Missing | കാസർകോട് സ്വദേശിയായ യുവാവിനെ ചൈനയിൽ നിന്നുള്ള കപ്പലിൽ യാത്രയ്ക്കിടെ കാണാതായി പരാതി
● ഫിനാജി മാരിടൈം എന്ന കപ്പലിലെ ജീവനക്കാരനാണ്
● ആറ് മാസം മുമ്പാണ് കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്
രാജപുരം: (KasargodVartha) കാസർകോട് കള്ളാർ സ്വദേശിയായ യുവാവിനെ ചൈനയിൽ നിന്നുള്ള കപ്പലിൽ യാത്രക്കിടെ കാണാതായി പരാതി. അഞ്ചാലയിലെ പറക്കയത്തെ കെഎം ആന്റണി-ബീന ആന്റണി ദമ്പതികളുടെ മകൻ ആൽബർട്ട് ആൻ്റണിയെ (21) യാണ് കാണാനില്ലെന്ന് പരാതി ഉയർന്നിരിക്കുന്നത്. ഫിനാജി മാരിടൈം എന്ന കപ്പലിൽ നിന്നാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ യുവാവിനെ കാണാതായത്.
ഈ കപ്പലിലെ ജീവനക്കാരനാണ് യുവാവ്. ആറ് മാസം മുൻപാണ് കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. ചൈനയിൽ നിന്നും ദക്ഷിണാഫ്രികയിലേക്കുള്ള യാത്രക്കിടെ ശ്രീലങ്കയിൽ നിന്ന് 100 നോടികൽ മൈൽ അകലെ കാണാതായെന്നാണ് ഇതേ കംപനിയുടെ മറ്റൊരു കപ്പൽ ജീവനക്കാരനായ കാസർകോട് സ്വദേശിയെ അധികൃതർ അറിയിച്ചത്.
അവധിയിൽ കാസർകോടുള്ള ഇദ്ദേഹമാണ് വിവരം വീട്ടുകാരെ അറിയിച്ചത്. കഴിഞ്ഞ ദിവസം ആൽബർട്ട് വീട്ടിലേക്ക് വിളിച്ചിരുന്നു. കപ്പലിൽ കയറുന്നതിന് മുൻപ് എടുത്ത തൻ്റെ ഫോടോ യുവാവ് വീട്ടുകാർക്ക് അയച്ചു കൊടുത്തിരുന്നു. മുംബൈയിൽ നിന്ന് കപ്പൽ അധികൃതർ വീട്ടിലെത്തി ബന്ധുക്കളെ കാണുമെന്നും വിവരമുണ്ട്. യുവാവിനായി മറ്റൊരു കപ്പലിൽ പ്രദേശത്ത് കടലിൽ തിരച്ചിൽ നടത്തിവരുന്നതായി കംപനി അധികൃതർ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.
#missingperson #kasargod #india #maritime #findalbert #prayforalbert