Victory | ഹൈദരാബാദ് കേന്ദ്ര സർവകലാശാല തിരഞ്ഞെടുപ്പിൽ ജനറൽ സെക്രടറിയായി കാസർകോട് സ്വദേശി നിഹാദ് സുലൈമാൻ; തിളക്കമാർന്ന ജയം എസ്എഫ്ഐ സ്ഥാനാർഥിയായി
● എബിവിപി സ്ഥാനാർഥിയെ 207 വോടുകൾക്കാണ് പരാജയപ്പെടുത്തിയത്
● പിജി പൊളിറ്റികൽ സയൻസ് ഒന്നാം വർഷ വിദ്യാർഥിയാണ്
● ഇടതുപക്ഷ വിദ്യാർഥി സഖ്യം തുടർച്ചയായ നാലാം തവണയും വിജയിച്ചു
കാസർകോട്: (KasargodVartha) ഹൈദരാബാദ് കേന്ദ്ര സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ജെനറൽ സെക്രടറിയായി തിരഞ്ഞെടുക്കപ്പെട്ട് കാസർകോട് സ്വദേശി അഭിമാനമായി. ചെമ്മനാട് പരവനടുക്കത്തെ നിഹാദ് സുലൈമാൻ ആണ് എസ്എഫ്ഐ സ്ഥാനാർഥിയായി തിളക്കമാർന്ന ജയം നേടിയത്. സർവകലാശാലയിൽ പിജി പൊളിറ്റികൽ സയൻസ് ഒന്നാം വർഷ വിദ്യാർഥിയാണ് നിഹാദ്.
യൂണിയൻ തിരഞ്ഞെടുപ്പിൽ തുടർച്ചയായ നാലാം തവണയും എസ്എഫ്ഐ നേതൃത്വത്തിലുള്ള ഇടതുപക്ഷ വിദ്യാർഥി സഖ്യം വൻ വിജയമാണ് നേടിയത്. പ്രധാനപ്പെട്ട ആറിൽ അഞ്ച് സീറ്റുകളും എഎസ്എ-ബിഎസ്എഫ്-ഡി എസ് യു -എസ്എഫ്ഐ സഖ്യം നേടി. എബിവിപിയുടെ കെ മാരുതി സായി മുനി യശസ്വിയെ 207 വോടുകൾക്കാണ് പരാജയപ്പെടുത്തിയാണ് നിഹാദ് സുലൈമാൻ വിജയിച്ചത്.
മാനേജ്‌മെൻ്റ് സ്റ്റഡീസിൽ പി എച് ഡി ചെയ്യുന്ന ഉമേഷ് അംബേദ്കർ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ചു. വൈസ് പ്രസിഡന്റായി എഎസ്എയുടെ ആകാശ് കുമാർ, ജോയിന്റ് സെക്രടറിയായി ബിഎസ്‌എഫിൻ്റെ ത്രിവേണി, കൾചറൽ സെക്രടറിയായി എഎസ്എയുടെ കെ വി കൃഷ്ണമൂർത്തി എന്നിവരും ജയിച്ചു. സ്‌പോർട്‌സ് സെക്രടറി സ്ഥാനത്തേക്ക് എൻഎസ്‌യുഐ സ്ഥാനാർഥി മാങ് പൈ വിജയിച്ചു.

ചെമനാട് ജമാഅത് ഹയർസെകൻറഡി സ്‌കൂളിൽ പ്ലസ്‌ടു പുറത്തിയാക്കിയ നിഹാദിന്റെ ബിരുദ പഠനവും ഹൈദരാബാദ് കേന്ദ്രസർവകലാശാലയിലായിരുന്നു. കാംപസിൽ എഴുന്നൂറോളം വിദ്യാർഥികൾ മലയാളികളാണ്. നാല് വർഷക്കാലത്തെ മികച്ച പ്രവർത്തനങ്ങളാണ് നിഹാദിന് വലിയ വിജയം നേടാനായത്. തിരഞ്ഞെടുക്കപ്പെട്ടതിൽ വലിയ സന്തോഷമുണ്ടെന്ന് നിഹാദ് കാസർകോട് വാർത്തയോട് പറഞ്ഞു. വിദ്യാർഥികൾ നിരവധി പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുന്നുണ്ട്. ഇവ പരിഹരിക്കുന്നതിനും കാംപസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമായി പ്രവർത്തിക്കുമെന്ന് നിഹാദ് കൂട്ടിച്ചേർത്തു.
#HyderabadUniversityElections #SFI #Kerala #India #StudentPolitics #NihadSulaiman






