LS Polls | ഈ കോട്ട ആരുപിടിക്കും? ഇക്കുറി ചെങ്കൊടി പാറിക്കുമെന്ന് എല്‍ഡിഎഫ്, കൈവിടില്ലെന്ന് കെ സുധാകരന്‍, വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ എന്‍ഡിഎ; കണ്ണൂർ അടുത്തറിയാം
* കണ്ണൂര്‍, അഴീക്കോട്, തളിപ്പറമ്പ്, ഇരിക്കൂര്‍, പേരാവൂര്‍, ധര്‍മടം, മട്ടന്നൂര്‍ എന്നിവയാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലുള്ളത്
/ അദ്വൈത് അവിനാശ്
കണ്ണൂര്‍: (KasaragodVartha) കണ്ണൂരിലെ തോല്‍വിയെന്നാല്‍ ഇടതുവലതുമുന്നണികള്‍ക്ക് ആലോചിക്കാന്‍ കൂടി കഴിയാത്ത സാഹചര്യമാണുളളത്. കണക്കുകൂട്ടലുകള്‍ നടത്തുമ്പോള്‍ ഇടതു - വലതു മുന്നണികള്‍ക്ക് എറ്റവും നെഞ്ചിടിപ്പുള്ള മണ്ഡലവും കണ്ണൂര്‍ തന്നെ. കേരളത്തിലെ കോണ്‍ഗ്രസിന്റെ അമരക്കാരന്‍ കൂടിയായ സുധാകരനെതിരെ മത്സരിക്കുന്നത് ഇന്ത്യയില്‍ തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതല്‍ സംഘടനാ സംവിധാനമുള്ള ജില്ലയുടെ സെക്രട്ടറി കൂടിയായ എം വി ജയരാജന്‍. കണ്ണൂരില്‍ സി.പി.എമ്മിനെ നേര്‍ക്കുനേര്‍ നിന്ന് നേരിട്ട നേതാവായ സുധാകരന് മുന്നില്‍ ജില്ലാ സെക്രട്ടറിക്ക് അടിപതറിയാല്‍ സി.പി.എമ്മിന് അതു പ്രഹരമാകും. അതുകൊണ്ട് അരയും തലയും മുറുക്കിയുള്ള പ്രചാരണമാണ് പാര്‍ട്ടിയുടേത്.
കെ.പി.സി.സി അധ്യക്ഷന്‍ പരാജയപ്പെടുന്ന സാഹചര്യം കോണ്‍ഗ്രസിനും ചിന്തിക്കാവുന്നതല്ല. തിരഞ്ഞെടുപ്പാനന്തരം അതിന്റെ അലയൊലികള്‍ പാര്‍ട്ടിയുടെ മുന്നോട്ടു പോക്കിന് തന്നെ ഭീഷണി സൃഷ്ടിക്കും. ഏറ്റുമുട്ടുന്നത് കോണ്‍ഗ്രസ് എന്നതിനെക്കാള്‍ സുധാകരനോടാണെന്ന ചിന്തയിലാണ് ശക്തി കേന്ദ്രങ്ങള്‍ ഉഴുതുമറിച്ച് സി പി.എം പ്രചാരണം നടത്തുന്നത്. സുധാകരനെ വ്യക്തിപരമായി ലഷ്യമിട്ടുകൊണ്ടുള്ള, അദ്ദേഹം ജയിച്ചു കഴിഞ്ഞാല്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണം സോഷ്യല്‍മീഡിയയിലും അല്ലാതെയും നടത്തുന്നത് അതുകൊണ്ടാണെന്നാണ് വിലയിരുത്തല്‍. തോട്ടടയില്‍ ആര്‍.എസ്.എസ് ശാഖയ്ക്ക് കാവല്‍നില്‍ക്കാന്‍ പ്രവര്‍ത്തകരെ അയച്ചുവെന്ന സുധാകരന്റെ പ്രസംഗം മുഖ്യവിഷയമാക്കിയാണ് സി.പി. എം കടന്നാക്രമണം ശക്തമാക്കിയത്.
കണ്ണൂരില്‍ സി.പി.എം ശക്തി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രകടമാണ്. വിജയിക്കുന്ന മണ്ഡലങ്ങളില്‍ ലഭിക്കുന്നത് വലിയ ഭൂരിപക്ഷവും. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഈ രീതിക്ക് മാറ്റമുണ്ടാകാറുണ്ട്. അത് പ്രതിരോധിക്കുന്നതിനുള്ള പരിശ്രമമാണ് സി.പി.എം പ്രധാനമായും നടത്തുന്നത്. പ്രചാരണത്തില്‍ എല്‍.ഡി.എഫ് ഏറെ മുന്‍പിലായിരുന്നുവെങ്കിലും പിന്നീട് ഫോട്ടോ ഫിനിഷിങിലൂടെ യു.ഡി.എഫും എന്‍.ഡി.എയും ഒപ്പമെത്തുകയായിരുന്നു.
മത്സരിക്കുന്ന നേതാവിന്റെ വലുപ്പം നിര്‍ണായകമാകുന്ന മണ്ഡലമാണ് കണ്ണൂര്‍. എ.കെ.ജി.യും സി.കെ. ചന്ദ്രപ്പനുമെല്ലാം മണ്ഡലത്തെ പ്രതിനിധാനം ചെയ്തവരാണ്. പക്ഷേ, 1984-മുതല്‍ അഞ്ചു തവണ മണ്ഡലത്തെ കൂടെ നിറുത്തിയത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. ആറാം തവണ പക്ഷേ, എ.പി അബ്ദുല്ലക്കുട്ടി മണ്ഡലം എല്‍.ഡി.എഫിലേക്ക് തിരിച്ചുപിടിച്ചു. 2009-ല്‍ കെ സുധാകരന്‍ ഇറങ്ങിയാണ്, വീണ്ടും കണ്ണൂര്‍ മണ്ഡലം യു.ഡി.എഫിന്റെ കൈയിലെത്തിച്ചത്. 2014-ല്‍ പക്ഷേ കാലിടറി. പി.കെ ശ്രീമിതി ജയിച്ചു. 2019-ല്‍ ശ്രീമതി - സുധാകരന്‍ പോര് ആവര്‍ത്തിച്ചു. ഇടതുപക്ഷത്തിന്റെ കോട്ടകളില്‍പ്പോലും സുധാകരന്‍ ലീഡ് നേടി ജയിച്ചു. ഇത്തവണ മത്സരിക്കാനെത്തുമ്പോള്‍ സുധാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അമരക്കാരനാണ്. മണ്ഡലത്തിന്റെ മുക്കും മൂലയും അറിയാമെന്നതാണ് എം.വി ജയരാജന്റെ കരുത്ത്. അതിനാല്‍, ഫലം പ്രവചനാതീതമാണ്.
കണ്ണൂര്‍ ജില്ലയിലെ 11 അസംബ്ലി മണ്ഡലങ്ങളില്‍ കണ്ണൂര്‍, അഴീക്കോട്, തളിപ്പറമ്പ്, ഇരിക്കൂര്‍, പേരാവൂര്‍, ധര്‍മടം, മട്ടന്നൂര്‍ എന്നിവയാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ഇതില്‍ മട്ടന്നൂര്‍, ധര്‍മടം, തളിപ്പറമ്പ് എന്നിവ സി.പി.എം ശക്തി കേന്ദ്രങ്ങളാണ്. പേരാവൂര്‍, ഇരിക്കൂര്‍ എന്നിവ യു.ഡി.എഫ്. ശക്തികേന്ദ്രങ്ങളും. കണ്ണൂരിലും അഴീക്കോട്ടും ഇരുമുന്നണികള്‍ക്കും സ്വാധീനമുണ്ട്. കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും ഈ മണ്ഡലങ്ങളിലുള്ള സ്വാധീനം അടിത്തറയാക്കിയാണ് യു.ഡി.എഫ്. കണ്ണൂര്‍ ലോക്‌സഭാ സീറ്റില്‍ ജയം സ്വന്തമാക്കുന്നത്. ഇടത് കേന്ദ്രങ്ങളില്‍ അവരുടെ ലീഡും കുറയ്ക്കുമ്പോള്‍ ജയം കൈയിയെലത്തുമെന്നതാണ് കണക്കുകൂട്ടല്‍.
2019ലെ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍, അഴീക്കോട്, പേരാവൂര്‍, ഇരിക്കൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ സുധാകരന്‍ ലീഡ് നേടി. ധര്‍മടവും മട്ടന്നൂരും മാത്രമാണ് ഇടതിനൊപ്പം നിന്നത്. തൊട്ടുമുന്‍പത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 40,000-ലധികം വോട്ടിന് സി.പി.എമ്മിലെ ജെയിംസ് മാത്യു ജയിച്ച തളിപ്പറമ്പില്‍ സുധാകരന്‍ 725 വോട്ടിന് മുന്നിലെത്തിയത് സി.പി.എമ്മിനെ ഞെട്ടിച്ചിരുന്നു. മട്ടന്നൂരും ധര്‍മടത്തും ലീഡ് കുറയുകയും ചെയ്തു. എന്നാല്‍, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും എല്‍.ഡി.എഫും. ശക്തമായി തിരിച്ചുവന്നു.
മട്ടന്നൂരില്‍ കെ.കെ. ശൈലജ 60,963 വോട്ടിനും ധര്‍മടത്ത് പിണറായി വിജയന്‍ 50,123 വോട്ടിനും ജയിച്ചു. തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്‍ 22,689 വോട്ടിനും. കണ്ണൂര്‍ നിലനിറുത്തുകയും അഴീക്കോട് പിടിച്ചെടുക്കുകയും ചെയ്തു. ഇരിക്കൂറും പേരാവൂരും യു.ഡി.എഫിന് ഒപ്പം നിന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ ഭൂരിപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് എല്‍.ഡി.എഫ്. നീങ്ങുന്നത്. നിയമസഭാ മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണത്തെപ്പോലെ എതിര്‍ തരംഗം ഉണ്ടാവില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ വീണ്ടും മാറിമറിയുമെന്നും കെ. സുധാകരന്‍ നിലനിറുത്തുമെന്നും യു.ഡി.എഫ്. അവകാശവാദം ഉന്നയിക്കുന്നു.
ഇരുമുന്നണികളെയും ഞെട്ടിച്ചു കൊണ്ട് ഓരോ തിരഞ്ഞെടുപ്പിലും എന്‍.ഡി.എയുടെ വോട്ടുവിഹിതം കൂടി വരുന്നത് കാണാതിരിക്കാന്‍ കഴിയില്ല. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍. മുന്‍ കോണ്‍ഗ്രസ് നേതാവും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും കൂടിയായ സി.രഘുനാഥ് കൂടുതല്‍ വോട്ട് സമാഹരിക്കുന്നത് യു.ഡി.എഫിന് ക്ഷീണമാകുമെന്നാണ് ഇടത് ക്യമ്പിലെ വിലയിരുത്തല്‍. അതേ സമയം, കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഏതാണ്ട് 19,000 വോട്ട് എസ്.ഡി.പിഐയ്ക്കുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിക്കാകട്ടെ പതിനായിരത്തിലേറെ വോട്ടുകളുണ്ട്. ഇതു യു.ഡി. എഫിന് ലഭിക്കുന്നത് മുന്നണിക്ക് പ്രതീക്ഷയേകുന്ന ഘടങ്ങളിലൊന്നാണ്.