Campaign | മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ കാസർകോട്ട് വിപുലമായ തുടക്കം
● പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത്, നഗരസഭകൾ, സ്കൂളുകൾ തുടങ്ങിയവയുടെ സഹകരണത്തോടെ.
കാസർകോട്: (KasargodVartha) ജില്ലയിൽ 'മാലിന്യമുക്തം നവകേരളം' ജനകീയ കാമ്പയിന് വിപുലമായ രീതിയിൽ തുടക്കം കുറിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ കാമ്പയിനുകൾ സംഘടിപ്പിച്ചുകൊണ്ടും, ജനങ്ങൾക്ക് ബോധവൽക്കരണം നടത്തിക്കൊണ്ടുമുള്ള ചടങ്ങുകൾ നടന്നു.
'ക്ലീന്‍ സിവില്‍ സ്റ്റേഷന്‍ ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍': സിവില്‍ സ്റ്റേഷന്‍ ശുചീകരിച്ചു
മാലിന്യമുക്തം നവകേരളം എന്ന സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതിക്ക് കാസർകോട് ജില്ലയിൽ വ്യാപകമായ തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണനും ജില്ലാ കളക്ടർ കെ. ഇമ്പശേഖരും ചേർന്ന് കാസർകോട് സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഈ പദ്ധതിക്ക് തുടക്കം കുറിച്ചു.
'ക്ലീൻ സിവിൽ സ്റ്റേഷൻ, ഗ്രീൻ സിവിൽ സ്റ്റേഷൻ' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാലിന്യ മുക്ത നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇത് ഒരു തുടക്കം മാത്രമാണെന്നും എല്ലാ മാസവും ഒരു ദിവസം ഓഫീസുകൾ ശുചീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചു. സിവിൽ സ്റ്റേഷനെ ജില്ലയിലെ ഹരിത കോംപ്ലക്സ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ തുടക്കമാണിതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ജില്ലാ കളക്ടർ തന്റെ പ്രസംഗത്തിൽ, ഒക്ടോബർ മാസത്തിൽ ഇലക്ട്രോണിക് മാലിന്യങ്ങളും ഉപയോഗശൂന്യമായ ഫർണിച്ചറുകളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. കൂടാതെ, ഓരോ മാസവും മാലിന്യ നിർമാർജ്ജനം സംബന്ധിച്ച് പ്രത്യേക യോഗം ചേരാമെന്നും നിർദ്ദേശിച്ചു. കളക്ടറേറ്റ് പരിസരത്തെ ബോർഡുകൾ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണ സാധനങ്ങൾ വലിച്ചെറിയുന്നത് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും സിവില്‍ സ്റ്റേഷന്‍ ശുചീകരിച്ച് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ചടങ്ങില്‍ എഡിഎം പി. അഖില്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ. ശകുന്തള, ഗീത കൃഷ്ണന്‍, അഡ്വ. എന്‍. എന്‍ സരിത, ജില്ലാപഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍, ശുചിത്വമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ പി. ജയന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ്, ഹുസൂര്‍ ശിരസ്തദാര്‍ ആര്‍. രാജേഷ്, വിവിധ വകുപ്പ് മേധാവികള്‍, സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍, സര്‍വീസ് സംഘടന പ്രതിനിധികള്‍, പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. കെ സജീവ് നന്ദിയും പറഞ്ഞു. സര്‍വീസ് ജീവനക്കാരുടേ സംഘടനയും ചരക്ക് സേവന നികുതി ഓഫീസും സംഘടിപ്പിച്ച പരിപാടികള്‍ വൃക്ഷത്തൈ നട്ട് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു.
സ്വച്ഛത ഹി സേവ: നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ തൈക്കടപ്പുറം ബീച്ച് വൃത്തിയാക്കി
നീലേശ്വരം: നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ നടന്ന സ്വച്ഛത ഹി സേവ കാമ്പയിന്റെ ഭാഗമായി കാസർകോട് തൈക്കടപ്പുറം ബീച്ച് വൃത്തിയാക്കി. നീലേശ്വരം മുനിസിപ്പാലിറ്റി, എൻഎസ്എസ് യൂണിറ്റ് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ജി എച് എസ് എസ് ചായോത്ത്, ജീവൻധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പടിഞ്ഞാറ്റം കൊഴുവല്‍, സ്നേഹതീരം കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.
രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 77 കടലോര ജില്ലകളിൽ ഇന്ന് നെഹ്റു യുവകേന്ദ്ര യുടെ നേതൃത്വത്തിൽ സമാനമായ ശുചീകരണ പരിപാടികൾ നടന്നു. നീലേശ്വരം മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ടി.വി. ശാന്ത പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ശ്രീ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ മുഖ്യാതിഥിയായി പങ്കെടുത്തു.
400-ഓളം മൈ ഭാരത് വോളന്റിയർമാർ പങ്കെടുത്ത പരിപാടിയിൽ, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ പി. അഖിൽ സ്വാഗതം പറഞ്ഞു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ രണ്ട് വരെ ജില്ലയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ലത ( ഹെൽത്ത് സ്റ്റാൻഡിംഗ് ചെയർപേഴ്സൺ), നിബിൻ ജോയ് (ഇൻസ്പെക്ടർ ഓഫ് പോലീസ് നീലേശ്വരം), ഡോ. കെ വി വിനീഷ് കുമാർ, സുമലത ( എൻ എസ് എസ് പ്രൊഗ്രാം ഓഫീസർ നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട്), ശശികുമാർ, ബാബു (വാർഡ് മെമ്പർ), സുനിൽ (സിവിൽ പോലീസ് ഓഫീസർ, എസ് പി സി ജി എച് എസ് എസ് ചായോത്ത്), ശ്രീ രാജീവൻ (ജീവൻ ധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്) തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. പരിപാടിയിൽ ചെയർപേഴ്സൺ ശ്രീനദി ശാന്ത സുചിത്ര പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ചെങ്കള പഞ്ചായത്തിലെ പാണാർകുളം ശുചീകരിച്ചു
ചെങ്കള: പഞ്ചായത്തിലെ പാണാർകുളം ശുചീകരണ പദ്ധതിക്ക് നോയിഡ 'പ്രത്യേക സാമ്പത്തിക മേഖല ഡെവലപ്‌മെൻറ് കമ്മീഷണറും ജൽ ശക്തി അഭിയാൻ ചീഫ് നോഡൽ ഓഫീസറുമായ ബിപിൻ മേനോൻ ഔദ്യോഗികമായി തുടക്കം കുറിച്ചു.
ഈ അവസരത്തിൽ, ചെങ്കള പഞ്ചായത്തിലെ വീടുകളിൽ ബയോബിൻ വിതരണവും ജില്ലാ കലക്ടർ കെ. ഇമ്പശേഖർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ പി ജയൻ സ്വാഗതവും മാലിന്യമുക്ത നവകേരളം എച്ച് കൃഷ്ണ നന്ദിയും പറഞ്ഞു.
ജില്ലയിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളെ ബിപിൻ മേനോൻ അഭിനന്ദിച്ചു. രാജ്യത്തെ ഏറ്റവും മനോഹരമായ കോട്ടകളിൽ ഒന്നായ ബേക്കൽ കോട്ട വൃത്തിയോടെ മനോഹരമായി സംരക്ഷിക്കുന്നത് ജില്ലാ ഭരണകൂടത്തിനു കൂടി അഭിമാനിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് താലൂക്കിൽ അതിരൂക്ഷമായ കുടിവെള്ളക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ ജലാശയങ്ങളുടെ സംരക്ഷണം അനിവാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ചെങ്കള പഞ്ചായത്തിലെ വീടുകളിൽ വിതരണം ചെയ്യുന്ന ബയോബിന്നുകൾ ശരിയായി ഉപയോഗപ്പെടുത്തി മാലിന്യങ്ങളെ ജൈവവളമാക്കി മാറ്റി കൃഷിയിൽ ഉപയോഗിക്കാവുന്നതാണെന്നും മാലിന്യമുക്ത നവകേരളം പദ്ധതിയിൽ എല്ലാവരും സജീവമായി പങ്കെടുക്കണമെന്നും ജില്ലാ കലക്ടർ കെ ഇമ്പശേഖർ പറഞ്ഞു.
'പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍; ഗാന്ധി ജയന്തി ദിനത്തില്‍ കാസര്‍കോട് നഗരസഭാ ഭരണ സമിതിയുടെ നേതൃത്വത്തില്‍
കാസര്‍കോട്: ഗാന്ധി ജയന്തി ദിനത്തില്‍ മാലിന്യമുക്ത നവകേരളം, സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെയും 'പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍' നഗര സൗന്ദര്യ വല്‍ക്കരണ പ്രവൃത്തിയുടെയും ഭാഗമായി കാസര്‍കോട് നഗരസഭാ ഭരണ സമിതിയുടെ നേതൃത്വത്തില്‍ ചന്ദ്രഗിരി റോഡ് ശുചീകരിച്ചു.
ചെയര്‍മാന്‍ അബ്ബാസ് ബീഗം, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, കൗണ്‍സിലര്‍മാരായ അബ്ദുല്‍ റഹ്‌മാന്‍ ചക്കര, സിദ്ദീഖ് ചക്കര, സക്കരിയ്യ, ലളിത, ഷക്കീന മൊയ്തീന്‍, വിമല ശ്രീധര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ് എന്‍. ഡി, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂധനന്‍, എച്ച്. ഐമാര്‍, ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.
#CleanKerala #Kasargod #WasteManagement #Sustainability #Environment #Community #Kerala #India