city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിഞ്ചുകുഞ്ഞുങ്ങളുടെ ശ്വാസകോശത്തിൽ നിന്ന് അന്യവസ്തുക്കൾ കണ്ടെത്തിയ കൂടുതൽ സംഭവങ്ങൾ പുറത്തുവരുന്നു; നീക്കിയത് ഇ മാലിന്യം മുതൽ വിസിൽ വരെ; ഡോ. അബ്ദുൽ സത്താറിന് പറയാൻ അനുഭവങ്ങൾ ഏറെ

കാസർകോട്: (www.kasargodvartha.com 20.07.2021) ഒന്നര വയസുള്ള കുട്ടിയുടെ ശ്വാസകോശത്തിൽ നിന്ന് പിസ്തയുടെ തോടും ഇലക്ട്രോണിക് ഉപകരണങ്ങളിലെ കൻഡെൻസറും കണ്ടെടുത്തുവെന്ന വാർത്തയ്ക്ക് പിന്നാലെ ഇത്തരം വേറെയും സംഭവങ്ങൾ പുറത്തുവന്നു. കാസർകോട് ജനറൽ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ദനായ ഡോ. അബ്ദുൽ സത്താർ കാസർകോട് വാർത്തയോടാണ് അനുഭവങ്ങൾ വെളിപ്പെടുത്തിയത്.
  പിഞ്ചുകുഞ്ഞുങ്ങളുടെ ശ്വാസകോശത്തിൽ നിന്ന് അന്യവസ്തുക്കൾ കണ്ടെത്തിയ കൂടുതൽ സംഭവങ്ങൾ പുറത്തുവരുന്നു; നീക്കിയത് ഇ മാലിന്യം മുതൽ വിസിൽ വരെ; ഡോ. അബ്ദുൽ സത്താറിന് പറയാൻ അനുഭവങ്ങൾ ഏറെ



പിഞ്ചുകുഞ്ഞുങ്ങളുടെ ശ്വാസകോശത്തിൽ നിന്ന് ഇ മാലിന്യം മുതൽ വിസിൽ വരെയുള്ള അന്യവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്. കുട്ടികൾ അറിവില്ലാതെ കാണിക്കുന്ന അബദ്ധങ്ങൾക്ക് പ്രധാന കാരണം രക്ഷിതാക്കളുടെ അശ്രദ്ധ തന്നെയാണ്.


കാഞ്ഞങ്ങാട് സ്വദേശികളായ ദമ്പതികളുടെ കുട്ടി, ആയുസിന്റെ ബലത്തിൽ ജീവിതത്തിലേക്ക് തിരിച്ചുവന്ന വാർത്ത കഴിഞ്ഞ ദിവസം റിപോർട് ചെയ്തിരുന്നു. ഇതുപോലെ കാസർകോട്ടെ എട്ടു വയസുകാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസില്‍ കഴിഞ്ഞ മാർചിൽ പുറത്തെടുത്ത കാര്യവും ഡോ. സത്താർ ഓർമിപ്പിക്കുന്നു. റിജിഡ് ബ്രോങ്കോസ്കോപി വഴിയാണ് വിസിൽ പുറത്തെടുത്തത്. ഒരു മാസത്തിലേറെയായി ശ്വാസനാളത്തിൽ വിസിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കുട്ടിയുടെ നിർത്താതെയുള്ള ചുമയും ശ്വാസതടസവും കാരണം മാതാപിതാക്കൾ കാസർകോട് ഗവ. ആശുപത്രിയിയിൽ ഡോ. അബ്ദുൽ സത്താറിനെ വന്ന് കാണുകയായിരുന്നു. രാത്രിയാവുമ്പോൾ മകളുടെ നെഞ്ചിൽ വിസിൽ വിളിക്കുന്ന ശബ്ദം കേൾക്കാറുണ്ടെന്ന് അവർ പറഞ്ഞു.

എക്സ്റേ എടുത്തപ്പോൾ ഡോക്ടർക്ക് എന്തോവസ്തു കുടുങ്ങിയതായി സംശയം തോന്നി. കൂടുതൽ പരിശോധനകൾക്ക് സി ടി സ്‌കാൻ വേണമെന്നും അതിന് മികച്ചത് പരിയാരം ആണെന്നും ഡോക്ടർ നിർദേശിച്ചു. തന്റെ സഹപാഠി കൂടിയായ പരിയാരത്തെ ഡോ.രാജീവ് റാമിനെ കുറിച്ചും ദമ്പതികൾക്ക് ഡോക്ടർ സത്താർ വിവരം നൽകി. പരിയാരത്ത് വിദഗ്ദമായി പരിശോധിച്ചപ്പോഴാണ് എന്തോ വസ്തു കുടുങ്ങിക്കിടന്നതു മൂലം വലത്തേ ശ്വാസകോശത്തിലെ താഴെയുള്ളഭാഗം പൂർണമായും അടഞ്ഞതായി കണ്ടെത്തിയത്. തുടർന്ന് റിജിഡ് ബ്രോങ്കോസ്കോപിയിലൂടെ കുടുങ്ങിക്കിടന്ന വസ്തു പുറത്തെടുക്കുകയായിരുന്നു. ഇത് പിന്നീട് വിസിൽ ആണെന്ന് മനസിലായി.

ഇത്തരം അനേകം സംഭവങ്ങൾ വിവിധ ആശുപത്രികൾക്ക് പറയാനുണ്ട്. പക്ഷേ മാതാപിതാക്കളുടെ ശ്രദ്ധയ്ക്കും പരിമിതിയുണ്ട് എന്നതാണ് വാസ്‌തവം. 'വീടിന് പുറത്ത് റോഡിലേക്കോ മറ്റോ ഇറങ്ങി അപകടത്തിൽ പെട്ടാൽ അത് മാതാപിതാക്കളുടെ സൂക്ഷ്മത കുറവ് എന്ന് പറയാം, പക്ഷേ വീട്ടിനകത്ത് കുട്ടികൾ കളിക്കുന്നതും നോക്കി അരുതാത്തത് ചെയ്യുന്നുണ്ടോ എന്ന് എത്ര സമയം നോക്കി നിൽക്കാനാവും' എന്നാണ് ഇത്തരത്തിൽ ദുരന്തത്തിന് ഇരയായി രക്ഷപ്പെട്ട ഒരു കുട്ടിയുടെ പിതാവ് കാസർകോട് വാർത്തയോട് സംസാരിച്ചത്.

ചെറിയ അശ്രദ്ധകൾ വലിയ ആപത്തിലേക്ക് നയിക്കുന്നു എന്നതാണ് കുട്ടികളുടെ വിഷയത്തിലെ കാര്യം. മണ്ണെണ്ണ, മറ്റുള്ളവരുടെ മരുന്നുകൾ, തറ വൃത്തിയാക്കാനുപയോഗിക്കുന്ന ക്ലീനിങ് ലായനികള്‍ തുടങ്ങിയവ ആരും കാണാതെ കുട്ടികൾ കഴിക്കുന്നതും നാം കേൾക്കുന്ന വാർത്തകളാണ്. ഇത്തരം വസ്തുക്കളെ സുരക്ഷിതമായി കുട്ടികൾക്ക് എത്തിപ്പെടാനാവാത്ത സ്ഥലത്ത് സൂക്ഷിക്കുക എന്നത് മാത്രമാണ് പ്രതിവിധി.

നിലക്കടല, പോപ്‌കോണ്‍, പിസ്ത തുടങ്ങിയ വസ്തുക്കളും ചെറിയ കുട്ടികളുടെ വായിലെത്താറുണ്ട്. ഇതിൽ പലതും നാം കുട്ടികൾക്ക് ഭക്ഷണമായി നൽകാറുള്ളതാണ്. തനിച്ചു ചവച്ചുതിന്നാന്‍ ആകുന്നതുവരെ നിലക്കടല പോലുള്ള വസ്തുക്കള്‍ അതേപടി വായിലിട്ടുകൊടുക്കരുത് എന്നാണ് നാം ശ്രദ്ധിക്കേണ്ടത്. ഭക്ഷണം നൽകുന്നതിനിടയിൽ മാതാവിന്റെ കഴുത്തിലുള്ള മാലയുടെ മുത്തുകൾ കടിക്കാതിരിക്കാനും ശ്രദ്ധിക്കുക. അപകടത്തിന് കാരണമായേക്കാവുന്ന കളിപ്പാട്ടങ്ങൾ നൽകാതിരിക്കുക.

മിഠായികളുടെ പൊതികൾ, സാധനങ്ങൾ കൊണ്ടുവരുന്ന കവറുകൾ, കേടായ വീട്ടുസാധങ്ങളോ, കളിപ്പാട്ടങ്ങളോ, ഇലക്ട്രോണിക് സാധനങ്ങളോ അടക്കം വസ്തുക്കൾ അനാവശ്യമായി നിലത്ത് വലിച്ചെറിയരുത്. ഇത്തരം വസ്തുക്കൾ കുട്ടികൾ വായിലേക്കിടാനുള്ള സാധ്യത ഏറെയാണ്. സുരക്ഷിതമായി മാലിന്യങ്ങൾ നിക്ഷേപിക്കാൻ വീടിനുള്ളിൽ സംവിധാനം ഒരുക്കുകയും അതിൽ തന്നെ നിക്ഷേപിക്കുകയും ചെയ്യുക. ഉപയോഗശൂന്യമായ വസ്തുക്കൾ വീടിനകത്ത് തന്നെ സൂക്ഷിക്കാതെ പാഴ്‌വസ്തുക്കൾ ശേഖരിക്കുന്ന കടകളിൽ നൽകുക.

എന്തെങ്കിലും അപകടം സംഭവിച്ചാൽ ഉടനെ ഡോക്ടറുടെ സഹായം തേടുക എന്നതാണ് ഇക്കാര്യത്തിൽ ഏറെ പ്രധാനം. വീട്ടിലെ പൊടിക്കൈകൾ ചിലപ്പോൾ വലിയൊരു അപകടത്തിന് വഴി വെച്ചേക്കാം. ഏറെ ശ്രദ്ധവേണ്ടുന്ന പ്രായമാണ് കുട്ടിക്കാലം. മാതാപിതാക്കളുടെ ജാഗ്രതയാണ് പ്രധാനം. കണ്ണും കാതും കുട്ടികളുടെ മേൽ ആയിരിക്കുക എന്നതല്ലാതെ മറ്റൊരു പോവഴിയില്ലെന്നതാണ് സത്യം.

Keywords: Kasaragod, Kerala, News, Hospital, Kasargodvartha, Children, Parents, Report, Kanhangad, Doctors, Kannur, Top-Headlines, Food, Plastic, From e-waste to whistle, removed from lungs of children.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia