Election | ലോക്‌സഭ തിരഞ്ഞെടുപ്പ്: അരലക്ഷത്തിലധികം വോടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൽഡിഎഫ്; ഭൂരിപക്ഷം ഒരു ലക്ഷം കടക്കുമെന്ന് യുഡിഎഫ്; എൻഡിഎയ്ക്ക് അനുകൂലമായ അടിയൊഴുക്കെന്ന് ബിജെപി
* വിജയ പ്രതീക്ഷ പങ്കുവെച്ച് മൂന്ന് മുന്നണികളും
കാസർകോട്: (KasargodVartha) ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വിജയ പ്രതീക്ഷ പങ്കുവെച്ച് മൂന്ന് മുന്നണികളും. എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർ അര ലക്ഷത്തിലധികം വോടിന്റെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എൽഡിഎഫ് കാസർകോട് മണ്ഡലം തിരഞ്ഞെടുപ്പ് കമിറ്റി കൺവീനർ കെ പി സതീശ് ചന്ദ്രൻ പറഞ്ഞു.
പോളിംഗ് ദിവസം മണ്ഡലത്തിലുടനീളം എൽഡിഎഫിനനുകൂലമായ തരംഗമാണ് പ്രകടമായത്. എൽഡിഎഫ് സ്വാധീന ബൂതുകളിൽ പോളിംഗ് ശതമാനം വർധിച്ചതും പൗരത്വ നിയമ ഭേദഗതി നിയമം ഉൾപ്പെടെയുള്ള വിഷയത്തിൽ എൽഡിഎഫ് എടുത്ത നിലപാടുകൾക്ക് ലഭിച്ച സ്വീകാര്യതയും എൽഡിഎഫ് സർകാർ നടത്തിവന്ന വികസന- ക്ഷേമ പ്രവർത്തനങ്ങളും എൽഡിഎഫ് വോട് വർധനവിൽ പ്രതിഫലിക്കുമെന്ന് കെ പി സതീശ് ചന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ ഒരു ലക്ഷത്തിൽ കൂടുതൽ വോടിന് വിജയിക്കുമെന്ന് തിരഞ്ഞെടുപ്പ് കമിറ്റി സെക്രടറി അഡ്വ എ ഗോവിന്ദൻ നായർ പറഞ്ഞു. മുസ്ലീം കേന്ദ്രങ്ങളിൽ കണ്ട ആവേശവും കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകൾക്കെതിരായ ജനവികാരവും വോടായി മാറും. എം പി എന്ന നിലയിൽ രാജ്മോഹൻ ഉണ്ണിത്താന് ലഭിച്ച സ്വീകാര്യതയും ഭൂരിപക്ഷം വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഡിഎ സ്ഥാനാർത്ഥി എംഎൽ അശ്വിനി വിജയിക്കുമെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായിട്ടുള്ള ശക്തമായിട്ടുള്ള പിന്തുണ പരമ്പരാഗത കമ്യൂണിസ്റ്റ് - കോൺഗ്രസ് കേന്ദ്രങ്ങളിൽ എൻഡിഎക്കനുകൂലമായി ജനം വോട് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെയും യുവാക്കളുടെയും വോടുകൾ എൻഡിഎക്ക് ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷ സഖ്യത്തിന് എതിരായ ശക്തമായ പ്രതിഷേധം ദേശീയ ജനാധിപത്യ സംഖ്യത്തിന് നേട്ടമാകുമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. രാജ്യത്ത് ഏഴ് ഘട്ടമായുള്ള വോടെടുപ്പിന് പിന്നാലെ ജൂൺ നാലിനാണ് ഫലപ്രഖ്യാപനം.