Muslim League | കാസർകോട്ട് വീഡിയോ വിവാദം, വിമർശനവുമായി മുസ്ലിം ലീഗ്; മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ വർഗീയമായി ചിത്രീകരിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന് എ അബ്ദുർ റഹ്‌മാൻ
* 'കാസർകോട് എവിടേയും മതം നോക്കി വോട്ട് ചെയ്യുന്നതായി അറിവില്ല'
* 'മതചിഹ്നങ്ങൾ കാണുമ്പോൾ വിളറി പിടിക്കാൻ വെമ്പി നിൽക്കുന്നവരല്ല ഇന്നാട്ടിലെ ജനങ്ങൾ'
* ബാലകൃഷ്ണൻ മാസ്റ്റർ മാപ്പ് പറയണമെന്ന് നേതാക്കൾ
കാസർകോട്: (KasaragodVartha) ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോക്കെതിരെ വിമർശനവുമായി മുസ്ലിം ലീഗ്. തളങ്കര പ്രദേശത്തെ സിപിഎം സ്ഥാനാർഥി എംവി ബാലകൃഷ്ണൻ മാസ്റ്റർ അപമാനിച്ചതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ആരോപിച്ചു. കാസർകോട് എവിടേയും മതം നോക്കി വോട്ട് ചെയ്യുന്നതായി അറിവില്ല, ഒരുപക്ഷേ സിപിഎമ്മുകാർ ചെയ്യുന്നുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.
ബഹുഭൂരിപക്ഷം മുസ്ലിം വോട്ടർമാർ തിങ്ങിപ്പാർക്കുന്ന തളങ്കരയേയും ഹസ്രത്ത് മാലിക് ദീനാർ അന്തിയുറങ്ങുന്ന മണ്ണും ഒരിക്കലും വർഗീയമല്ല. മാനവ സൗഹർദത്തിൻ്റെയും മാനവ മൈത്രിയുടെയും ഈറ്റില്ലമാണ് തളങ്കരയും കാസർകോടുമെല്ലാം. നാല് വോട്ടിന് വേണ്ടി നിങ്ങളുടെ നെറി കെട്ട രാഷ്ട്രീയം ഇവിടെ നടക്കില്ലെന്നും മാഹിൻ ഹാജി കൂട്ടിച്ചേർത്തു.
പരസ്പരം മതചിഹ്നങ്ങൾ കാണുമ്പോൾ വിളറി പിടിക്കാൻ വെമ്പി നിൽക്കുന്നവരല്ല ഇന്നാട്ടിലെ ജനങ്ങൾ
എന്നിരിക്കെയാണ് തളങ്കരയിലേക്ക് പര്യടനത്തിനെത്തുന്ന സ്ഥാനാർത്ഥി കയ്യിലെ ചരട് മുറിക്കുന്നതും കുറി മായ്ച്ച് മുണ്ട് ഇടത്തോട്ടുടുക്കുന്നതുമായ പ്രചാരണ വീഡിയോ സിപിഎം പുറത്തിറക്കുന്നത്. എന്തുമാത്രം മുൻവിധിയും കാപട്യവുമാണ് ഇവരെ നയിക്കുന്നത്. മതം പറഞ്ഞ് ജനങ്ങളെ തമ്മിൽ തെറ്റിക്കാൻ ഇവിടെ ബിജെപി ഉണ്ട് എന്നിരിക്കെ ഇത്തരത്തിൽ തരംതാണ പ്രചാരണം നടത്തുന്ന സിപിഎം ബിജെപിയിൽ ലയിക്കുന്നതാണ് അഭികാമ്യമെന്നും കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
ബാലകൃഷ്ണൻ മാസ്റ്റർ മാപ്പ് പറയണമെന്ന് എ അബ്ദുൽ റഹ്‌മാൻ
തളങ്കര പ്രദേശത്തെയും അവിടത്തെ മുഴുവൻ ജനങ്ങളെയും വർഗീയ വാദികളാക്കി വിദ്വേഷ പ്രചാരണം നടത്തുന്ന എൽഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ മാസ്റ്റർ മാപ്പ് പറയണമെന്നും ഇത്തരം തരംതാണ പ്രചരണം നടത്തി ഭൂരിപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിച്ച് വോട്ട് തട്ടാമെന്നത് വ്യാമോഹമാണെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഫേസ്ബുക് പേജിൽ വന്ന ഔദ്യോഗിക പ്രചാരണ വീഡിയോയിലാണ് ജില്ലയിലെ തന്നെ മതമൈത്രിയുടെ ഈറ്റില്ലമായ തളങ്കരയെ വളരെ മോശമായി ചിത്രീകരിക്കുകയും അതിലുപരി അസഹിഷ്ണതടെയും വർഗീയതയുടെയും ഇടമായി ചിത്രീകരിച്ചുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നത്. സി.പി.എമ്മിന് വിരലിലെണ്ണാവുന്നവർ പോലുമില്ലാത്ത തളങ്കരയിൽ കൊടികെട്ടിയ വണ്ടിയുമായി വന്ന് പ്രസംഗിച്ച് പോകാൻ കഴിയുന്നത് തളങ്കരക്കാരുടെ സഹിഷ്ണത കൊണ്ടാണെന്ന തിരിച്ചറിവ് സി.പി.എം നേതാക്കൾക്കുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് പാർട്ടിക്കാരുടെ കൊടിപോലും കെട്ടാൻ വിടാത്ത പാർട്ടി ഗ്രാമങ്ങൾ ഈ ജില്ലയിൽ സി.പി.എമ്മിനുണ്ട്.
വർഗീയ പ്രചാരണത്തിൽ ബി.ജെ.പി.യെ കടത്തിവെട്ടുന്ന സി.പി.എമ്മിൻ്റെ കപടമുഖം ജനാധിപത്യവിശ്വാസികൾ തിരിച്ചറിയണമെന്നും അബ്ദുൽ റഹ്മാൻ കൂട്ടിച്ചേർത്തു.
മത ചിഹ്നങ്ങളെയും കാസർകോട്ടെ ജനതയെയും അവഹേളിച്ച എൽഡിഎഫ് സ്ഥാനാർഥിയെ അയോഗ്യനാക്കണം -യൂത്ത് ലീഗ്
ഇടതു സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിലൂടെ തളങ്കര ദേശത്തെയും, കാസർകോട്ടെ ജനതയെയും ആകമാനം അവഹേളിച്ചിരിക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മണ്ഡലം ഭാരവാഹികളുടെ യോഗം അഭിപ്രായ പ്പെട്ടു. തളങ്കരയുടെ ഉള്ളടക്കം വർഗീയതയുടേതല്ല. അത് മത സൗഹാർദ്ധ ത്തിൻറെയും സാഹോദര്യത്തിൻറെയും പരസ്പര ബഹുമാനത്തിൻറെതുമാണ്.
വോട്ടിന് വേണ്ടി മാലിക്ദീനാർ (റ) അന്തിയുറങ്ങുന്ന തളങ്കരയുടെ മണ്ണിൻറെ ഉള്ളടക്കം വർഗീയമാണെന്ന രീതിയിൽ ഔദ്യോഗികമായി പ്രചാരണ വീഡിയോ ഇറക്കിയ ഇടത് മുന്നണിയും സി പി എം നേതാവ് കൂടിയായ കാസർകോട്ടെ എൽ ഡി.എഫ് സ്ഥാനാർത്ഥിയും, സിപിഎം ചാർജ് വഹിക്കുന്ന പാർട്ടി സെക്രട്ടറി സി എച്ച് കുഞ്ഞമ്പുവും ഒരു നാടിനെ മാത്രമല്ല സംസ്കാരത്തെയും വിശ്വാസത്തെയും സമൂഹത്തെ മുഴുവനുമായാണ് അവഹേളിച്ചിരിക്കുന്നത്. മത ചിഹ്നങ്ങളെയും നാടിനെയും അവഹേളിച്ച എൽ ഡി എഫിന്റെ സ്ഥാനാർത്ഥിത്വത്തിന് അയോഗ്യത നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.
വീഡിയോക്കെതിരെ വ്യാപകമായി പ്രതിഷേധം ഉണ്ടായ സാഹചര്യത്തിൽ ഫേസ് ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്ത് കാര്യവും യോഗം ചൂണ്ടിക്കാട്ടി.. പ്രസിഡന്റ് സിദ്ദീഖ് സന്തോഷ് നഗർ ആധ്യക്ഷ്യം വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു, പി.ബി ശഫീഖ്, നൗഫൽ തായൽ, ഖലീൽ സിലോൺ, സി ടി റിയാസ്, റഹ് മാൻ തൊട്ടാൻ സംസാരിച്ചു.