PK Kunhalikutty | 'രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങി'; ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ഇത് പ്രതിഫലിച്ചുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
* 'എല്ലാ മേഖലകളിലും കുടിശ്ശിക വരുത്തിയിട്ടുള്ള സർക്കാരാണ് ഇവിടെ ഭരിക്കുന്നത്'
മൊഗ്രാൽ: (KasaragodVartha) രാജ്യത്തിന്റെ സകല മേഖലകളിലും വർഗീയ വിഷവിത്ത് പാകുന്ന കേന്ദ്രസർക്കാരിന്റെ മരണമണി മുഴങ്ങുകയാണെന്നും, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ഇത് പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ടെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മൊഗ്രാലിൽ രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടം ചോദിക്കുന്ന സംസ്ഥാന സർക്കാരും, കടം കൊടുക്കാതിരിക്കുന്ന കേന്ദ്രസർക്കാരും സംസ്ഥാനത്തെ സാധാരണക്കാരുടെ പെൻഷൻ പോലും കുടിശ്ശിക വരുത്തി ശ്വാസംമുട്ടിക്കുകയാണ്. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും കുടിശ്ശിക വരുത്തിയിട്ടുള്ള സർക്കാരാണ് ഇവിടെ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഭരണം സാമ്പത്തിക പ്രതിസന്ധിയിൽ നിശ്ചലമാണ്. ഇതിനെതിരെയുള്ള ജനവികാരം ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സിടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, മുനീർ ഹാജി, അബ്ബാസ് മംഗൽപാടി, എകെ ആരിഫ്, മഞ്ജുനാഥ ആൾവ, അസീസ് മരിക്കെ, യുസുഫ് ബന്തിയോട്, ബി എൻ മുഹമ്മദലി, ടി എം ശുഐബ്, നാസർ മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു.