Kummanam | കാസർകോടിന്റെ വികസനത്തിന് എൻഡിഎ വിജയിക്കണമെന്ന് കുമ്മനം രാജശേഖരൻ
കാസർകോട്: (KasaragodVartha) നരേന്ദ്രമോദി സർക്കാർ കേരളത്തിലെ കർഷകർക്കും തൊഴിലാളികൾക്കും സ്ത്രീകൾക്കും വേണ്ടി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും കാസർകോടിന്റെ വികസനം ഉറപ്പാക്കാനും എൻഡിഎ സ്ഥാനാർത്ഥി വിജയിക്കേണ്ടത് അനിവാര്യമാണെന്ന് ബിജെപി ദേശീയ സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. ടൗൺ ബാങ്ക് ഹാളിൽ അഭിഭാഷകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉറച്ച തീരുമാനങ്ങൾ എടുക്കാനും അത് നടപ്പാക്കാനും നരേന്ദ്ര മോദി സർക്കാർ കാട്ടിയ ആർജ്ജവം ലോകത്തിൻ്റെ മുന്നിൽ തല ഉയർത്തി നിൽക്കാൻ ഭാരതത്തെ പര്യാപ്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. 10,000 പൗര പ്രമുഖരെ സന്ദർശിച്ച് പ്രചരണം നടത്താൻ അഭിഭാഷകരുടെ സമ്മേളനം തീരുമാനിച്ചു. അഡ്വ എ.സി അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബി. രവീന്ദ്രൻ , അഡ്വ. പി. മനോജ് എന്നിവർ പ്രസംഗിച്ചു. അഡ്വ. കരുണാകരൻ നമ്പ്യാർ സ്വാഗതവും അഡ്വ. അനിൽ കെ.ജി. നന്ദിയും പറഞ്ഞു.