Reception | എൽഡിഎഫ് സ്ഥാനാർഥിയെ സ്വീകരിക്കാനെത്തി കല്ലുമ്മക്കായ കർഷകർ; എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് തൃക്കരിപ്പൂരിൽ വരവേൽപ്

* പര്യടനം മുഴക്കോം എ കെ ജി മന്ദിരം പരിസരത്ത് സമാപിച്ചു
തൃക്കരിപ്പൂർ: (KasaragodVartha) എൽഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്ണൻ മാസ്റ്റർക്ക് തൃക്കരിപ്പൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻവരവേൽപ്. ആയിറ്റിയിൽ കല്ലുമ്മക്കായ കർഷകരായ ഒരുകൂട്ടമാളുകൾ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയത് വേറിട്ട കാഴ്ചയായി. ബാലകൃഷ്ണൻ മാസ്റ്ററെ സ്വീകരിക്കാനും തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ പങ്കുവെക്കാനുമാണ് ഇവരെത്തിയത്.
കല്ലുമ്മക്കായ കർഷകർക്ക് സംസ്ഥാന സർകാർ മാത്രമാണ് സബ്‌സിഡി നൽകുന്നതെന്നും വിദേശ രാജ്യങ്ങളിലേക്കുപോലും കയറ്റി അയക്കുന്ന കല്ലുമ്മക്കായക്ക് കേന്ദ്രം ഒരുസഹായവും നൽകുന്നില്ലെന്നും കർഷകർ പരാതിപ്പെട്ടു. കാലാവസ്ഥ കാരണം കൃഷി പലപ്പോഴും നശിക്കുന്നുവെന്നും കർഷകരുടെ നീറുന്ന പ്രശ്‌നം അവതരിപ്പിച്ച് കർഷകർക്ക് ആശ്വാസമേകാൻ മാഷ് തന്നെ പാർലമെന്റിൽ എത്തണമെന്നും കർഷകർ പറഞ്ഞു. കർഷകനായ കെ പി കൃഷ്‌ണൻ കല്ലുമ്മക്കായ നൽകി സ്ഥാനാർഥിയെ സ്വീകരിച്ചു.
ചൊവ്വാഴ്‌ച തൃക്കരിപ്പൂർ മണ്ഡലത്തിലെ കേന്ദ്രങ്ങളിലെല്ലാം ആവേശകരമായ സ്വീകരണമാണ് എംവി ബാലകൃഷ്ണൻ മാസ്റ്റർക്ക് ലഭിച്ചത്. രാവിലെ പള്ളിക്കര മുണ്ടേമ്മാട് റോഡിൽ നിന്നും പര്യടനം ആരംഭിച്ചു. പാലായി സെന്റർ, പട്ടേന ജനശക്തി, അഴിത്തല, എരിഞ്ഞിക്കീൽ, ആയിറ്റി, തങ്കയം അബ്ദുറഹ്‌മാൻ വായനശാല പരിസരം, കിനാത്തിൽ, പോത്താംകണ്ടം, കടുമേനി, പുങ്ങംചാൽ, ഭീമനടി, പെരുമ്പട്ട, പുലിയന്നൂർ, ആലന്തട്ട എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം മുഴക്കോം എ കെ ജി മന്ദിരം പരിസരത്ത് സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ എം രാജഗോപാലൻ എംഎൽഎ, സാബു അബ്രഹാം, സി ജെ സജിത്ത്, കെ വി ജനാർദനൻ, പി ഭാർഗവി, മുകേഷ് ബാലകൃഷ്‌ണൻ, പി വി തമ്പാൻ, എൻ സുകുമാരൻ, എ ജി ബഷീർ, പി വിജയകുമാർ, ജെയിംസ് മാരൂർ, വി വി കൃഷ്‌ണൻ, കെ എൻ ബാലകൃഷ്‌ണൻ, ഇ കുഞ്ഞിരാമൻ, കെ സുധാകരൻ, ടി കെ സുകുമാരൻ, പി സി സുബൈദ, മുഹമ്മദ് റാഫി, രജീഷ് വെള്ളാട്ട് എന്നിവർ സംസാരിച്ചു.