Investigation | ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് സ്വർണം കവർന്നുവെന്ന കേസിൽ ട്വിസ്റ്റ്; കുടക് സ്വദേശിയും കസ്റ്റഡിയിൽ; ഡിഎൻഎ പരിശോധനാ ഫലം തിങ്കളാഴ്ച ലഭിക്കും
പ്രതി നടന്നുപോകുന്ന സിസിടിവി ദൃശ്യം നേരത്തേ പുറത്ത് വന്നിട്ടുണ്ട്
കാഞ്ഞങ്ങാട്: (KasaragodVartha) ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് സ്വർണം കവർന്നുവെന്ന കേസിൽ വൻ ട്വിസ്റ്റ്. കർണാടക കുടക് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിലെടുത്തു. 15 വർഷം മുമ്പ് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും വിവാഹം കഴിച്ച്, പീഡീനത്തിനിരയായ പെൺകുട്ടിയുടെ നാട്ടിൽ താമസമാക്കിയ യുവാവാണ് കസ്റ്റഡിയിലായത്.
ഇവിടെ വീട് വെച്ച് സ്ഥിരതാമസമാക്കിയ ഇയാൾ മദ്യത്തിന് അടിമയാണെന്നാണ് പറയുന്നത്. മദ്യപിച്ച് വന്ന് സ്ഥിരമായി ഭാര്യയെ മർദിക്കാറുള്ള ഇയാൾ കർണാടകയിലേക്ക് മുങ്ങിയിരുന്നുവെങ്കിലും പൊലീസ് സമർത്ഥമായി പിടികൂടുകയായിരുന്നുവെന്നാണ് സൂചന. നേരത്തേ കസ്റ്റഡിയിലുള്ള യുവാവിന് പുറമെ കുടക് സ്വദേശിയും കസ്റ്റഡിയിലായതോടെ ഡിഎൻഎ പരിശോധനാ ഫലം നിർണായകമാകും.
തിങ്കളാഴ്ചയോടെ ഡിഎൻഎ പരിശോധനാ ഫലം ലഭിക്കുന്നതോടെ പ്രതി ആരെന്ന കാര്യത്തിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിയുടെ സിസിടിവി ദൃശ്യം നേരത്തേ പുറത്ത് വന്നിട്ടുണ്ട്. പാന്റും കുപ്പായവും ധരിച്ച മെല്ലിച്ച ശരീരപ്രകൃതിയുള്ള യുവാവാണ് സംഭവ ദിവസം പുലർച്ചെ 2.13 മണിയോടെ കടന്നുപോകുന്നത് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്.
പൊലീസ് കസ്റ്റഡിയിൽ നിലവിൽ നാലു പേരാണ് ഉള്ളത്. ഇവരിൽ രണ്ടു പേരാണ് സിസിടിവിയിലെ ദൃശ്യവുമായി സാമ്യമുള്ളത്. കസ്റ്റഡിയിലുള്ളവരുടെ വസ്ത്രങ്ങൾ അടക്കമുള്ളവ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധന ഫലം കാത്തിരിക്കുകയാണ് അന്വേഷണസംഘം. ശാസ്ത്രീയമായ എല്ലാ തെളിവുകളും കിട്ടാതെ പ്രതിയുടെ അറസ്റ്റ് നടപടിയിലേക്ക് കടക്കില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
ഹൊസ്ദുർഗ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വീട്ടിൽ ഉറങ്ങികിടന്ന പെൺകുട്ടിയെ എടുത്തു കൊണ്ടുപോയി ഒരു കിലോമീറ്റർ ദൂരെയുള്ള പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം 13,000 രൂപ വിലവരുന്ന കമ്മൽ ഊരിയെടുത്ത് ഉപേക്ഷിച്ചുവെന്ന കേസിലെ പ്രതിയുടെ അറസ്റ്റ് വൈകില്ലെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.
മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ അന്വേഷണ സംഘം കടുത്ത സമ്മർദത്തിലായിരുന്നു. മുഴുവൻ തെളിവുകളും ലഭിക്കാതെ അറസ്റ്റ് നടപടിയിലേക്ക് നീങ്ങിയാൽ കോടതിയിൽ നിന്നടക്കം തിരിച്ചടിയുണ്ടാകുമെന്ന് വിലയിരുത്തിയിരുന്നു. ഇതിനിടയിൽ പ്രദേശത്തെ ഒരു സ്ത്രീ, പ്രതി നടന്നു പോകുന്നത് കണ്ടിരുന്നുവെന്ന നിർണായകമായ വിവരം പൊലീസിനെ അറിയിച്ചതായും അറിയുന്നു. ഇവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ടെങ്കിലും ചിത്രം പുറത്ത് വിട്ടിട്ടില്ല.
അതേസമയം പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട് സിപിഎം സംസ്ഥാന സെക്രടേറിയറ്റ് അംഗം എം സ്വരാജ്, അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ എന്നിവർ സന്ദർശിച്ചു. ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ ഇവർ ബന്ധുക്കളുമായി സംസാരിച്ചു.