Kottikalasam | തിരഞ്ഞെടുപ്പ് ആവേശം അലകടലായി കൊട്ടിയിറങ്ങി; വ്യാഴാഴ്ച നിശബ്ദ പ്രചാരണം; കേരളം വെള്ളിയാഴ്ച വിധിയെഴുതും
കാസർകോട്: (KasaragodVartha) ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ ആവേശകരമായ സമാപനം. തിരഞ്ഞെടുപ്പിന്റെ വീറും വാശിയും തെളിയിക്കുന്നതായിരുന്നു മുന്നണികളുടെ കലാശക്കൊട്ട്. വൈകീട്ട് ആറ് മണിക്കാണ് പരസ്യപ്രചാരണം അവസാനിച്ചത്. പാട്ടും നൃത്തവും മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകർ മത്സരിച്ച് കൊട്ടിക്കലാശം ആഘോഷമാക്കി. കൊട്ടിക്കലാശത്തിന്റെ ഭാഗമായി റോഡ് ഷോയും, മറ്റ് പ്രകടനങ്ങളും അരങ്ങേറിയിരുന്നു.
യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താനും എൻ ഡി എ സ്ഥാനാർഥി എം എൽ അശ്വിനിയും കാസർകോട് നഗരത്തിലും എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർ പയ്യന്നൂരിലുമാണ് കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്. ബാലകൃഷ്ണൻ മാസ്റ്റർ ബുധനാഴ്ച രാവിലെ ജില്ലയുടെ വടക്കേ അറ്റമായ ഹൊസങ്കടിയിൽ നിന്നാണ് പ്രചാരണ പരിപാടി ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളിൽ പര്യടനത്തിന് ശേഷം വൈകീട്ട് അഞ്ച് മണിയോടെ പയ്യന്നൂരിലെത്തി.
രാജ്‌മോഹൻ ഉണ്ണിത്താൻ വൈകീട്ടോടെ കളനാട് നിന്ന് പ്രചാരണ ജാഥയായി ആരംഭിച്ച് കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ എത്തി കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം അവസാനിപ്പിച്ചു. എം എൽ അശ്വിനിയുടെ പര്യടനം ബുധനാഴ്ച രാവിലെ 11 മണിക്ക് കുഞ്ചത്തൂരിൽ നിന്നാണ് ആരംഭിച്ചത്. വൈകീട്ടോടെ കസബ കടപ്പുറത്ത് നിന്നും തുടങ്ങി എയർലൈൻസ് ജൻക്ഷൻ വഴി പ്രസ് ക്ലബ് ജൻക്ഷനിൽ സമാപന വേദിയിലെത്തി.
പരസ്യപ്രചാരണം അവസാനിച്ചതോടെ ഇനി പൊതു യോഗങ്ങൾ, പ്രകടനങ്ങൾ തുടങ്ങിയവയ്ക്ക് അനുവാദമില്ല. വ്യാഴാഴ്ച നിശബ്ദ പ്രചാരണത്തിലായിരിക്കും സ്ഥാനാർഥികൾ മുഴുവൻ. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും പരമാവധി വോട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് വോടെടുപ്പ്. ജൂൺ നാലിനാണ് ഫലപ്രഖ്യാപനം.
എൽഡിഎഫിന്റെ റോഡ്‌ഷോ ആവേശമായി
എൽഡിഎഫ് കാസർകോട് ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്‌റ്റർ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തോടനുബന്ധിച്ച് നടത്തിയ റോഡ്‌ഷോ ആവേശമായി. ബുധനാഴ്‌ച രാവിലെ ഹൊസങ്കടിയിൽ നിന്നാരംഭിച്ച റോഡ്‌ഷോ ഏഴ് മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് കൊട്ടിക്കലാശത്തോടെ പയ്യന്നൂരിൽ സമാപിച്ചു. തുറന്ന വാഹനത്തിൽ വോട്ടർമാരെ അഭിവാദ്യം ചെയ്‌ത് നീങ്ങിയ മാഷിനെ നൂറുകണക്കിന് വാഹനങ്ങളിലായി പ്രവർത്തകർ അനുഗമിച്ചു. പാതയോരങ്ങളിൽ ആളുകൾ അഭിവാദ്യം ചെയ്യാനും സ്വീകരിക്കാനുമെത്തി. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ പതാക വീശിയും മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടിയ ജനങ്ങളോട് സ്ഥാനാർഥി വോട്ടഭ്യർഥിച്ചു. ചെമ്പതാകകളും നിറങ്ങളും വെടിക്കെട്ടും വാദ്യമേളങ്ങളും സ്വീകരണത്തെ കൊഴുപ്പിച്ചു.
ഉപ്പള, ബന്തിയോട്, കുമ്പള, മൊഗ്രാൽപുത്തൂർ പാലം, ഏരിയാൽ, അടുക്കത്ത് ബയൽ, കാസർകോട് പുതിയ ബസ്‌സ്റ്റാൻഡ്, ചെമ്മനാട് ജങ്‌ഷൻ, മേൽപ്പറമ്പ, കളനാട്, ഉദുമ, പാലക്കുന്ന്, ബേക്കൽ, പള്ളിക്കര, പൂച്ചക്കാട്, ചിത്താരിപ്പാലം, ചാമുണ്ഡിക്കുന്ന്, മഡിയൻ, നോർത്ത് കോട്ടച്ചേരി, കാഞ്ഞങ്ങാട് ടൗൺ, പടന്നക്കാട്, നീലേശ്വരം മാർക്കറ്റ്, ചെറുവത്തൂർ ടൗൺ, കാലിക്കടവ്, കരിവെള്ളൂർ, വെള്ളൂർ, കോത്തായിമുക്ക്, പെരുമ്പ, ഏഴിലോട്, പിലാത്തറ, ചുമടുതാങ്ങി, മണ്ടൂർ, രാമപുരം, അടുത്തില, പഴയങ്ങാടി, കൊവ്വൽ, ഹനുമാരമ്പലം, കൊവ്വപ്പുറം, തലായിമുക്ക്, ആണ്ടാംകൊവ്വൽ, കണ്ടംകുളങ്ങര, എടനാട് എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് വൈകിട്ട് പയ്യന്നൂരിൽ സമാപിച്ചത്.
ചെങ്കോട്ടയായ പയ്യന്നൂരിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് തുറന്നവാഹനത്തിൽ സ്ഥാനാർഥിയെയും ആനയിച്ച് കൊട്ടിക്കലാശം നടന്നു. ശിങ്കാരിമേളവും നാസിക് ബാൻഡും ബാൻഡ് മേളവും അകമ്പടിയായി. മുന്നണി പാർടികളുടെ പതാകകളും വർണ ബലൂണുകളും കളരി അഭ്യാസവും കൂറ്റൻ ചെങ്കൊടിയുമെല്ലാം റാലിക്ക് കൊഴുപ്പേകി. പതിവില്ലാത്തവിധം പ്രകടനത്തിലും കാഴ്ചക്കാരായും ആയിരങ്ങൾ നഗരത്തിലേക്ക് ഒഴുകിയെത്തി.
എൽഡിഎഫ് നേതാക്കളായ ടി ഐ മധുസൂദനൻ എംഎൽഎ, സി കൃഷ്ണൻ, പി സന്തോഷ്, പി ശശിധരൻ, എം രാമകൃഷ്ണൻ, പി ജയൻ, പി വി ദാസൻ, ഇക്ബാൽ പോപ്പുലർ, പി യു രമേശൻ, കെ ഹരിഹർകുമാർ എന്നിവർ നേതൃത്വം ൽകി. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപനയോഗം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. കെ വി ബാബു അധ്യക്ഷനായി. സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർ, മുൻ എംപി പി കരുണാകരൻ, സി പി ബാബു, വി നാരായണൻ എന്നിവർ സംസാരിച്ചു.
കരുത്തറിയിച്ച് യുഡിഎഫ്
യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യ പ്രചരണത്തിന് സമാപനം കുറിച്ച് കൊണ്ട് നടന്ന കൊട്ടിക്കലാശത്തിൽ കരുത്തറിയിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. ഉച്ചക്ക് മൂന്ന് മണിക്ക് കളനാട് നിന്ന് ആരംഭിച്ച യു.ഡി.എഫ് പ്രചാരണ ജാഥ കാസർകോട് ടൗണിലാണ് സമാപിച്ചത്.
സ്ഥാനാർഥിയുടെ പ്രസംഗത്തിനിടയിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസിൻ്റെയും, കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ നടന്ന റോഡ് ഷോ വേദിയിലേക്ക് കടന്നുവന്നതോടെ യു.ഡി.എഫ് കൊട്ടിക്കലാശത്തിന്റെ അവസാന നിമിഷങ്ങൾ പ്രവർത്തകരുടെ മുദ്രാവാക്യങ്ങളാലും ആർപ്പുവിളികളാലും ആവേശോജ്ജ്വലമായി തീർന്നു.
കല്ലട്ര മാഹിൻ ഹാജി, എൻ എ നെല്ലിക്കുന്ന് എം എൽ എ, പി കെ ഫൈസൽ,സി ടി അഹമ്മദലി, കെ നീലകണ്ഠൻ,എ അബ്ദുൾ റഹ്മാൻ, ബാലകൃഷ്ണൻ പെരിയ,സൈമൺ അലക്സ്,അഡ്വ ഗോവിന്ദൻ നായർ,ഹക്കീം കുന്നിൽ, കെ പി കുഞ്ഞിക്കണ്ണൻ,എ ഗോവിന്ദൻ നായർ, മുനീർ ഹാജി, സി വി ജെയിംസ്, മൂസ ബി ചെർക്കള, കരിവെള്ളൂർ വിജയൻ,കുഞ്ഞമ്പു നമ്പ്യാർ, എംസി പ്രഭാകരൻ, അബ്ദുള്ളക്കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, ധന്യ സുരേഷ്, കെ ഖാലിദ്, കരുൺ താപ്പ, കല്ലട്ര അബ്ദുൽ ഖാദർ, ബിപി പ്രദീപ് കുമാർ, അഡ്വ ജവാദ് പുത്തൂർ മിനി ചന്ദ്രൻ, കാർത്തികേയൻ പെരിയ, ബഷീർ വെള്ളിക്കോത്ത്, രാജൻ പെരിയ, ഗോപകുമാർ, രാജീവൻ നമ്പ്യാർ, അർജ്ജുനൻ തായലൻങ്ങാടി, സി ജെ ടോണി എന്നിവർ കലാശക്കൊട്ടിന് നേതൃത്വം നൽകി.