Disruption | മണ്ണിടിച്ചിൽ കാരണം ചന്ദ്രഗിരി പാതയിൽ യാത്രാദുരിതം; കെഎസ്ആർടിസി ബസുകൾ വൈകി; വിദ്യാർഥികൾ ഉൾപെടെയുള്ളവർ വലഞ്ഞു; സ്‌കൂളുകളിലടക്കം എത്തിയത് ഏറെ പ്രയാസപ്പെട്ട്
പൊതുവെ ഇടുങ്ങിയ റോഡാണ് ചട്ടഞ്ചാൽ - ദേളി - ചെമനാട് റൂടിലേത്. വലിയ ബസുകൾ കൂടുതലായി എത്തിയതോടെ വളവും തിരിവും ഉള്ള ഭാഗത്ത് ഗതാഗത സ്‌തംഭനം ഉണ്ടായി
ചട്ടഞ്ചാൽ: (KasargodVartha) ബേവിഞ്ച വളവിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ കാരണം ചന്ദ്രഗിരി പാതയിൽ ഗതാഗതം താറുമാറായി. എല്ലാ വാഹനങ്ങളും ചന്ദ്രഗിരി പാലം, ദേളി - കോളിയടുക്കം വഴി തിരിച്ചുവിട്ടത് കാരണം ചന്ദ്രഗിരി റൂടിൽ ഓടുന്ന കെഎസ്ആർടിസി ബസുകൾ മിക്കവയും വൈകി. വിദ്യാർഥികളടക്കം സ്‌കൂളുകളിൽ എത്തിയത് ഏറെ ബുദ്ധിമുട്ടിയാണ്.
പലരും ഓടോറിക്ഷകളിലും മറ്റ് വാഹനങ്ങളിലും കൂടുതൽ പണം നൽകിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. വാഹനങ്ങൾ വഴിതിരിച്ചുവിട്ടത് മൂലം ദേളി റൂടിൽ ഓടുന്ന ബസുകൾ ഏറെ വൈകിയെന്ന് യാത്രക്കാർ പറയുന്നു. രാവിലെ എട്ട് മണിമുതൽ ബസ് കാത്തുനിന്നിട്ടും സ്ഥിരം ഓടുന്ന കെഎസ്ആർടിസി ബസുകൾ ഇതുവഴി വന്നില്ലെന്നും യാത്രക്കാർ പറഞ്ഞു.
എന്നാൽ സർവീസ് ഒന്നും നിർത്തിവെച്ചില്ലെന്നും ഗതാഗത സ്തംഭനം കാരണമാണ് ബസുകൾ വൈകിയതെന്നും കെഎസ്ആർടിസി കാസർകോട് ഡിപോ ജോയിന്റ് ട്രാൻസ്പോർട് ഓഫീസർ കാസർകോട് വാർത്തയോട് പറഞ്ഞു. അതേസമയം പ്രത്യേക ക്രമീകരണങ്ങൾ ഏർപെടുത്തി പ്രശ്‌നം പരിഹരിക്കേണ്ടത് പൊലീസ് ആണെന്നാണ് യാത്രക്കാർ പറയുന്നത്.
പൊതുവെ ഇടുങ്ങിയ റോഡാണ് ചട്ടഞ്ചാൽ - ദേളി - ചെമനാട് റൂടിലേത്. വലിയ ബസുകൾ കൂടുതലായി എത്തിയതോടെ വളവും തിരിവും ഉള്ള ഭാഗത്ത് ഗതാഗത സ്‌തംഭനം ഉണ്ടായി. ദേശീയപാത വഴി കടന്നുപോകുന്ന ബസുകൾ ഒന്നും തന്നെ യാത്രക്കാരെ കയറ്റാൻ കൂട്ടാക്കിയില്ലെന്നും ഗതാഗത കുരുക്ക് കാരണം ബസ് നിർത്തിയിട്ടപ്പോൾ കയറിയ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാരെ നിർബന്ധിച്ച് ഇറക്കിവിട്ടതായും പരാതിയുണ്ട്.
ഇതുവഴി നിറയെ യാത്രക്കാർ ഉണ്ടെങ്കിലും ബസുകൾ കുറവായതിനാൽ പ്രയാസപ്പെട്ടാണ് ആളുകൾ യാത്ര ചെയ്യുന്നത്. കൂടാതെ കാഞ്ഞങ്ങാട് - കാസർകോട് ദേശസാത്കൃത റൂടിൽ പല സ്റ്റോപുകളിലും കെഎസ്ആർടിസി ബസുകൾ നിർത്തുന്നില്ലെന്നും പരാതിയുണ്ട്. ഇതുമൂലം വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വീട്ടിലേക്കും, ആളുകൾക്ക് ജോലി സ്ഥലത്തേക്കും മറ്റും സമയത്ത് എത്താൻ കഴിയാതെ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഏറെ നേരം ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണുള്ളത്. ഈ ഗതാഗത പ്രതിസന്ധിക്കും അടിയന്തര പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.