CPM Complaints | തിരഞ്ഞെടുപ്പ് ദിവസം അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎയെ മുസ്ലിം ലീഗ് പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി സിപിഎം
* സി എച് കുഞ്ഞമ്പുവും മറ്റ് നേതാക്കളും വൈകിട്ട് ആറിന് പോളിങ് അവസാനിച്ച ശേഷമാണ് മടങ്ങിയത്
കാസർകോട്: (KasaragodVartha) തിരഞ്ഞെടുപ്പ് ദിവസം സിപിഎം ജില്ലാ ആക്ടിങ് സെക്രടറി അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎയെ മുസ്ലിം ലീഗ് പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി സിപിഎം ആരോപിച്ചു. ചെർക്കള ഗവ. ഹയർസെകൻഡറി സ്‌കൂളിൽ വ്യാപകമായി കള്ളവോട് ചെയ്യുന്നുവെന്ന പരാതിയെ തുടർന്ന് ഇത് റിപോർട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ അക്രമിച്ചതറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.
ചെർക്കള ഗവ. ഹയർസെകൻഡറി സ്‌കൂളിലെ 111, 112, 113, 114,115 നമ്പർ ബൂതുകളിലും ചെങ്കള എഎൽപി സ്‌കൂളിലെ 106, 107 നമ്പർ ബൂതുകളിലും മുസ്ലിം ലീഗ് പ്രവർത്തകർ വ്യാപകമായി കള്ളവോട് ചെയ്‌തതായി സിപിഎം വരണാധികാരി കൂടിയായ കലക്ടർ കെ ഇമ്പശേഖറിന് പരാതി നൽകിയിരുന്നു. വെള്ളിയാഴ്‌ച വൈകിട്ട് നാലോടെ സ്‌കൂളിലെത്തിയ കൈരളി ന്യൂസ് കാമറാമാൻ ഷൈജു പിലാത്തറ, റിപോർടർ സിജു കണ്ണൻ, മാതൃഭൂമി ന്യൂസ് റിപോർടർമാരായ സാരംഗ്, പ്രദീപ് നാരായണൻ എന്നിവർക്ക് മർദനമേറ്റതായും പരാതിയുണ്ട്.
കള്ളവോട് തടയാൻ ശ്രമിച്ച എൽഡിഎഫ് ബൂത് ഏജന്റുമാരോട് ഇറങ്ങിപ്പോകണമെന്നും ലീഗുകാർ ആവശ്യപ്പെട്ടതായി സിപിഎം പറയുന്നു. ഇതറിഞ്ഞാണ് സി എച് കുഞ്ഞമ്പു എംഎൽഎ സ്ഥലത്തെത്തിയത്. കാർ സ്‌കൂൾ വളപ്പിന് പുറത്ത് നിർത്തി അകത്ത് കടന്നപ്പോൾ തന്നെ എംഎൽഎ പുറത്ത് പോകണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവർത്തകർ അസഭ്യവർഷവുമായി രംഗത്തുവരികയും അദ്ദേഹം കൂട്ടാക്കാതിരുന്നപ്പോൾ ഉന്തി തള്ളി പുറത്താക്കാൻ ശ്രമിച്ചുവെന്നതുമാണ് പരാതി.
പോളിങ് പൂർത്തിയായിട്ടേ താൻ പുറത്ത് പോകുമെന്ന് വ്യക്തമാക്കിയ സി എച് കുഞ്ഞമ്പു അവിടെ തന്നെ നിന്നു. ഒടുവിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഇടപെട്ടാണ് പ്രവർത്തകർ ശാന്തരാക്കിയത്. സി എച് കുഞ്ഞമ്പുവും മറ്റ് നേതാക്കളും വൈകിട്ട് ആറിന് പോളിങ് അവസാനിച്ച ശേഷമാണ് മടങ്ങിയത്.