Police FIR | മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമവും പൊലീസിന് നേരെ ബലപ്രയോഗവും: തിരഞ്ഞെടുപ്പ് ദിനത്തിൽ ചെർക്കളയിലെ സംഭവത്തിൽ 2 കേസുകളിലായി 16 പ്രതികൾ; അറസ്റ്റിലായവർക്ക് ജാമ്യം
* സംഭവം ബൂതിൽ റിപോർട് ചെയ്യാനെത്തിയപ്പോൾ
കാസർകോട്: (KasaragodVartha) ലോക്‌സഭ തിരഞ്ഞെടുപ്പ് ദിവസം ചെർക്കള ഹയർ സെകൻഡറി സ്‌കൂളിൽ മാധ്യമപ്രവർത്തകരെ മർദിക്കുകയും പൊലീസിന് നേരെ ബലപ്രയോഗം നടത്തുകയും ചെയ്‌തുവെന്ന രണ്ട് കേസുകളിലുള്ളത് 16 പ്രതികൾ. വിദ്യാനഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നത്. മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ ശരീഫ് മാർകറ്റ്, ഫൈസൽ, ഇഖ്ബാൽ, നൗഫൽ, ഹാശിം, ചെങ്കള പഞ്ചായത് പ്രസിഡന്റ് ഖാദർ ബദ്‌രിയ, സ്വാലിഹ്, ജാഫർ, ചാഡു, ആമു എന്നിവരാണ് പ്രതികൾ. ഇവരിൽ നൗഫൽ, പഞ്ചായത് പ്രസിഡണ്ട് ഖാദർ ബദിര ഒഴികെ എട്ട് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്.
കള്ളവോട് ചെയ്യുകയും ഉദ്യോഗസ്ഥരെയും ബൂത് എജൻ്റുമാരെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന പരാതിയെ തുടർന്ന് വാർത്ത റിപോർട് ചെയ്യാനെത്തിയ കൈരളി ടി വി കാമറാമാൻ ഷൈജു പിലാത്തറ, റിപോർടർ സിജു കണ്ണൻ എന്നിവരെ അക്രമിക്കുകയും തടയാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്. പ്രതികൾക്കെതിരെ ഐപിസി 143, 147, 341, 323, 149 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
പോളിംഗ് ബൂതിന് മുന്നിൽ വെച്ച് പൊലീസിന് നേരെ ബലപ്രയോഗം നടത്തുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് മറ്റൊരു കേസ്. ഇതിൽ ശഹദ് റഹ്‌മാൻ, ശരീഫ്, സ്വാലിഹ്, ഫൈസൽ, ജഅഫർ, നൗശാദ് എന്നീ ആറ് പേരാണ് പ്രതികൾ. ഐപിസി 143, 145, 147, 353, 149 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.