Prohibitory Order | ലോക്‌സഭ തിരഞ്ഞെടുപ്പ്: കാസർകോട് അടക്കം വിവിധ ജില്ലകളിൽ 3 ദിവസം നിരോധനാജ്ഞ
* ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍
കാസര്‍കോട്: (KasaragodVartha) ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് അടക്കം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മൂന്ന് ദിവസം നിരോധനാജ്ഞ. 24 ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് കൊട്ടിക്കലാശം കഴിയുന്നതുമുതല്‍ 27ന് വൈകീട്ട് ആറ് മണിക്ക് വോടെടുപ്പ് കഴിയുന്നതുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമീഷന്റെ നിയമത്തില്‍ പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കാസർകോട് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊട്ടികലാശത്തിന് ശേഷം പൊതുയോഗങ്ങളോ, മറ്റ് പരിപാടികളോ പാടില്ല. അഞ്ചിൽ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുകയോ, ആയുധങ്ങള്‍ കൈവശം വെക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്.
അവശ്യ സര്‍വീസുകളായ മെഡികല്‍ എമര്‍ജന്‍സി, ക്രമസമാധാന പലനം, അഗ്‌നിരക്ഷാ സേന, സര്‍കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം എന്നിവ തടസമില്ലാതെ നടത്താം. സ്ഥാനാർഥികളുടെ നിശബ്ദ പ്രചാരണത്തിന് വിലക്കുകളില്ല. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.