city-gold-ad-for-blogger

ഖാസി കേസ്: ഐ.ബി ഉദ്യോഗസ്ഥന്‍ കാസര്‍കോട്ട്; 26 നു നേതാക്കളുടെ സംയുക്ത യോഗം

കാസര്‍കോട്: (www.kasargodvartha.com 21.12.2014) കോളിളക്കം സൃഷ്ടിച്ച ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസിന്റെ അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി.) കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള പ്രാഥമികാന്വേഷണം കാസര്‍കോട്ട് ആരംഭിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സിയിലെ ഒരു ഉദ്യോഗസ്ഥന്‍ കാസര്‍കോട്ടു തങ്ങി ഇതുസംബന്ധിച്ച വിവരങ്ങള്‍ പലരില്‍ നിന്നും ശേഖരിച്ചു വരികയാണെന്ന് ബന്ധപ്പെട്ടവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അടുത്ത ദിവസം തന്നെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.

അതിനിടെ എസ്.ഐ.ടി. കേസ് അന്വേഷണം ഏറ്റെടുക്കുകയാണെങ്കില്‍ ചിലപ്പോള്‍ ഖാസിയുടെ ഖബര്‍ തുറന്നുള്ള പരിശോധന വരെ വേണ്ടിവന്നേക്കുമെന്ന് കേന്ദ്രത്തില്‍ നിന്നും അറിയിച്ചതായി മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ഇ. അഹമ്മദ് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ഭാരവാഹികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഖബര്‍ തുറന്നുള്ള പരിശോധന ആവശ്യമായി വരുന്ന പക്ഷം നാട്ടിലും മത സംഘടനാ രംഗത്തും ഉണ്ടായേക്കാവുന്ന എതിര്‍പ്പുകള്‍ ഏത് രീതിയില്‍ തരണം ചെയ്യുമെന്നും അദ്ദേഹം ആരാഞ്ഞു.

ഖബര്‍ തുറന്നുള്ള പരിശോധനയ്ക്ക് സമ്മതമാണെങ്കില്‍ അക്കാര്യം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ച് എസ്.ഐ.ടി അന്വേഷണം ആരംഭിക്കാനുള്ള നടപടി ത്വരിതപ്പെടുത്താന്‍ കഴിയുമെന്നും ഇ. അഹമ്മദ് കൂട്ടിച്ചേര്‍ത്തു. കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജിയുടെ മകളുടെ വിവാഹത്തിനും, പി.ബി അഹ്മദിന്റെ മകന്‍ തൗസീഫിന്റെ വിവാഹത്തിനും പങ്കെടുക്കാന്‍ ഞായറാഴ്ച കാസര്‍കോട് എത്തിയതായിരുന്നു ഇ. അഹമ്മദ് എം.പി.

എസ്.ഐ.ടി. അന്വേഷണം സംബന്ധിച്ചും ഖബര്‍ തുറന്നുള്ള പരിശോധന വേണ്ടിവന്നാല്‍ കൈകൊള്ളേണ്ട കാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 26നു രാവിലെ 10 മണിക്ക് കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ സമസ്ത നേതാക്കളുടെയും മുസ്ലിം ലീഗ് ജില്ലാ നേതാക്കളുടെയും ഉദുമ മണ്ഡലം മുസ്ലിം യൂത്ത് ലീഗ്, നേതാക്കളുടെയും സംയുക്ത യോഗം വിളിച്ചിട്ടുണ്ട്. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്നിനെയും, പി.ബി അബ്ദുര്‍ റസാഖിനെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ടി.ഡി കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, ട്രഷറര്‍ പി.എച്ച് ഹാരിസ് തൊട്ടി, ജില്ലാ ട്രഷറര്‍ കെ.ബി.എം ഷെരീഫ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സി.എല്‍ റഷീദ് ഹാജി എന്നിവരടങ്ങുന്ന സംഘം ഈയിടെ ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനു നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് കേസന്വേഷണത്തിനു വീണ്ടും ചലനം വെച്ചത്.  ഖാസിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് എസ്.ഐ.ടി. യെ ഏല്‍പിക്കണമെന്ന ആവശ്യവുമായാണ് യൂത്ത് ലീഗ് നേതാക്കള്‍ രാജ് നാഥ് സിംഗിനെ കണ്ടത്. ആവശ്യം പരിഗണിക്കുന്നതിനു മുന്നോടിയായാണ് ഐ.ബി യിലെ ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തി പ്രാഥമിക വിവരശേഖരണം ആരംഭിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ ചെമ്പിരിക്കയിലെത്തി ഖാസിയുടെ ബന്ധുക്കളുമായും ഖാസി ത്വാഖ അഹ്മദ് മൗലവി, കീഴൂര്‍ സംയുക്ത ജമാഅത്ത് സെക്രട്ടറി കലട്ര മാഹിന്‍ ഹാജി, അഡ്വ. സി.എന്‍  ഇബ്രാഹിം,  പരാതിക്കാരായ യൂത്ത് ലീഗ് നേതാക്കള്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഖാസി കേസ്: ഐ.ബി ഉദ്യോഗസ്ഥന്‍ കാസര്‍കോട്ട്; 26 നു നേതാക്കളുടെ സംയുക്ത യോഗം


Keywords : Kasaragod, Kerala, Qazi death, Investigation, Kerala, Kasargodvartha, Youth, Special Investigation Team, IB, Qazi case: Central Investigation officer in Kasaragod. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia