Education | 'മംഗ്ളൂറിനെ ആശ്രയിക്കുന്നതിന് ആശ്വാസമാകും', ഉന്നത വിദ്യാഭ്യാസ രംഗത്ത് കാസര്‍കോടിന് പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു
'അടിസ്ഥാന മേഖലയിലെ പ്രശ്‌നങ്ങളെ പരിഹരിക്കാനുതകുന്ന പുതിയ അറിവുകളുടെ സൃഷ്ടാക്കളാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണം'
കാസര്‍കോട്: (KasargodVartha) ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൃഷ്ടിച്ച് നല്‍കുന്നതിനും പ്രത്യേക പാക്കേജ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നവീകരിച്ച ജിയോളജി മ്യൂസിയത്തിന്റെയും റോക്ക് ഗാര്‍ഡന്റെയും ഉദ്ഘാടനവും എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്ന കിയോസ്‌കുകളുടെ താക്കോല്‍ദാനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ വ്യത്യസ്തമായ കോഴ്‌സുകള്‍ ലഭ്യമാക്കി ഉന്നത വിദ്യാഭ്യാസത്തിന് മംഗലാപുരത്തെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. വലിയ സാംസ്‌ക്കാരിക ജൈവ വൈവിധ്യങ്ങളുള്ള കാസര്‍കോട് ജില്ലയില്‍ അതിന് ആനുപാതികമായുള്ള മുന്നേറ്റം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്ന മേഖലയാണ് ഉന്നത് വിദ്യാഭ്യാസം. കഴിഞ്ഞ നാല് വര്‍ഷമായി 6000 കോടി രൂപയാണ് സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിനിയോഗിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാറിന്റെ ഇക്കണോമിക് റിവ്യൂ വില്‍ എടുത്ത് പരാമര്‍ശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാന മേഖലയിലെ പ്രശ്‌നങ്ങളെ പരിഹരിക്കാനുതകുന്ന പുതിയ അറിവുകളുടെ സൃഷ്ടാക്കളാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണം. വിദ്യാര്‍ത്ഥികളിലെ അന്വേഷണാത്മക കഴിവുകള്‍ വികസിപ്പിക്കാന്‍ കഴിയണം. നൈപുണ്യ വികസനത്തിന് കൂടി ഉതകുന്നതരത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വലിയ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഉന്നത വിദ്യാഭ്യാസമേഖലയിലെ മാറ്റത്തിന്റ ഭാഗമായാണ് നാല് വര്‍ഷ ബിരുദ പരിപാടി ആരംഭിച്ചത്. ദീര്‍ഘ കാലത്തെ പാരമ്പര്യവും ചരിത്രവും അവകാശപ്പെടാനുള്ള കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ഉദ്ഘാടനം ചെയ്ത നവീകരിച്ച ജിയോളജി മ്യൂസിയവും റോക്ക് ഗാര്‍ഡനും വിദ്യാര്‍ത്ഥികളിലെ അന്വേഷണ പാടവത്തെ തുറന്ന് കാണിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
രണ്ട് എം.എല്‍.എമാരടക്കം മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സഞ്ജയമുള്ള കോളേജില്‍ കലാലയ സമിതിക രൂപീകരിച്ച മാസ്റ്റര്‍പ്ലാനുകള്‍ ഉണ്ടാക്കി മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനുള്ള ഇടപെടലുകള്‍ കൂടി നടത്തണം. സാമൂഹ്യ സേവന രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന സോഷ്യല്‍ സര്‍വ്വീസ് സ്‌കീം (എന്‍.എസ്.എസ്) മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നല്‍കുന്ന മൈബൈല്‍ കിയോസ്‌കുകളുടെ താക്കോല്‍ദാനം മന്ത്രി നിര്‍വഹിച്ചു. മൈബൈല്‍ കിയോസ്‌കുകള്‍ നല്‍കുന്ന പ്രവര്‍ത്തം ഏറ്റെടുത്ത എന്‍.എസ്.എസ് യൂണിറ്റിനെയും അതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരെയും മന്ത്രി അഭിനന്ദിച്ചു. നവോദയ നഗറിലെ എം. ചന്ദ്രന്‍, പള്ളിക്കരയിലെ പി.കെ രഘു, ബേക്കലിലെ മുഹമ്മദ് ഇജ്ജാസ്, കരിവെള്ളൂരിലെ പി.ഭാസ്‌ക്കരന്‍ എന്നിവര്‍ മന്ത്രിയില്‍ നിന്നും താക്കോലുകള്‍ ഏറ്റുവാങ്ങി. ജില്ലാ ഭരണസംവിധാനവും സാമൂഹികനീതി വകുപ്പും എന്‍ഡോസള്‍ഫാന്‍സെലും സംയുക്തമായി എന്‍ഡോസള്‍ഫാന്‍ ദുരിതബധിതരുടെ ഉപജീവനത്തിനായി നടത്തുന്ന ഐ ലീഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മൊബൈല്‍ കിയോസ്‌ക്കുകള്‍ക്കായുള്ള ഗുണഭോക്താക്കളെ കണ്ടെത്തിയത്.
ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ എം.എല്‍.എ ജിഐഎസ് (Geographical Information System) ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചു. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ മുഖ്യാതിഥിയായി.
ജിയോളജി വകുപ്പ് മേധാവി ഡോ.എ.എന്‍. മനോഹരന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ അസിഫ് ഇക്ബാല്‍ കാക്കശ്ശേരി, സി.കെ,ആശാലത. വി.വി വിഷ്ണു.സാമൂഹിക നീതിവകുപ്പ് ജില്ലാ ഓഫീസര്‍ ആര്യ പി രാജ്, പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.സജിത്ത്, പി.റ്റി.എ വൈസ് പ്രസിഡന്റ് എ.പ്രേംജിത്ത്, ജിയോ അലൂമിനി പ്രസിഡന്റ് പ്രൊഫ.വി.ഗോപിനാഥന്‍, സീനിയര്‍ സൂപ്രണ്ട് എ. രവീന്ദ്രനാഥ റായ് എന്നിവര്‍ പങ്കെടുത്തു. കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്.അനില്‍കുമാര്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. മിനി നന്ദിയും പറഞ്ഞു.