LS Result | 'മോദി വിരുദ്ധ ന്യൂനപക്ഷ വോടുകൾ അടക്കം യുഡിഎഫിലേക്ക് ചാഞ്ഞു', കാസർകോട്ടെ തോൽവിയിൽ വിലയിരുത്തലുമായി സിപിഎം മുഖപത്രം
'കെപിസിസിയെ കൂട്ടുപിടിച്ച് സമഗ്രമായ ഡിസിസി അഴിച്ചു പണിക്ക് തന്നെ ഉണ്ണിത്താൻ തയ്യാറായേക്കും'
കാസർകോട്: (KasaragodVartha) മോദി മൂന്നാംവട്ടവും വന്നാൽ ഉണ്ടാകാവുന്ന ഭവിഷ്യത്ത് തിരിച്ചറിഞ്ഞ ന്യൂനപക്ഷ വിഭാഗം അടക്കമുള്ള ജനങ്ങൾ കൂട്ടത്തോടെ കോൺഗ്രസിന് അനുകൂലമായി വോട് ചെയ്തതാണ് കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ വിജയത്തിന് കാരണമായതെന്ന് വിലയിരുത്തി സിപിഎം മുഖപത്രം ദേശാഭിമാനി.
കാസർകോട്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥി ആകെ നേടിയ വോടിനേക്കാളും കൂടുതൽ ഉണ്ണിത്താന് ഭൂരിപക്ഷം നേടാനായതും അതാണ് കാണിക്കുന്നതെന്നും റിപോർട് ചൂണ്ടിക്കാട്ടുന്നു. 2019ൽ കൈവിട്ടുപോയ മണ്ഡലത്തെ തിരിച്ചുപിടിക്കാൻ ജില്ലാ സെക്രടറിയെ തന്നെ രംഗത്തിറക്കിയിട്ടും ഒരു ലക്ഷത്തിലേറെ വോടിന്റെ ദയനീയ പരാജയമാണ് കാസർകോട്ട് എൽഡിഎഫിനുണ്ടായത്.
കേന്ദ്രസർകാർ നയങ്ങൾക്കെതിരായ ശക്തമായ വികാരം കാസർകോട് പാർലമെന്റ് മണ്ഡലത്തിലും യുഡിഎഫിനെ തുണച്ചുവെന്നാണ് പാർടി പത്രത്തിന്റെ വിലയിരുത്തൽ. 2019 നേക്കാളും പോളിങ് ശതമാനം കുറഞ്ഞിട്ടും അതിന്റെ ആഘാതം യുഡിഎഫിനുണ്ടായില്ല. ജില്ലാ കോൺഗ്രസ് കമിറ്റിയിലെ മിക്ക നേതാക്കളും ഉണ്ണിത്താന് എതിരായിരുന്നുവെങ്കിലും മുസ്ലിംലീഗിന്റെ അകമഴിഞ്ഞ പിന്തുണയും ഉണ്ണിത്താന് കരുത്തായതായി റിപോർട് വ്യക്തമാക്കുന്നു.
പല സ്ഥലങ്ങളിലും സ്വന്തം പാർടിക്കാർ കാര്യമായി ഇറങ്ങാത്തപ്പോഴും ലീഗ് പ്രവർത്തകർ ഒറ്റക്കെട്ടായി ഉണ്ണിത്താന് പിറകിൽ അണിനിരക്കുന്ന കാഴ്ചയാണ് കണ്ടതെന്നും കോൺഗ്രസിലെ അന്തർസംഘർഷങ്ങൾ തിരിച്ചടിയായില്ലെന്നത് പ്രധാനമാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. പുതിയ സാഹചര്യത്തിൽ കെപിസിസിയെ കൂട്ടുപിടിച്ച് സമഗ്രമായ ഡിസിസി അഴിച്ചു പണിക്ക് തന്നെ ഉണ്ണിത്താൻ തയ്യാറായേക്കുമെന്നും ദേശാഭിമാനി പറഞ്ഞുവെക്കുന്നുണ്ട്.