KUWJ | തിരഞ്ഞെടുപ്പ്: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമത്തില്‍ കെ യു ഡബ്ള്യു ജെ പ്രതിഷേധിച്ചു
* 'യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നു'
കാസര്‍കോട്: (KasargodVartha) പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചെര്‍ക്കള സ്കൂളില്‍ കള്ള വോട്ടിനെ ചൊല്ലി സംഘര്‍ഷം നടക്കുന്നത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ കേരള യൂണിയൻ ഓഫ് വർകിംഗ് ജേണലിസ്റ്റ്സ് (KUWJ) കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
കാസർകോട് നിയോജക മണ്ഡലത്തിലെ ചെർക്കള ഗവ. ഹയർസെക്കൻഡറിയിലെ 111, 112, 113, 114, 115 നമ്പർ ബൂത്തുകളിലും ചെങ്കള എഎൽപി സ്‌കൂളിലെ 106, 107 നമ്പർ ബൂത്തുകളിലുമാണ് കള്ളവോട്ട് നടക്കുന്നുവെന്ന വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൈരളി റിപ്പോര്‍ട്ടര്‍ സിജുകണ്ണന്‍, ക്യാമറമാന്‍ ഷൈജുപിലാത്തറ, മാത്യുഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ സാരംഗ് മാതൃ ഭൂമി റിപ്പോർട്ടർ പ്രദീപ് നാരായണന്‍ എന്നിവരെയാണ് ഒരുകൂട്ടം മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രപ്രവര്‍ത്തകര്‍ക്കുള്ള ഐഡി കാര്‍ഡുണ്ടായിട്ടും യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ജില്ലാ കമ്മിറ്റി ജില്ലാ കലക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു.