Complaint | 'സിപിഎമിനെ അപമാനിക്കാൻ വോട് നില സംബന്ധിച്ച് വ്യാജപ്രചാരണം'; മൈക്രോ ഒബ്‌സർവർക്കെതിരെ പരാതി നൽകി എൽഡിഎഫ്
നീലേശ്വരം എൽഐസി ബ്രാഞ്ച് ഓഫീസ് ജീവനക്കാരനായ വി ബാലനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്
കാസർകോട്: (KasaragodVartha) സിപിഎമിനെ അപമാനിക്കാൻ വോട് നില സംബന്ധിച്ച് വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് മൈക്രോ ഒബ്‌സർവർക്കെതിരെ എൽഡിഎഫ് കാസർകോട് മണ്ഡലം കൺവീനർ സിജി മാത്യു മുഖ്യ വരണാധികാരി കൂടിയായ കലക്ടർ കെ ഇമ്പശേഖറിന് പരാതി നൽകി. നീലേശ്വരം എൽഐസി ബ്രാഞ്ച് ഓഫീസ് ജീവനക്കാരനായ വി ബാലനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
ചെങ്കള പഞ്ചായതിലെ ചെർക്കള ഗവ. മുസ്ലിം യുപി സ്‌കൂളിലെ രണ്ട് ബൂതിലും സിപിഎമിന് വലിയതോതിൽ വോട് ചോർച്ചയുണ്ടായെന്ന് വാട്സ്ആപ് ഗ്രൂപിൽ ശബ്ദ സന്ദേശം അയച്ചുവെന്നാണ് ആരോപണം. പഞ്ചായതിൽ എൽഡിഎഫ് പ്രതിനിധീകരിക്കുന്ന വാർഡാണെങ്കിലും ലീഗിനും കോൺഗ്രസിനും ശക്തിയുള്ള ഇടമാണ്. യാഥാർഥ്യം ഇതായിരിക്കെ ബൂതിലിരിക്കാൻ ലീഗിനും കോൺഗ്രസിനും ആളില്ലാതിരുന്ന സ്ഥലമാണിതെന്നും അവിടെ എൽഡിഎഫിന് യഥാക്രമം 60, 74 എന്നിങ്ങനെയാണ് ലഭിച്ച വോടെന്നും വോടെണ്ണൽ ജോലിക്ക് പോയപ്പോൾ നേരിൽ ബോധ്യപ്പെട്ടതാണെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നതായി എൽഡിഎഫ് പരാതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ 116-ാം നമ്പർ ബൂതിൽ 325, 117-ാം നമ്പർ ബൂതിൽ 356 എന്നിങ്ങനെയാണ് എൽഡിഎഫിന് ലഭിച്ച വോടുകൾ. കഴിഞ്ഞ തവണത്തേക്കാൾ വോട് വർധിപ്പിച്ചെന്ന് മാത്രമല്ല, രണ്ട് ബൂതിലും എൽഡിഎഫ് ഒന്നാംസ്ഥാനത്തുമുണ്ട്. തിരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക ചുമതലക്കാരനായ മൈക്രോ ഒബ്‌സർവർ നേരിട്ടിറങ്ങി സിപിഎമിനെയും എൽഡിഎഫ് സ്ഥാനാർഥിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ഇറങ്ങിയത് ഗുരുതരമായ കുറ്റമാണെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി.
വോടെണ്ണൽ ദിവസം കാസർകോട് നിയോജക മണ്ഡലത്തിലെ രണ്ടാംനമ്പർ മേശയിലെ വോടെണ്ണൽ ചുമതലയും ബാലനുണ്ടായിരുന്നു. കൃത്യമായ വിവരങ്ങൾ അറിമായിട്ടും തിരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥനാണ് ഇത്തരത്തിൽ തെറ്റായ ശബ്ദസന്ദേശം പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമിച്ചതെന്ന് സിജി മാത്യു കൂട്ടിച്ചേർത്തു.