Complaint | കുമ്പളയിൽ ഒളിഞ്ഞിരിപ്പുണ്ട് മാലിന്യ കൂമ്പാരം; ശുചീകരണ യജ്ഞത്തിനിടെയും മാലിന്യം തള്ളൽ തുടരുന്നു
● തെരുവുനായ്ക്കളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്.
● ഇവിടെ മഴക്കാലപൂർവ ശുചീകരണമൊന്നും നടന്നതുമില്ല
കുമ്പള: (KasargodVartha) 'മാലിന്യമുക്ത നവ കേരളത്തിന്' നാടും, നഗരവും തയ്യാറെടുക്കുമ്പോൾ കുമ്പള റെയിൽവേ സ്റ്റേഷൻ-സിഎച്ച്സി റോഡിൽ ഒളിഞ്ഞിരിപ്പുണ്ട് മാലിന്യ കൂമ്പാരം. ഇവിടത്തെ ഓവുചാല്‍ നിറയെ മാലിന്യങ്ങളാൽ മൂടപ്പെട്ട നിലയിലാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പാരിതോഷികവും, വാട്സ്ആപ്പ് സംവിധാനവും ഒരുക്കുമ്പോഴും വലിച്ചെറിയൽ സംസ്കാരത്തിന് ഒട്ടും അയവില്ല എന്നതിന്റെ നേർക്കാഴ്ചയാണ് കുമ്പളയിലേത്.
2025 ജനുവരി 26ന് കാസർകോടിനെ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കും, മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി 2024ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ജില്ലയിൽ വാർഡുകൾ തോറും ശുചീകരണ യജ്ഞം സംഘടിപ്പിക്കും, ഇങ്ങിനെയൊക്കെ സർക്കാറും, ജില്ലാ ഭരണകൂടവും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രഖ്യാപിക്കുമ്പോഴും പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതിന് ഒരു കുറവുമില്ല.
മാലിന്യ സംസ്കരണത്തിന് ഒട്ടേറെ പദ്ധതികൾ നിലവിലുണ്ട്. ഹരിത കർമ്മ സേന വീടുകളും, വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മാലിന്യം ശേഖരിക്കുന്നുമുണ്ട്. ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുടെ ഭാഗമായി വൻ പിഴ ഈടാക്കുന്നുമുണ്ട്, എന്നിട്ട് പോലും കുറയുന്നില്ല മാലിന്യം തള്ളൽ.
കുമ്പള റെയിൽവേ സ്റ്റേഷൻ സിഎച്ച്സി റോഡിലെ ഓവുചാല്‍ പരിശോധിച്ചാൽ തന്നെ ഇത് മനസ്സിലാവും. ഓവുചാല്‍ നിറയെ മാലിന്യ കെട്ടുകളാണ്. ഒപ്പം കാട് മൂടിയിട്ടുമുണ്ട്. ഇവിടെ മഴക്കാലപൂർവ ശുചീകരണമൊന്നും നടന്നതുമില്ല. അതുകൊണ്ടുതന്നെ ഈ പ്രാവശ്യം മഴവെള്ളം മുഴുവൻ ഒഴുകിയത് റോഡിലൂടെയാണ്. ജനവാസ മേഖലകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ അധികൃതർ നടപടി കടുപ്പിക്കുമ്പോഴും ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്.
രാത്രിയായാലും പകലായാലും വാഹനങ്ങളിലും മറ്റും പോകുന്നവരാണ് മാലിന്യം നിരോധിത പ്ലാസ്റ്റിക് കവറുകളിലാക്കി ഓവുചാലിലേക്ക് വലിച്ചെറിയുന്നത്. സമീപത്തൊന്നും സിസിടിവി സംവിധാനം ഒന്നുമില്ലാത്തതിനാൽ വലിച്ചെറിയുന്നവർക്ക് ഇത് വലിയ അനുഗ്രഹവുമാവുന്നുണ്ട്. ഇതുമൂലം ഈ പ്രദേശത്ത് വലിയതോതിലുള്ള തെരുവുനായ്ക്കളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്.
മാലിന്യം തള്ളൽ അറിയിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വാട്സ് ആപ്പ് സംവിധാനവും, പാരിതോഷികവുമൊക്കെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് ഉപയോഗപ്പെടുത്താൻ ആരും മുന്നോട്ടു വരുന്നുമില്ല. പിന്നെയെങ്ങനെയാണ് ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുക എന്ന ആശങ്ക അതികൃതർക്കുമുണ്ട്.
കഴിഞ്ഞാഴ്ചയാണ് 'മാലിന്യമുക്തം നവകേരളം' ക്യാമ്പയിന്റെ ഭാഗമായി മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, മലിനജലം ഒഴുക്കൽ തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്കായി കേന്ദ്രീകൃത വാട്സ്ആപ്പ് സംവിധാനം യാഥാർത്ഥ്യമാക്കിയത്. മന്ത്രി എം ബി രാജേഷ് കൊല്ലത്ത് വെച്ച് ഇതിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പരാതി അറിയിക്കാനുള്ള വാട്സ്ആപ്പ് നമ്പർ: 9446700800.
#Kumbla #Kerala #garbage #pollution #cleanliness #environment #wastemanagement