമാരായ എകെഎം അശ്റഫ്, എൻ എ നെല്ലിക്കുന്ന്, ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ, യുഡിഎഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി, കെപിസിസി സെക്രടറി കെ നീലകണ്ഠൻ, യുഡിഎഫ് ജില്ലാ സെക്രടറി അഡ്വ. എ ഗോവിന്ദൻ നായർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
'തൊഴിലാളികളെ മറന്ന സർക്കാരുകൾക്കെതിരെ വിധിയെഴുതുക'
തൊഴിലാളികളെ മറന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിധിയെഴുതണമെന്ന് യുഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻറെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.ടി.എഫ് ജില്ലാ കമ്മിറ്റി കാസർകോട് മുനിസിപ്പൽ കോൺഫറൺസ് ഹാളിൽ സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.
തൊഴിലാളികൾ കാലങ്ങളായി നേടിയെടുത്ത തൊഴിൽ സുരക്ഷിതത്വവും നിയമപരമായ അവകാശങ്ങളും അപ്പാടെ ഇല്ലാതാക്കി തൊഴിൽ നിയമങ്ങളെല്ലാം കോർപ്പറേറ്റുകൾക്കായി അടിയറ വെച്ച കേന്ദ്ര സർക്കാരിനും ക്ഷേമ പെൻഷൻ ഔദാര്യമാക്കി ക്ഷേമബോർഡുകളെ തകർത്ത സംസ്ഥാന സർക്കാരിനുമെതിരെ തൊഴിലാളികളും കുടുംബങ്ങളും ബാലറ്റിലൂടെ പ്രതികരിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.ജി.ദേവ് സ്വാഗതം പറഞ്ഞു. എസ്. ടി യു സംസ്ഥാന പ്രസിഡണ്ട് അഡ്വ.എം.റഹ്മത്തുള്ള മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, യു.ഡി.എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി, ഡി.സി.സി.പ്രസിഡണ്ട് പി.കെ.ഫൈസൽ, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, കെ. നീലകണ്ഠൻ, അഡ്വ.എ.ഗോവിന്ദൻ നായർ, പി.എം.മുനീർ ഹാജി, കെ.പി.മുഹമ്മദ് അഷ്റഫ്, ശരീഫ് കൊടവഞ്ചി, എ.അഹമ്മദ് ഹാജി, അഷ്റഫ് എടനീർ, മാഹിൻ കേളോട്ട്, കെ.ഖാലിദ്, മുത്തലിബ് പാറക്കെട്ട്, കരിവള്ളൂർ വിജയൻ, നാഷണൽ അബ്ദുല്ല, കെ.എം ബഷീർ, കെ.എം.ശ്രീധരൻ, തോമസ് സെബാസ്റ്റ്യൻ, സി.ഒ.സജി, എൻ.ഗംഗാധരൻ, ഷംസുദ്ദീൻ ആയിറ്റി, മുംതാസ് സമീറ, മാഹിൻ മുണ്ടക്കൈ, കുഞ്ഞാമദ് കല്ലൂരാവി, അർജുൻ തായലങ്ങാടി, ആർ.ഗംഗാധരൻ, ടോണി, രമേശൻ കരുവാച്ചേരി, എൽ.കെ.ഇബ്രാഹിം, ടി.പി.മുഹമ്മദ് അനീസ്, ബീഫാത്തിമ ഇബ്രാഹിം, ടി.പി.മുഹമ്മദ് അനീസ്, എം.വി.പത്മനാഭൻ, വിനോദ് അരമന, സമീറ ഖാദർ സംസാരിച്ചു.