Stray Dog | പടന്നക്കാട്ടെ വനിതാ കായികതാരങ്ങൾക്ക് കാവലായി 'കുട്ടാപ്പി'; വേറിട്ടൊരു തെരുവുനായ
* കായികതാരങ്ങൾ മാറിമാറി വന്നാലും അവരോടുള്ള കുട്ടാപ്പിയുടെ സ്നേഹത്തിന് തെല്ലും കുറവില്ല
കാഞ്ഞങ്ങാട്: (KasargodVartha) കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂർ യൂനിവേഴ്സിറ്റിയുടെ വടംവലി താരങ്ങൾ, പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് മൈതാനത്ത് പരിശീലനം നടത്തി വരികയാണ്. വനിതാ താരങ്ങളുടെ പരിശീലനത്തിന് കാവലായി 'കുട്ടാപ്പി' എന്ന തെരുവുനായയും ഒപ്പമുണ്ടാകും. അവൻ കൂടെയുള്ളത് കൊണ്ട് മറ്റു നായകളുടെ ശല്യവുമില്ല.
അതിരാവിലെ കായിക താരങ്ങൾ പരിശീലനത്തിന് എത്തുമ്പോഴേക്കും കുട്ടാപ്പി മൈതാനത്ത് തലയുയർത്തിപ്പിടിച്ചിരിപ്പുണ്ടാകും. ഓടുമ്പോൾ താരങ്ങൾക്ക് മുന്നിലായി കൂടെയോടും. എത്ര വട്ടം വേണമെങ്കിലും ഓട്ടം തുടരും. താരങ്ങൾ വ്യായാമം ചെയ്യുന്ന സമയത്തും മൈതാനത്ത് കിടന്നുരുളും. ഇതിനിടയിൽ ഇവരോട് മുട്ടിയുരുമ്മി എന്തൊക്കെയോ പറയുന്നുമുണ്ടാകും. പരിശീലനം കഴിഞ്ഞ് താരങ്ങൾ ഹോസ്റ്റലിൽ വിശ്രമിക്കാൻ പോയാൽ ഇവൻ ഹോസ്റ്റൽ മുറ്റത്ത് കാവൽ ഇരിക്കും.
രണ്ട് വർഷം മുമ്പാണ് കുട്ടാപ്പി പടന്നക്കാട് നെഹ്റു കോളജിലെ മൈതാനിയിൽ എത്തിയത്. പരിശീലനത്തിന് എത്തിയ താരങ്ങളിൽ ആരോ ഒരാളാണ് കുട്ടാപ്പി എന്ന പേരിട്ടത്. ആദ്യമൊക്കെ അത്ര അടുപ്പം കൂടിയില്ലെങ്കിലും പിന്നീട് ഇവൻ താരങ്ങളുടെ പ്രിയങ്കരനായി മാറി. കായികതാരങ്ങൾ മാറിമാറി വന്നാലും അവരോടുള്ള കുട്ടാപ്പിയുടെ സ്നേഹത്തിന് തെല്ലും കുറവില്ല.
മൈതാനത്ത് മറ്റ് നായകൾ വന്ന് കായികതാരങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയാല്‍ കുട്ടാപ്പിയുടെ ഭാവം മാറും. കുരച്ചുചാടി വിരട്ടിയോടിക്കും. കുട്ടാപ്പിയെന്ന പേരിൽ നിരവധി ഫോളോവേഴ്‌സുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഉണ്ട്. ഇനിയും കായികതാരങ്ങൾ മാറി വന്നാലും പടന്നക്കാട് നെഹ്റു കോളജ് മൈതാനിയുടെ കാവൽക്കാരനായി കുട്ടാപ്പി ഇവിടെ തന്നെ ഉണ്ടാകും.