EC Notice | 'ചരിത്രത്തിലാദ്യമായി പാർട്ടി അധ്യക്ഷന്മാർക്ക് നോട്ടീസ്'; മോദിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ മാത്രമെന്ന് അങ്കിത് മായങ്ക്;
ന്യൂഡെൽഹി: (KasaragodVartha) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിൽ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയ്ക്കും രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും നോട്ടീസ് അയച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി എഴുത്തുകാരൻ അങ്കിത് മായങ്ക്. ചരിത്രത്തിലാദ്യമായി പാർട്ടി അധ്യക്ഷന്മാർക്ക് നോട്ടീസ് അയക്കുന്നത് മോദിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ മാത്രമാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
'ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തികഞ്ഞ കാപട്യത്തെ തുറന്നുകാട്ടുന്നു. മോദിക്കെതിരെ നടപടിയെടുക്കാനുള്ള കടുത്ത സമ്മർദമുണ്ടായി. എന്നാൽ സന്തുലിതമാക്കാൻ, തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്കും നോട്ടീസ് നൽകി. ചരിത്രത്തിലാദ്യമായി പാർട്ടി അധ്യക്ഷന്മാർക്ക് നോട്ടീസ് അയക്കുന്നത് മോദിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ മാത്രമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ നാണക്കേടിൻ്റെ പ്രതിരൂപമായി മാറിയതിനാൽ മോദിക്ക് ക്ലീൻ ചിറ്റ് നൽകുകയും രാഹുൽ ഗാന്ധിയെ ശിക്ഷിക്കുകയും ചെയ്‌താൽ അതിശയിക്കാനില്ല. കോൺഗ്രസ് എത്രയും വേഗം സുപ്രീം കോടതിയെ സമീപിക്കണം', അങ്കിത് മായങ്ക് പോസ്റ്റിൽ പറയുന്നു.
BIG BREAKING 🚨
— Ankit Mayank (@mr_mayank) April 25, 2024
Election Commission has sent notice to Rahul Gandhi for the violation of MCC during a speech in Kerala.
ECI sent the notice via CP Mallikarjun Kharge & asked him to 'ask Rahul Gandhi' to answer by 29th April.
ECI has also sent notice to Narendra Modi via JP… pic.twitter.com/1OfspazYTo
രാജസ്താനിൽ നടത്തിയ വിദ്വേഷ പരാമർശത്തിലാണ് പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നുമുളള പ്രധാനമന്ത്രിയുടെ പരാമർശമാണ് വിവാദമായത്. കേരളത്തിൽ ഉൾപ്പെടെ നടത്തിയ ചില പരാമർശങ്ങളുടെ പേരിലാണ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയത്. ഭാഷയുടെ പേരിൽ ബിജെപി രാജ്യത്തെ വിഭജിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രസംഗം. തിങ്കളാഴ്ച രാവിലെ 11ന് മുന്‍പ് വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.